Oct 31, 2011

വടപളനിയിലെ സ്‌നേഹം


വടപളനിയിലെ സ്‌നേഹം

സ്ഥലം ചെന്നൈ. ഇന്ത്യയിലെ അറിയപ്പെടുത്ത മഹാനഗരങ്ങളില്‍ ഒന്ന്. ചെന്നൈ സെന്‍ട്രലില്‍ ചെന്നിറങ്ങിയപ്പോള്‍ ഞാന്‍ അറിയാതെ ആദ്യമായി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത് ഓര്‍ത്തുപോയി. അത് എനിക്കൊരിക്കലും മറക്കുവാനാകില്ല. ചെന്നൈ സെന്‍ട്രലില്‍ നിന്നും ഏതാണ്ട് എട്ടു പത്തു കിലോമീറ്റര്‍ ചെന്നാണ് വടപളനി.

ഇന്ത്യയിലെ പ്രധാന സിനിമാ കേന്ദ്രങ്ങളില്‍ ഒന്ന്. അറിയപ്പെടുന്ന സിനിമാ സ്റ്റുഡിയോകളായ ഭരണി, പ്രസാദ്, എ.വി.എം തുടങ്ങിയ നിരവധി ടെക്‌നിക്കല്‍ വര്‍ക്കുകള്‍ നടക്കുന്ന സ്ഥലം. വടപളനിയിലൂടെ നടക്കുക വളരെ രസകരമായ അനുഭവമാണ്. 

നമ്മള്‍ കേരളീയരെപ്പോലെ ജോലി ചെയ്യാന്‍ മടിയുള്ളവരല്ല തമിഴ്‌നാട്ടുകാര്‍. അവര്‍ എന്തു ജോലിയും ചെയ്യും. വഴിനീളെ കൊച്ചുകൊച്ചു ഹോട്ടലുകള്‍, പലവിധ ആക്രി സാധനങ്ങള്‍ വില്‍ക്കുന്നവര്‍, ഉന്തുവണ്ടിയില്‍ പലവിധ സാധനങ്ങള്‍ വില്‍ക്കുന്നവര്‍, ഓട്ടോ റിക്ഷാക്കാര്‍...അങ്ങിനെ പോവുന്നു കാഴ്ചകള്‍.

എ.വി.എം. സ്റ്റുഡിയോവിന്റെ മുന്‍പിലൂടെ നടന്നപ്പോഴാണ് വിചിത്രമായ കാഴ്ച ഞാന്‍ കണ്ടത്. ഒരു കാക്ക അവശയായി നിലത്തു വീണു കിടക്കുന്നു. വാസ്തവത്തില്‍ ക്യാമറ സുഹൃത്തിന്റെ കയ്യിലേല്‍പ്പിച്ച്, ഞാന്‍ അതിനെ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എങ്കിലും അവശനായി കിടക്കുന്ന കാക്കയെ ഒന്നു ഫ്രയിമില്‍ പകര്‍ത്താമെന്ന് കരുതി ഒരു രണ്ടു നിമിഷം അതിനെ ക്യാമറയില്‍ പകര്‍ത്തി. പക്ഷേ, പിന്നീട് നടന്നത് വളരെ വിചിത്രമായ കാര്യമാണ്. നിങ്ങള്‍ കാണൂ.....എന്റെ ചെന്നൈ കാഴ്ചകളില്‍ ഒന്ന്.....Oct 24, 2011

