Oct 24, 2017

ശശിസാറോടൊപ്പം...

                     

  ഐ.വി.ശശി. മലയാള സിനിമകണ്ട പ്രത്ഭരില്‍ ഒരാള്‍. എണ്ണമറ്റ സിനിമകള്‍...ചിത്രങ്ങള്‍, തികഞ്ഞ കലാകാരന്‍. ശശിസാറിനെപ്പറ്റി എനിക്ക് വളരെ നല്ലൊരു ഓര്‍മ്മയുണ്ട്. പലപ്പോഴും അദ്ദേഹത്തെ ചെന്നുകാണണമെന്ന് പലതവണ ഓര്‍ത്തിരുന്നു. അക്കാര്യം ഞാന്‍ എന്റെ പ്രൊഡ്യൂസറായ ഷിബുസാറിനോടും ഒരിക്കല്‍ സൂചിപ്പിച്ചിരുന്നതുമായിരുന്നു.

                   ഏതാണ്ട് 2001 ല്‍ ഞാന്‍ മാതൃഭൂമിയില്‍ കമ്പ്യൂട്ടര്‍ സെക്ഷനില്‍ ജോലിക്ക് പ്രേവിശിച്ച കാലം. നാടകത്തില്‍ നിന്നും സിനിമജ്ജ്വരം തലയ്ക്ക് പിടിച്ച കാലം. കൈമുതലായി വെറും കുറച്ചു കുഞ്ഞു ലോക്കല്‍ പരസ്യങ്ങള്‍ ചെയ്തതിന്റെ അറിവും, പിന്നെ കുറെ കഥകള്‍ എഴുതി പ്രസിദ്ധീകരിച്ചതിന്റെ അഹങ്കാരവും മാത്രം ബാക്കി. നാടകം എഴുതി സംവിധാനം ചെയ്യാറുണ്ട് എന്ന ഒരു തട്ടകത്തിന്‍മേലെ കയറിയാണ് ഞാന്‍ സിനിമയിലേക്കുള്ള എന്റെ സ്വപ്‌നത്തിന്റെ പാലം നിര്‍മ്മിച്ചത്.

                     അങ്ങനെ സമകാലീന മാധ്യമങ്ങളിലൊക്കെ ചെറുകഥകള്‍, ഫീച്ചറുകള്‍ സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന കാലത്ത് ഞാന്‍ രണ്ട്മൂന്ന് സ്‌ക്രിപ്റ്റുകള്‍ എഴുതിവച്ചിരുന്നു. അന്ന് എനിക്ക് ഉദ്ദേശം 21 വയസ്സുമാത്രമെ കാണുകയുള്ളൂ. ഒരിക്കല്‍ ഒരു സുഹൃത്ത് വഴി പാലക്കാടുള്ള സഫീല്‍ എന്ന ഒരു പ്രൊഡ്യൂസറെ പരിചയപ്പെടാന്‍ പറ്റി. ഫോണില്‍ കൂടെ മാത്രമുണ്ടായ സൗഹൃദം. ഒരിക്കല്‍ അദ്ദേഹത്തോടെ എന്റെ സിനിമ കമ്പത്തെപ്പറ്റി ഞാന്‍ വാചാലനായി. അദ്ദേഹം നല്ല കഥയുണ്ടോ, അതും യൂത്ത് ഓറിയന്റായിട്ടുള്ളത് എന്ന് ചോദ്യത്തിന് എന്റെ ഏറ്റവും ആദ്യം എഴുതി വച്ച സ്‌ക്രിപ്റ്റ് '' ഐ '' പറയാമെന്ന് പറഞ്ഞു. എന്റെ സിനിമയുടെ പേരും അദ്ദേഹത്തിനെ വല്ലാതെ അകര്‍ഷിച്ചു.

