Nov 15, 2010

വിപ്ലവം


സുഹൃത്തേ വരുമോ ?
നമുക്ക് നല്‍കാം
വീണ്ടുമൊരു ജീവന്‍ !
എന്‍റെ  രക്തം
വെളുത്തിരിക്കുന്നു.
നിന്‍റെത് ചുമന്നിരിക്കുന്നു.
വരു, സഖാവേ
നമുക്ക് നമ്മുടേത്
സഖിക്ക് നല്കാം.
വിധിയെ വെല്ലുവിളിക്കുന്നവര്‍ക്ക്,
ദിനങ്ങള്‍ എണ്ണുന്നവര്‍ക്ക്,
വിതുമ്പുന്നവള്‍ക്ക്,
പാതി മരിച്ചവള്‍ക്ക്.

'ശ്വേതക്കുപ്പായം' !
അണിഞ്ഞവര്‍ പലവിധം
കര്‍മ്മങ്ങള്‍ നിരവധി.
വെന്തവര്‍, ഒടിഞ്ഞവര്‍,
മുറിഞ്ഞവര്‍
ശീലശിരസ്സാ മൂടിയവര്‍
അവയ്ക്കു ചുറ്റും
വിലപിയ്ക്കുന്നവര്‍...
കണ്ണീരുറ്റിക്കുന്നവര്‍,
നെടുവീര്‍പ്പിടുന്നവര്‍,
സൂചികള്‍, മരുന്നുകള്‍,
മരുന്നുകുപ്പികള്‍...

ഇതാകുന്നു അവളുടെ
അങ്കത്തട്ട്..
യുദ്ധം !, അവളും
സമൂഹവുമായല്ല.
ശത്രുവുമായല്ല,
മിത്രവുമായല്ല...
എണ്ണപ്പെട്ട ദിനങ്ങള്‍
അവയാകുന്ന കടിഞ്ഞാണ്‍
എന്‍റെ രക്തം,
നിന്‍റെത്, അവന്‍റെത്...
അങ്ങിനെ ആരുടെയൊക്കയോ...

തറച്ചുകയറ്റിയ സൂചി
ഞരമ്പൂറ്റി, കവര്‍ ദാഹമടക്കുന്നു.
അവള്‍ക്ക് വേണ്ടി...
എന്‍റെ രക്തം തിളച്ചുവൊ ?
മനം തുടിച്ചുവോ ?
കറുത്ത വിധിക്കെതിരെ
നമ്മുടെ വിപ്ലവം....



(08-08-1997)

0 comments:

Post a Comment