കാവില്‍പ്പാട്ടെ ദാഹജലം!കാവില്‍പ്പാട്ടെ പാടം-ഫോട്ടോ: പാമ്പള്ളി


കാക്കക്കാലുപോലും ചുട്ടുപൊള്ളുന്ന മീനമാസത്തില്‍ ഏറെ നടന്നു കഴിയുമ്പോള്‍ ആര്‍ക്കും ക്ഷീണം തോന്നും. അത് തികച്ചും സ്വാഭാവികം. അപ്പോള്‍ ഒരിറക്ക് കുടിവെള്ളം കിട്ടിയാലോ..? ഹോ!  ശരീരവും മനസ്സും തണുത്തുറഞ്ഞ് തുടികൊട്ടും.
ഇത് കാവില്‍പ്പാട്. കേരളത്തിലെ പാലക്കാട് ഒലവക്കോടു നിന്നും കേവലം മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഒരു കൊച്ചുഗ്രാമം. ഇവിടെ ഒരു റെയില്‍വേ ഗേറ്റ്, മൂന്ന് അമ്പലങ്ങള്‍, ഒരു ചായക്കട, രണ്ട് പലചരക്കുകട, ഒരു പോസ്റ്റോഫീസ്, ഒരു റേഷന്‍കട. കഴിഞ്ഞു. പിന്നെ, കാവില്‍പ്പാടുകാര്‍ക്ക് മാത്രമായി  അര മണിക്കൂര്‍ ഇടവിട്ട് സോപ്പുപെട്ടിപോലെ ഇഴഞ്ഞ് നീങ്ങുന്ന ഒരു ബസ്സും. ഒട്ടുമിക്ക കാവില്‍പ്പാട്ടുകാരും ഒലവക്കോടുവരെ നടന്നായിരിക്കും പോവുക. അല്ലെങ്കില്‍ അവിടെ മാത്രം ഓടുന്ന മൂന്നു ഓട്ടോകളില്‍ ഏതെങ്കിലും ഒരെണ്ണത്തെ ആശ്രയിക്കും.കാവില്‍പ്പാട്ടെ റോഡരികിലെ വീട്ടുമുറ്റത്ത് കളിക്കുന്ന കുഞ്ഞ് 'അനു'-ഫോട്ടോ: പാമ്പള്ളി


കാവില്‍പ്പാട് എന്റെ ഒരു അടുത്ത സുഹൃത്തുണ്ട്. പ്രസാദ്കാവില്‍പ്പാട്. ഒരു ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ് ആവശ്യങ്ങള്‍ക്കായി അവന്റെ വീട്ടില്‍ താമസിക്കേണ്ടി വന്നു. അപ്പോള്‍, കാവില്‍പ്പാടുകാര്‍ക്ക് സ്വന്തമായി ഒരു പുഴയുണ്ടെന്നും അവിടേക്ക് കുളിക്കാന്‍ പോവാറുണ്ടെന്നും സുഹൃത്തിന്റെ അച്ഛന്‍ പറഞ്ഞതനുസരിച്ച്, ഞാന്‍ നടന്നു.  റോഡരികിലെ മതിലിലുള്ള കുടിവെള്ള പൈപ്പില്‍ നിന്നും വെള്ളം കുടിക്കുന്നു
-ഫോട്ടോ: പാമ്പള്ളി
കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് വിചിത്രമായ ഒരു കാഴ്ച എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ദൂരെ വഴിയോരത്തെ മതിലിനോട് ചേര്‍ന്ന് ഒരു പൈപ്പും, അതില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച നിലയില്‍ ഒരു ഗ്ലാസും.

 ഒരുപക്ഷേ, കേരളത്തില്‍ വളരെ വിരളംമാത്രം കാണാവുന്നത്. എന്റെ അറിവില്‍ കേരളത്തില്‍ ഒരു വീട്ടുകാര്‍ ഇത്തരത്തില്‍ കാര്യം ചെയ്തിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.
പൊതുവെ ചൂടുകൂടുതലുള്ള പാലക്കാട്ടുകാര്‍ക്ക് കുടിവെള്ളത്തിനായി ഒരു വീട്ടുകാര്‍ പ്രത്യേകം നല്ലവെള്ളം വരുന്ന ഒരു പൈപ്പും ഗ്ലാസും വഴിയോരത്ത്, മതിലില്‍ പ്രത്യേകം പണിതുണ്ടാക്കിയിരിക്കുന്നു! വിചിത്രം. അല്ലെ?! വീട്ടില്‍ ദാഹിച്ച് ഒരു ഗ്ലാസ് വെള്ളത്തിനായി കറിവന്ന് ചോദിച്ചാല്‍ കൊടുക്കാന്‍ മടികാണിക്കുന്ന ഇന്നത്തെ കാലത്ത് മനുഷ്യത്വം മരിക്കാതെ, ഇപ്പോഴും...!

എനിക്ക് വല്ലാത്ത മതിപ്പും സന്തോഷവും തോന്നി. ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഞാന്‍ സന്തോഷത്തോടെ പുഴയിലേക്ക് നീങ്ങി. അപ്പോഴേക്കും എന്റെ മനസ്സില്‍ സ്‌നേഹത്തിന്റെ, ദാഹത്തിന്റെ കാരുണ്യത്തിന്റെ നീരുറവ ഒഴുകിത്തുടങ്ങിയിരുന്നു.