                   അദ്ദേഹം വിളിച്ചതു പ്രകാരം ഞാന്‍ പാലക്കാടേക്ക് വണ്ടികയറി. പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍ സഫീല്‍ ഭായ് വന്ന് എന്നെ കൂട്ടി. ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചിരുന്നു. സംസാരത്തിനിടെ അദ്ദേഹത്തിന് എന്നെ നന്നേ ബോധിച്ചു. എന്റെ സബ്ജക്ടും. പക്ഷേ, മുഴുവന്‍ സ്‌ക്രിപ്റ്റ് വായിച്ച് ശീലമില്ലെന്നും, അതിനെ ഗുണങ്ങളെ വിലയിരുത്താന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം എന്റെ മുന്നില്‍ നിന്നും ഒരു ഫോണ്‍ ചെയ്തു. ആരോടോ സംസാരിച്ചു. ആരാണെന്നോ, എന്താണെന്നോ എനിക്കറിയില്ല. പക്ഷേ, നമുക്ക് ഈ പ്രൊജക്ട് ചെയ്യാം എന്നുമാത്രം അദ്ദേഹം എന്നോട് പറഞ്ഞു. എന്റെ സ്വപ്‌നങ്ങള്‍ക്ക് ഒരായിരം ചിറക് മുളച്ചു. സഫീല്‍ഭായ് ഒരു ദൈവത്തെപ്പോലെ എന്റെ മുന്‍പില്‍ നില്‍ക്കുന്നതായി എനിക്ക് തോന്നി. എന്നെയും വണ്ടിയില്‍ കയറ്റി അദ്ദേഹം പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റിന് അടുത്തുള്ള എ.ടി.എസ് റസിഡന്‍സിയിലേക്ക് ചെന്നു. എന്തിനാണ് അവിടെ പോകുന്നതെന്നോ, എന്തിനാണ് പോകുന്നതെന്നോ എനിക്കറിയില്ലായിരുന്നു. റിസപ്ഷനില്‍ എന്നെ ഇരുത്തി അദ്ദേഹം എങ്ങോട്ടോ പോയി. ഒരു രണ്ടുമിനുട്ട് കഴിഞ്ഞ് വന്ന് എന്നെയും കൂട്ടി ഒരു സൂട്ട്‌റൂമിലേക്ക് കയറി.

                            മുറിയില്‍ ഒരു വെള്ളതൊപ്പിയിട്ട് ടിവിയില്‍ ഇന്ത്യയുടെ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുന്ന, പുറം തിരിഞ്ഞിരിക്കുന്ന ഒരു ഇരുനിറത്തിലുള്ള മനുഷ്യന്‍. അദ്ദേഹം ടിവിയില്‍ നിന്ന് കണ്ണെടുക്കാതെ സഫീല്‍ ഭായിനോട് സംസാരിച്ചു. എനിക്കപ്പോഴും ആരാന്ന് മനസ്സിലായില്ല. രണ്ട്മൂന്ന് മിനുട്ട് കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ്  നേരെ എന്റെടുത്തേക്ക് നടന്നു വന്നു. ആ മുഖം എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. സാക്ഷാല്‍ ഐ.വി.ശശി. സ്വപ്‌നത്തില്‍പ്പോലും ഞാന്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം നേരെ വന്നു സുസ്‌മേര വദനനായി എനിക്ക് ഷെയ്ക്ക് ഹാന്റ് നല്‍കി. എന്നെ പരിചയപ്പെട്ടു. ഞാന്‍ പെട്ടെന്ന് തലയ്ക്ക് ഒരടികിട്ടിയതുപോലെ ആയി...അവളുടെ രാവുകളും, ഉത്സവും, എന്റെ മനസ്സില്‍ കത്തിക്കയറി. മണിക്കൂറുകള്‍ എടുത്ത് അദ്ദേഹം ഒറ്റയിരിപ്പിന് എന്റെ തിരക്കഥ '' ഐ '' വായിച്ചു തീര്‍ത്തു. എന്നോട് ഒരുപാട് സംസാരിച്ചു. ''നിങ്ങള്‍ മികച്ച ഒരു സിനിമാക്കാരനാവും. മോന്റെ ശക്തമായ എഴുത്ത് എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തി'' എന്ന് അദ്ദേഹം തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചു പറഞ്ഞു. എന്റെ സിനിമാ സംരംഭത്തില്‍ ഏറ്റവും ആദ്യ അനുഭവമായിരുന്നു അത്. ഒരായിരം അവാര്‍ഡുകള്‍ ലഭിച്ചതിന് തുല്ല്യമായിരുന്നു ആ വാക്കുകള്‍. അദ്ദേഹമാണ് എന്റെ തിരക്കഥ ആദ്യമായി വായിച്ചത്. അദ്ദേഹമായിരുന്നു എനിക്കേറെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തന്നതും.

അതിന് ശേഷം അദ്ദേഹം ആ തിരക്കഥയുമായി ടി. ദാമോദരന്‍ മാസ്റ്ററെ ചെന്നു കാണാന്‍ പറഞ്ഞു. അദ്ദേഹം അതില്‍ കുറച്ചു തിരുത്തലുകള്‍ വരുത്തിക്കഴിഞ്ഞാല്‍ ആ സിനിമ നമുക്ക് ചെയ്യാമെന്ന് ശശിസാര്‍ പ്രൊഡ്യൂസറോട് പറഞ്ഞു. പക്ഷേ...ഭാഗ്യം എന്നെ തുണച്ചില്ല. ആ പ്രൊജക്ട് നടന്നില്ല. തുടങ്ങി എന്നുകരുതിയ ആ പ്രൊജക്ട് നിലച്ചുപോയി. അന്ന് ഞാന്‍ എഴുതിയ കഥയുമായി സാമ്യമുള്ളതായിരുന്നു പിന്നീട് തമിഴില്‍ പുറത്തിറങ്ങിയ 'തുള്ളുവതോ ഇളമൈ' ആരും കട്ടതും പറഞ്ഞതുമൊന്നുമല്ല. എന്തോ എന്റെ കഥയുമായി സാമ്യം വന്നുപോയതാണ്.. പക്ഷേ....മനസ്സില്‍ ഐ.വി.ശശിസാറിനെ കാണാനും ദാമോദരന്‍ മാസ്റ്ററുമായി എന്റെ തിരക്കഥ അദ്ദേഹം ഡിസ്‌കസ് ചെയ്യാനുമുള്ള സാഹചര്യം അന്നുണ്ടായി. പ്രൊജക്ട് നടന്നാലും ഇല്ലെങ്കിലും അവരുടെ കൊച്ചുമകനാകാന്‍ മാത്രം പ്രായമുള്ള എന്റെ കഥകളിലൂടെ ആ മഹത്‌വ്യക്തികളുടെ മനസ്സു സഞ്ചരിച്ച നിമിഷം മുതല്‍ ഞാന്‍ ധന്യനായി....നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് എന്റെ ആദ്യ സിനിമ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഇതിനിടെ ഒരിക്കല്‍ എന്റെ പ്രൊഡ്യൂസര്‍ സാറായ ഷിബു.ജി.സുശീലന്‍ സാറുമായി ഐ.വി.ശശിസാറിന്റെ കാര്യം സംസാരിച്ചു. അന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. '' നമ്മുടെ സിനിമ പൂര്‍ത്തിയായിട്ട് നമുക്ക് അദ്ദേഹത്തിനെ ചെന്നൈ ചെന്ന് ഒന്നു കാണണം'' ഷിബുസാര്‍ ആയിക്കോട്ടെ എന്നും പറഞ്ഞു. സിനിമി പൂര്‍ത്തിയാവാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ...അദ്ദേഹം നമ്മളെയെല്ലാം തനിച്ചാക്കി അന്തമായ യാത്ര തുടര്‍ന്നു...എല്ലാവരുടെയും മനസ്സിന്റെ അഗാധ തലങ്ങളിലേക്ക്....

                              ചിലപ്പോള്‍ ശശിസാര്‍ പോലും എന്നെ മറന്നു കാണും....പക്ഷേ...എന്റെ തിരക്കഥയുടെ വേരുകളില്‍ മനസ്സുവച്ച് അനുഗ്രഹിച്ചു....അതുമതി എനിക്ക് ഒരായുഷ്‌കാലം.....

അദ്ദേഹത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.....വേദനയോടെ....


