Aug 27, 2011

പച്ചമണമുള്ള മൈലാഞ്ചി

ഈ പരിശുദ്ധ മാസത്തില്‍, സര്‍വ്വസ്വമായ പടച്ചോന്റെ കൂടെ നാം ഓര്‍ക്കുന്ന നല്ല കുറെ ആചാരങ്ങളും ഉണ്ട്. കാലാകാലങ്ങളായി ഈ ലോകത്തെ കാത്തു സൂക്ഷിക്കുന്ന ചില ആചാരനുഷ്ഠാനങ്ങള്‍. അതില്‍ എന്നെ എക്കാലത്തും ആകര്‍ഷിച്ചത് 'മൈലാഞ്ചി' തന്നെയായിരുന്നു. 

മുസ്‌ലീം സഹോദരിമാരുടെ കൈകളില്‍ വിവാഹത്തലേന്ന് പടരുന്ന മൈലാഞ്ചിക്ക് പടച്ചോന്റെ കയ്യൊപ്പാണുള്ളത്. അതുകