Feb 16, 2013

ചൂണ്ടക്കാര്‍...


ഇത് കോഴിക്കോട് നഗരത്തിലേക്കുള്ള പ്രധാന ബൈപ്പാസ്. രാമനാട്ടുകരയില്‍ നിന്നും കണ്ണൂര്‍ റോഡിലേക്ക് വരെ നീണ്ടുകിടക്കുന്ന ഏതാണ്ട് വളവുതിരിവുകളില്ലാത്ത നീണ്ടപാത. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമുണ്ട്. അറപ്പുഴപ്പാലം. കോഴിക്കോട്ടെ അറിയപ്പെടുന്ന സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നായ 'കടവ്' റിസോര്‍ട്ട് ഈ പുഴയുടെ കരയിലാണ്. 


പ്രകൃതിരമണീയമായ ഈ പാലത്തിന്റെ ആരംഭത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ടോള്‍ ജംഗ്ഷനുമുണ്ട്. അപ്പോള്‍ പലര്‍ക്കും വളരെപ്പെട്ടന്ന് ഈ സ്ഥലം ഓര്‍ത്തിരിക്കാന്‍ സാധിക്കും.


ഈ അറപ്പുഴ, പന്തീരാങ്കാവ്, മണക്കടവ് എന്നിവയാണ് ഈ പുഴയോട് ചേര്‍ന്നുകിടക്കുന്ന പ്രധാന സ്ഥലങ്ങള്‍. മുന്‍പ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും അറിയാതെ ഈ അറപ്പുഴയില്‍ വരുമായിരുന്നു. തോണി കയറാന്‍. പിന്നീട് ചൂണ്ടയിടലായി പ്രധാന വിനോദം.


 അന്ന് മണിക്കൂറുകള്‍ നിന്നാലും വല്ല പരലും കൊത്തിയാലായി. പക്ഷേ, ഈ അറപ്പുഴയ്ക്ക് കുറുകെ സര്‍ക്കാര്‍വക പാലം വന്നതോടെ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് (പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവര്‍) പാലം പണി നടക്കുമ്പോഴേ അതിന്റെ കുറ്റിയില്‍ കയറിനിന്ന് ചൂണ്ടയിടുക എന്നത് പ്രധാന ഹോബിയായി. 

എന്നാല്‍ ഇടക്കാലത്ത് മൊബൈലും, ഇന്റര്‍നെറ്റും ശക്തമായതോടെ ഇത്തരക്കാര്‍ കുറഞ്ഞു. പിന്നെ ഉപജീവനത്തിനു വേണ്ടി കുറച്ചുപേര്‍ പുഴമത്സ്യം പിടിക്കുമെന്ന് മാത്രം. പക്ഷേ, ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലത്തിന്റെ ഇരു കരകളിലും വൈകുന്നേരം ബഹുരസമാണ്. 


നമുക്ക് ആ പാലത്തില്‍ നിരനിരയായി നിന്ന് ചൂണ്ടയിടുന്ന അബാലവൃദ്ധം ജനങ്ങളെ കാണാം. ഞായറാഴ്ചകളില്‍ ചിലപ്പോള്‍ ചെന്നാല്‍ നമുക്ക് നടക്കാന്‍ കൂടി സ്ഥലമുണ്ടാവില്ല. അത്രയും ആളുകള്‍ ചേര്‍ന്ന് ഒരുമിച്ച് ഇതുപോലെ ചൂണ്ടയിടുന്ന മറ്റൊരു സ്ഥലം (ഞാന്‍) കണ്ടിട്ടില്ല. 


കാലം പോയഒരു പോക്കേ. ഇപ്പോള്‍ ജീന്‍സിന്റെ പോക്കറ്റില്‍ മൊബൈലും, പുറത്ത് ലാപ്‌ടോപ്പും വച്ച്, ചെവിയില്‍ കടുക്കനുമിട്ട് വൈകുന്നേരം പാലത്തിന്റെ ഒരു കരയില്‍ ബൈക്ക് നിര്‍ത്തി, ജോലിക്കു പോവുന്ന തീവ്രതയോടെ വന്ന് ചൂണ്ടയിടുന്ന കാഴ്ച! ഞാനന്തം വിട്ടുപോയി. 


ഒരു സമൂഹത്തിലെ പലവിധ പ്രായക്കാരെയും നിങ്ങള്‍ക്കിവിടെ കാണാം. ഇനി എന്നാണാവോ സ്ത്രീജനം വന്നിരച്ചു കയറി ചൂണ്ടയിടുന്നത് എന്നാര്‍ക്കറിയാം. അപ്പോള്‍ അവിടെ പിന്നീട് വരുന്നവര്‍ ചൂണ്ടയിടുന്നത് മീനിനു വേണ്ടിയാവില്ലാന്നു മാത്രം.