May 17, 2015

എന്റെ കുറച്ചു ഫോട്ടോകള്‍.....ആരും ഡൗണ്‍ ലോഡ് ചെയ്ത് ദുരുപയോഗം ചെയ്യരുതേ.....(പെണ്‍കുട്ടികള്‍ മൊബൈല്‍, സിസ്റ്റം എന്നിവയില്‍ സൂക്ഷിക്കുന്നതിലും ഇടയ്ക്കിടെ എടുത്തു നോക്കുന്നതിലും വിരോധമില്ല)


Feb 16, 2013

ചൂണ്ടക്കാര്‍...


ഇത് കോഴിക്കോട് നഗരത്തിലേക്കുള്ള പ്രധാന ബൈപ്പാസ്. രാമനാട്ടുകരയില്‍ നിന്നും കണ്ണൂര്‍ റോഡിലേക്ക് വരെ നീണ്ടുകിടക്കുന്ന ഏതാണ്ട് വളവുതിരിവുകളില്ലാത്ത നീണ്ടപാത. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമുണ്ട്. അറപ്പുഴപ്പാലം. കോഴിക്കോട്ടെ അറിയപ്പെടുന്ന സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നായ 'കടവ്' റിസോര്‍ട്ട് ഈ പുഴയുടെ കരയിലാണ്. 


പ്രകൃതിരമണീയമായ ഈ പാലത്തിന്റെ ആരംഭത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ടോള്‍ ജംഗ്ഷനുമുണ്ട്. അപ്പോള്‍ പലര്‍ക്കും വളരെപ്പെട്ടന്ന് ഈ സ്ഥലം ഓര്‍ത്തിരിക്കാന്‍ സാധിക്കും.


ഈ അറപ്പുഴ, പന്തീരാങ്കാവ്, മണക്കടവ് എന്നിവയാണ് ഈ പുഴയോട് ചേര്‍ന്നുകിടക്കുന്ന പ്രധാന സ്ഥലങ്ങള്‍. മുന്‍പ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും അറിയാതെ ഈ അറപ്പുഴയില്‍ വരുമായിരുന്നു. തോണി കയറാന്‍. പിന്നീട് ചൂണ്ടയിടലായി പ്രധാന വിനോദം.


 അന്ന് മണിക്കൂറുകള്‍ നിന്നാലും വല്ല പരലും കൊത്തിയാലായി. പക്ഷേ, ഈ അറപ്പുഴയ്ക്ക് കുറുകെ സര്‍ക്കാര്‍വക പാലം വന്നതോടെ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് (പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവര്‍) പാലം പണി നടക്കുമ്പോഴേ അതിന്റെ കുറ്റിയില്‍ കയറിനിന്ന് ചൂണ്ടയിടുക എന്നത് പ്രധാന ഹോബിയായി. 

എന്നാല്‍ ഇടക്കാലത്ത് മൊബൈലും, ഇന്റര്‍നെറ്റും ശക്തമായതോടെ ഇത്തരക്കാര്‍ കുറഞ്ഞു. പിന്നെ ഉപജീവനത്തിനു വേണ്ടി കുറച്ചുപേര്‍ പുഴമത്സ്യം പിടിക്കുമെന്ന് മാത്രം. പക്ഷേ, ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലത്തിന്റെ ഇരു കരകളിലും വൈകുന്നേരം ബഹുരസമാണ്. 


നമുക്ക് ആ പാലത്തില്‍ നിരനിരയായി നിന്ന് ചൂണ്ടയിടുന്ന അബാലവൃദ്ധം ജനങ്ങളെ കാണാം. ഞായറാഴ്ചകളില്‍ ചിലപ്പോള്‍ ചെന്നാല്‍ നമുക്ക് നടക്കാന്‍ കൂടി സ്ഥലമുണ്ടാവില്ല. അത്രയും ആളുകള്‍ ചേര്‍ന്ന് ഒരുമിച്ച് ഇതുപോലെ ചൂണ്ടയിടുന്ന മറ്റൊരു സ്ഥലം (ഞാന്‍) കണ്ടിട്ടില്ല. 


