Jan 21, 2011

നിന്റെ കൈകള്‍



നിന്റെ കൈകള്‍

ചിലപ്പോഴൊക്കെ,
അതങ്ങിനെയാണ്.
നേര്‍ത്ത,
തണുപ്പായി,
ചൂടായി..
തീയായ്....

മലര്‍ന്നു
നീട്ടിയാല്‍,
കണ്ണീരിന്റെയുപ്പ് !
കമഴ്ന്നു
നീട്ടിയാല്‍,
പ്രണയമധുരം.

അഞ്ചാം മാസം
ചുരുട്ടിയതിനുള്ളില്‍
അമ്മയുടെ,
അച്ഛന്റെ
സ്‌നേഹമാണിക്യം.

പിന്നീട്,
വ്യവഹാരം
ലോകത്തിന്,
ചിലപ്പോള്‍
പാപമായി,
ക്രൂരമായി,
പുണ്യമായി,
ദാനമായി,
സ്‌നേഹമായി
ചിലപ്പോഴൊക്കെ
അതങ്ങിനെയാണ്...


(20.01.2011)


Jan 1, 2011

വര്‍ഷങ്ങള്‍


വര്‍ഷങ്ങള്‍

വര്‍ഷങ്ങള്‍
സമയമൊരുക്കുന്ന
വഴിയാണ്;
മരണത്തിലേക്ക്.
കടന്നുപോയ
അനുഭവച്ചൂളയില്‍
വെന്തുരുകി
ഭൂതകാല
സ്മരണകളില്‍
ഭോഗിച്ച്,
വര്‍ത്തമാനകാലത്തെ
കൊഞ്ഞനംകുത്തി
ഭാവിയുടെ
കാല്പനികതയുടെ
അടിവസ്ത്രത്തിലേക്ക്
ചൂഴ്ന്നു നോക്കുന്നു.
പറിച്ചെറിയപ്പെട്ട
താളുകളില്‍
അടര്‍ന്നുവീണ
സ്‌നേഹച്ചീളുകള്‍,
ചിത്രങ്ങള്‍ വരച്ച
രേതസ് !
ചവിട്ടിത്തള്ളിയ
മണ്ണും മണ്ണട്ടകളും,
ഉറങ്ങിജനിപ്പിച്ച
സ്വപ്‌നങ്ങളും, 
മണ്‍മറഞ്ഞ
ബന്ധങ്ങളും,
ചിറകുവിരിച്ച
പ്രതീക്ഷകളും,
ആവര്‍ത്തനങ്ങള്‍ മാത്രം!

വര്‍ഷങ്ങള്‍
മറ്റുള്ളവരാല്‍
മുന്‍ വര്‍ഷങ്ങളില്‍
ആവര്‍ത്തിക്കപ്പെട്ടവ.
വിരസതയുടെ
മറവില്‍,
ജീവിതത്തിന്റെ
ക്ലീഷേകളില്‍
സമാന്തരമായ
മറ്റൊരു വര്‍ഷം !

(1.11.11)