Feb 13, 2013

നത്തോലി ഒരു ചെറിയ മീനല്ല




പൊതുവെ ധാരാളം സിനിമകള്‍ കാണാറുണ്ടെങ്കിലും ഈ ബ്ലോഗില്‍ സിനിമയെക്കുറിച്ച് എഴുതാറില്ല. പക്ഷേ, ഈ സിനിമയെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചു. കാരണം ചിത്രത്തിന്റെ ഇതിവൃത്തം തന്നെയാണ്. മലയാള സിനിമയില്‍ ഡോ.ബിജു പറഞ്ഞതുപോലെ 'സോഫ്ട് പോണ്‍' രീതി അവലംബിച്ച് പ്രേക്ഷകരുടെ കൈയ്യടി വാങ്ങി, അതാണ് ന്യൂ ജനറേഷന്‍ സിനിമ എന്ന് വാശിപിടിക്കുന്നവര്‍ക്ക് 'ചെപ്പക്കുറ്റിക്ക് അടിച്ചത്' പോലെയാണ് 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന ചിത്രം.
ആദ്യം സിനിമ കാണൂ..എന്നിട്ട് ഈ റിവ്യൂ വായിക്കൂ...



നത്തോലി ഒരു ചെറിയ മീനല്ല, മറിച്ച് ഒരു വലീയതാണ് എന്നാണ് ശങ്കര്‍ രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ കണ്ടെത്ത്ല്‍ അത് വാസ്തവമാണ്. സാധാരണ മനുഷ്യരില്‍ നിന്നും വളരെ ഉയര്‍ന്ന തലത്തിലാണ് നത്തോലി ഒരു മീനല്ല എന്ന ചിത്രം നിലനില്‍ക്കുന്നത്. സാധാരണ മനുഷ്യന്റെ മാനസിക വളര്‍ച്ചയില്‍ നിന്നും ഉയര്‍ന്ന ചിന്തയിലൂടെയാണ് കഥാപാത്രമായ പ്രേമന്റെ വളര്‍ച്ച. നത്തോലി എന്ന് വിളിപ്പേരിലറിയപ്പെടുന്ന ഒരു ഫഌറ്റിലെ കെയര്‍ ടെയ്ക്കറിലെ എഴുത്തുകാരനാണ് ചിത്രത്തിലെ നായകന്‍. അല്ലാതെ പ്രേമനല്ല.


ഫഹദ് ഫാസില്‍ എന്ന കഴിവുറ്റ നടന്‍ വളരെ ഭംഗിയായി ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ വളര്‍ച്ചയെ സഹായിച്ചിരിക്കുന്നു. ചിത്രത്തിലെ പശ്ചാത്തലത്തിനൊ, കഥാസാരത്തിനോ എടുത്തുപറയത്തക്ക 'യൂനീക്' നസ് അവകാശപ്പെടാനൊന്നുമില്ല, എങ്കിലും, ചിത്രത്തിന്റെ ഘടനയും നിലനില്‍പ്പും ചിത്രത്തിന്റെ തിരക്കഥയ്ക്കു തന്നെയാണ്.


ഒരു സാധാരണക്കാരന്റെ ചിന്താസരണിയില്‍ വിരിയുന്ന സാഹിത്യം, അതിലെ കഥാപാത്രങ്ങളിലൂടെ പ്രേമന്‍ എന്ന സാധാരണക്കാരനാണ് വളരുന്നത്. ഒരുപക്ഷേ, പ്രേമനിലെ സാഹിത്യകാരന്‍ തന്റെ കഥാപാത്രങ്ങളോട് തന്റെ മക്കളെപ്പോലെ സ്‌നേഹിക്കുകയും അതിനോട് സല്ലപിക്കുകയും അതിനെ വേണ്ടപ്പോള്‍ ശാസിക്കുകയും നേര്‍വഴിക്കു നടത്തുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ആനന്ദിന്റെ 'ഗോവര്‍ദ്ധന്റെ യാത്രകള്‍' ഓര്‍ത്തു പോയി. പ്രസ്തുത കഥയുമായി നത്തോലിക്ക് ഒരു സാമ്യവുമില്ല. പക്ഷേ, കഥയുടെ നിലവാരം അതോടൊപ്പം നില്‍ക്കുന്നു എന്നതില്‍ എഴുത്തുകാരനായ ശങ്കര്‍ രാമകൃഷ്ണന് അഭിമാനിക്കാം. ഏതൊരാളും ഒരു സാധാരണ ചിത്രം കാണുന്ന ലാഘവത്തോടെ ചിത്രത്തെ കാണാതെ, ഗൗരവത്തോടെ വീക്ഷിച്ചാല്‍ ചിത്രത്തിന്റെ മനോഹാരിതയും ആഴവും പരപ്പും ഉള്‍ക്കൊള്ളാനാവുമെന്നാണ് വിശ്വാസം. എന്തായാലും 'നിക്കിഷ്ടായി..'
മലയാള സിനിമാ തിരക്കഥയുടെ യഥാര്‍ത്ഥമായ ഒഴുക്ക് ഇവിടെ ചിലപ്പോള്‍ തുടങ്ങിയേക്കും...