കാലം പോയഒരു പോക്കേ. ഇപ്പോള്‍ ജീന്‍സിന്റെ പോക്കറ്റില്‍ മൊബൈലും, പുറത്ത് ലാപ്‌ടോപ്പും വച്ച്, ചെവിയില്‍ കടുക്കനുമിട്ട് വൈകുന്നേരം പാലത്തിന്റെ ഒരു കരയില്‍ ബൈക്ക് നിര്‍ത്തി, ജോലിക്കു പോവുന്ന തീവ്രതയോടെ വന്ന് ചൂണ്ടയിടുന്ന കാഴ്ച! ഞാനന്തം വിട്ടുപോയി. 


ഒരു സമൂഹത്തിലെ പലവിധ പ്രായക്കാരെയും നിങ്ങള്‍ക്കിവിടെ കാണാം. ഇനി എന്നാണാവോ സ്ത്രീജനം വന്നിരച്ചു കയറി ചൂണ്ടയിടുന്നത് എന്നാര്‍ക്കറിയാം. അപ്പോള്‍ അവിടെ പിന്നീട് വരുന്നവര്‍ ചൂണ്ടയിടുന്നത് മീനിനു വേണ്ടിയാവില്ലാന്നു മാത്രം.

Feb 13, 2013

നത്തോലി ഒരു ചെറിയ മീനല്ല
പൊതുവെ ധാരാളം സിനിമകള്‍ കാണാറുണ്ടെങ്കിലും ഈ ബ്ലോഗില്‍ സിനിമയെക്കുറിച്ച് എഴുതാറില്ല. പക്ഷേ, ഈ സിനിമയെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചു. കാരണം ചിത്രത്തിന്റെ ഇതിവൃത്തം തന്നെയാണ്. മലയാള സിനിമയില്‍ ഡോ.ബിജു പറഞ്ഞതുപോലെ 'സോഫ്ട് പോണ്‍' രീതി അവലംബിച്ച് പ്രേക്ഷകരുടെ കൈയ്യടി വാങ്ങി, അതാണ് ന്യൂ ജനറേഷന്‍ സിനിമ എന്ന് വാശിപിടിക്കുന്നവര്‍ക്ക് 'ചെപ്പക്കുറ്റിക്ക് അടിച്ചത്' പോലെയാണ് 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന ചിത്രം.
ആദ്യം സിനിമ കാണൂ..എന്നിട്ട് ഈ റിവ്യൂ വായിക്കൂ...നത്തോലി ഒരു ചെറിയ മീനല്ല, മറിച്ച് ഒരു വലീയതാണ് എന്നാണ് ശങ്കര്‍ രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ കണ്ടെത്ത്ല്‍ അത് വാസ്തവമാണ്. സാധാരണ മനുഷ്യരില്‍ നിന്നും വളരെ ഉയര്‍ന്ന തലത്തിലാണ് നത്തോലി ഒരു മീനല്ല എന്ന ചിത്രം നിലനില്‍ക്കുന്നത്. സാധാരണ മനുഷ്യന്റെ മാനസിക വളര്‍ച്ചയില്‍ നിന്നും ഉയര്‍ന്ന ചിന്തയിലൂടെയാണ് കഥാപാത്രമായ പ്രേമന്റെ വളര്‍ച്ച. നത്തോലി എന്ന് വിളിപ്പേരിലറിയപ്പെടുന്ന ഒരു ഫഌറ്റിലെ കെയര്‍ ടെയ്ക്കറിലെ എഴുത്തുകാരനാണ് ചിത്രത്തിലെ നായകന്‍. അല്ലാതെ പ്രേമനല്ല.


ഫഹദ് ഫാസില്‍ എന്ന കഴിവുറ്റ നടന്‍ വളരെ ഭംഗിയായി ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ വളര്‍ച്ചയെ സഹായിച്ചിരിക്കുന്നു. ചിത്രത്തിലെ പശ്ചാത്തലത്തിനൊ, കഥാസാരത്തിനോ എടുത്തുപറയത്തക്ക 'യൂനീക്' നസ് അവകാശപ്പെടാനൊന്നുമില്ല, എങ്കിലും, ചിത്രത്തിന്റെ ഘടനയും നിലനില്‍പ്പും ചിത്രത്തിന്റെ തിരക്കഥയ്ക്കു തന്നെയാണ്.


