Dec 19, 2010

സ്പര്‍ശം



സ്പര്‍ശം 

വിരലുകള്‍
പരലുകളാവുന്നത്;
നെഞ്ചില്‍ പ്രായം 
തുടികൊട്ടുമ്പോള്‍.
നെഞ്ചില്‍
പുതുമഴ
പുണരുമ്പോള്‍;
പുതപ്പിനടിയില്‍
വിരലുകള്‍
നര്‍ത്തനമാടുന്നു.
ഉച്ഛ്വാസമലകളില്‍
തലചായ്ക്കുമ്പോള്‍,
വിയര്‍പ്പുകണങ്ങള്‍
ഉരുകുമ്പോള്‍
വീണ്ടും
വിരലുകള്‍
പരലുകളാവാറുണ്ട് !

(19.12.2010)

Dec 2, 2010

അവള്‍

 

അവള്‍


വരില്ലെന്നറിഞ്ഞാലും;
അവള്‍ കാത്തിരിക്കും.
പറയില്ലെന്നറിഞ്ഞാലും;
അവള്‍ കാതോര്‍ക്കും.
കേള്‍ക്കില്ലെന്നറിഞ്ഞാലും;
അവള്‍ പറഞ്ഞുകൊണ്ടിരിക്കും.
വിശപ്പില്ലെങ്കിലും;
അവള്‍ ഭക്ഷണം നല്‍കും.
ദാഹിക്കില്ലെങ്കിലും;
അവള്‍ പാലുചുരത്തും.
നോവില്ലെങ്കിലും;
അവള്‍ ശാസിച്ചുകൊണ്ടിരിക്കും.
അഴുക്കില്ലെങ്കിലും;
അവള്‍ കുളിപ്പിച്ചിരുത്തും.
ഉറങ്ങിയെങ്കിലും;
അവള്‍ കാവലിരിക്കും.
കുളിരില്ലെങ്കിലും;
അവള്‍ പുതപ്പിക്കും.
പനിയില്ലെങ്കിലും;
അവള്‍ വൈദ്യരെ കാണിക്കും.
സ്‌നേഹിച്ചില്ലെങ്കിലും;
അവള്‍ പ്രണയിച്ചുകൊണ്ടിരിക്കും.

(ഇത് നിനക്ക്: നിനക്ക് മാത്രം)
(2.12.2010)

Dec 1, 2010

ചിലര്‍



ചിലര്‍

ചിലര്‍ അങ്ങിനെയാണ്.
ചിരിക്കുമ്പോള്‍;
ചിരിച്ചുകൊണ്ടേയിരിക്കും.
കരയുമ്പോള്‍;
കരഞ്ഞുകൊണ്ടേയിരിക്കും.

ഭൂതം അവര്‍;
ചികഞ്ഞുകൊണ്ടേയിരിക്കും.
ഭാവിയില്‍ അവര്‍:
നിരാശരാവുമെന്ന് കരുതും.
വര്‍ത്തമാനം അവരില്‍:
കൊഞ്ഞനം കുത്തും.

കാലം വഴിമാറുമ്പോള്‍
സഹിക്കാത്തവര്‍,
വെറുക്കുന്നവര്‍,
തള്ളിപ്പറയുന്നവര്‍....

ചിലര്‍;
അങ്ങിനെയാണ്.

(ജീവിക്കുകയെന്നത് ഒരു കലയാണ്. അവനവന്റെ ജീവിതം 
എങ്ങിനെ ജീവിച്ചു തീര്‍ക്കണമെന്നത് അവനവന്റെ തീരുമാനമാണ്. 
ജീവിതം വാശികള്‍ക്കൊ, വ്യര്‍ത്ഥ ചിന്തകള്‍ക്കോ ഭക്ഷിക്കാനുള്ളതല്ല.)
(1.12.2010)