May 19, 2011

നിങ്ങളും ഞാനും




നിങ്ങളും ഞാനും


ജനിച്ചപ്പോള്‍
ഞാനാരുമല്ലായിരുന്നു
പിന്നീട്, എന്നെ;
പറിച്ചുനട്ടു.

മുളപൊട്ടിയത്
സുഗന്ധം പരത്തിയത്
തേന്‍ ചുരത്തിയത്‌
എന്നിലായിരുന്നു.

എന്നിലെ ആദ്യബീജം
തൃണമായിരുന്നില്ല;
ചെടിയായിരുന്നില്ല;
വൃക്ഷമായിരുന്നില്ല;
വന്‍മരങ്ങളായിരുന്നു.

ചെടികള്‍,
കുറ്റിച്ചെടികള്‍,
മരങ്ങള്‍,
വന്‍മരങ്ങള്‍, അവ
എന്നില്‍ വേരുകളിറക്കി...

ചെടികള്‍ ചൊല്ലി
എന്നെയാണ് പ്രിയം!
കുറ്റിച്ചെടികള്‍ വിതുമ്പി
എന്നെയാണ് ഇഷ്ടം
മരങ്ങള്‍ ആര്‍ത്തു
എന്നെയാണ് പ്രണയം
വന്‍മരങ്ങള്‍ ചിരിച്ചു
എന്നിലാണ് ആഴം!

(19.05.2011)



May 4, 2011

മൂന്നു കുന്തങ്ങള്‍


ചതുരം

സമചതുരത്തില്‍
അതിരുകള്‍ തുല്ല്യം
ഉയരങ്ങള്‍ തുല്ല്യം
അകലങ്ങള്‍ തുല്ല്യം
ഞാനും നീയും
എതിര്‍കോണുകള്‍
ത്രികോണങ്ങള്‍...




കരള്‍


കരളിലേക്കുള്ള
വാതായനം
ഹൃദയത്തിലൂടെയെന്ന്
വിശ്വസിച്ചവന്‍
ഞാന്‍!
ഹൃദയം
അടച്ചിടാനുള്ള
കതകാണെന്ന്
നീ പ്രവചിച്ചപ്പോള്‍ 
കരളേ...
നീ ഒറ്റപ്പെടുന്നു...






ഓണം

തുമ്പയെ സ്‌നേഹിച്ച്
മുക്കുറ്റിയെ സ്വപ്‌നംകണ്ട്,
നാലുമണിപ്പൂവിനെ
പ്രണയിച്ച്,
ഞാന്‍ വട്ടി നീട്ടിയപ്പോള്‍
എനിക്ക് വേണ്ടി
ഒരു കാക്കപ്പൂവുപോലു
പുഷ്പിച്ചില്ല.
ശൂന്യമാണെന്റെ മുറ്റം
ഇപ്പോഴും....


ഓണം വരും...
ഇനിയും....
പൂക്കളില്ലാത്ത...
ഞാനില്ലാത്ത...
എന്റെ മനസ്സില്ലാത്ത...
കളങ്ങള്‍ തീര്‍ക്കാന്‍.....


(03.05.2011)

May 1, 2011

വാചാലം



വാചാലം

എന്റെ കണ്ണുകളില്‍
ഇളം മഞ്ഞകലര്‍ന്നതും
രാത്രിയില്‍
ശോഭിക്കുന്നതും
നിന്നെ-
കാണാന്‍മാത്രമാണ്...
വിശപ്പ്,
ജീവിതത്തോട്...
ഇരുളില്‍,
തേടിയത് 
ചട്ടിയിലെ 'ചാള'യല്ല;
വളര്‍ത്താനാഗ്രഹിക്കുന്ന
വലീയ കണ്ണുകളുള്ള
ഗോള്‍ഡ്ഫിഷിനെയാണ്...

(01.5.2011)