ഒരു സാധാരണക്കാരന്റെ ചിന്താസരണിയില്‍ വിരിയുന്ന സാഹിത്യം, അതിലെ കഥാപാത്രങ്ങളിലൂടെ പ്രേമന്‍ എന്ന സാധാരണക്കാരനാണ് വളരുന്നത്. ഒരുപക്ഷേ, പ്രേമനിലെ സാഹിത്യകാരന്‍ തന്റെ കഥാപാത്രങ്ങളോട് തന്റെ മക്കളെപ്പോലെ സ്‌നേഹിക്കുകയും അതിനോട് സല്ലപിക്കുകയും അതിനെ വേണ്ടപ്പോള്‍ ശാസിക്കുകയും നേര്‍വഴിക്കു നടത്തുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ആനന്ദിന്റെ 'ഗോവര്‍ദ്ധന്റെ യാത്രകള്‍' ഓര്‍ത്തു പോയി. പ്രസ്തുത കഥയുമായി നത്തോലിക്ക് ഒരു സാമ്യവുമില്ല. പക്ഷേ, കഥയുടെ നിലവാരം അതോടൊപ്പം നില്‍ക്കുന്നു എന്നതില്‍ എഴുത്തുകാരനായ ശങ്കര്‍ രാമകൃഷ്ണന് അഭിമാനിക്കാം. ഏതൊരാളും ഒരു സാധാരണ ചിത്രം കാണുന്ന ലാഘവത്തോടെ ചിത്രത്തെ കാണാതെ, ഗൗരവത്തോടെ വീക്ഷിച്ചാല്‍ ചിത്രത്തിന്റെ മനോഹാരിതയും ആഴവും പരപ്പും ഉള്‍ക്കൊള്ളാനാവുമെന്നാണ് വിശ്വാസം. എന്തായാലും 'നിക്കിഷ്ടായി..'
മലയാള സിനിമാ തിരക്കഥയുടെ യഥാര്‍ത്ഥമായ ഒഴുക്ക് ഇവിടെ ചിലപ്പോള്‍ തുടങ്ങിയേക്കും...

Jan 18, 2013


കുറച്ചു വിദേശ 'ക്ഷേത്ര'ങ്ങള്‍ 5

ശ്രീ. ശിവ വിഷ്ണു അമ്പലം-വാഷിങ്ടണ്‍

അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും ഏതാണ്ട് 12 മൈലുകള്‍ക്കപ്പുറമാണ് അമേരിക്കയിലെ ഏറ്റവും വലിപ്പമേറിയ ഈ ക്ഷേത്രമുള്ളത്. 1988 ലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന ഈ രൂപത്തിലായി തീര്‍ന്നത്. ലന്‍ഹാമിലെ ഈ ക്ഷേത്രം ലോക പ്രശസ്തിയാര്‍ജ്ജിച്ച ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്.ശ്രീ മാരിയമ്മന്‍ അമ്പലം-സിംഗപ്പൂര്‍

സിങ്കപ്പൂരിലെ ഈ മാരിയമ്മന്‍ ക്ഷേത്രം അറിയപ്പെടുന്ന പുരാതന ക്ഷേത്രമാണ്. 1827 ലാണ് ഈ ക്ഷേത്രം പണി കഴിപ്പിക്കപ്പെട്ടത്. സിംഗപ്പൂരിലെ ചൈനാടൗണിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്.ക്ഷേത്രത്തിന്റെ ഉള്‍വശം അതിമനോഹരമായ ചിത്രപ്പണികളാല്‍ അലംകൃതമാണ്. പല മാര രോഗങ്ങളുടെയും മഹാവ്യാധികളുടെയും നാശം ഈ ക്ഷേത്ര ദര്‍ശനത്തിലൂടെ സാധ്യമാകുമെന്ന് വിശ്വാസം പ്രസിദ്ധമാണ്. മാരിയമ്മയുടെ ശക്തി അത്രയും പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
Jan 17, 2013


കുറച്ചു വിദേശ 'ക്ഷേത്ര'ങ്ങള്‍ 4

വെങ്കിടേശ്വര ക്ഷേത്രം -യു.കെ

യൂറോപ്പിലെ ഏറ്റവും വലീയ ഹിന്ദു ക്ഷേത്രമാണ് ബെര്‍മിംഗാമിലുള്ളത്. ബ്രട്ടനിലെ ഡൂഡ്‌ലിയ്ക്കടുത്തെ പടിഞ്ഞാറെ മിഡ്‌ലാന്റില്‍ ഏതാണ്ട് 12.5 ഹെക്ടര്‍ സ്ഥലത്താണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്. ഇന്ത്യയിലെ തിരുപ്പതിയിലുള്ള അതേ മാതൃകയിലാണ് ഇവിടെയും ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. വിലാസം: Shri Venkateswara(Balaji) Temple of UK, Dudley Road East,Tividale,West Midlands,B69 3DU,England. Registered Charity No.326712, Tel: 0121 544 2256, Fax: 0121 544 2257, Email: temple@venkateswara.org.uk.കുറച്ചു വിദേശ 'ക്ഷേത്ര'ങ്ങള്‍ 3

അരുള്‍മിഗു ശ്രീ.രാജകാളിയമ്മന്‍ ഗ്ലാസ് ടെമ്പിള്‍- മലേഷ്യ

മലേഷ്യയിലെ ആദ്യത്തെ ഗ്ലാസ് ടെമ്പിളാണ് അരുള്‍മിഗു ശ്രീ. രാജകാളിയമ്മന്‍ ഗ്ലാസ് ടെമ്പിള്‍. ജോഹോര്‍ ബാരു ഡിസ്ട്രിക്ടിലെ ടെബറാവു എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ന് നിരവധി ലോക വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഈ ക്ഷേത്രം.


1922 ല്‍ ആ സമയത്ത് അവിടുത്തെ സുല്‍ത്താനായ സുല്‍ത്താന്‍ ജോഹറിന്റെ ദാനമായി ലഭിച്ച സ്ഥലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1991, ഇപ്പോഴത്തെ ചെയര്‍മാനും പൂജാരിയുമായ ശിന്നതമ്പി ശിവസ്വാമി, അദ്ദേഹം 'ഗുരു ഭഗവാന്‍ സിത്താര്‍' എന്നറിയപ്പെടുന്നുമുണ്ട്. അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചതാണ് ഈ ക്ഷേത്രം. മുപ്പത് ലക്ഷത്തിലധികം ഗ്ലാസ് പീസുകള്‍ കൊണ്ടാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ശ്രീ. ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം-സിംഗപ്പൂര്‍

ഈ ക്ഷേത്രത്തിന്റെ മട്ടുംഭാവവും കണ്ടിട്ട് നിങ്ങള്‍ക്ക് തമിഴ്‌നാടോ-കാഞ്ചീപുരമോ ആണെന്ന് തോന്നിക്കും. എന്നാല്‍ സിംഗപ്പൂരിലെ പ്രസിദ്ധമായ പെരുമാള്‍ ക്ഷേത്രമാണിത്. സിംഗപ്പൂരിലെ സേറന്‍ഗൂര്‍ റോഡിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്.


1800 ലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. അന്നത്തെ സാമൂഹ്യപ്രവര്‍ത്തകരായ അരുണാചല പിള്ള, കൂറ്റപ്പെരുമാള്‍ പിള്ളൈ, രാമസ്വാമി പിള്ളൈ, അപ്പസ്വാമി പിള്ളൈ, ചൊക്കലിംഗം പിള്ളൈ,രാമസ്വാമി ജാമിന്താര്‍ എന്നിവര്‍ ബ്രിട്ടീഷുകാരുടെ കൈവശത്തു നിന്നും രണ്ട് ഏക്കര്‍ സ്ഥലവും രണ്ട് മരവും 1851 ല്‍ ഇരുപത്തിയാറു രൂപ, എട്ടണയ്ക്ക് വാങ്ങിച്ചു. അങ്ങിനെ സിംഗപ്പൂരില്‍ ക്ഷേത്രം പണികഴിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇതില്‍ ലഭ്യമാവും. http://www.heb.gov.sg/temples/18-sri-srinivasa-perumal-temple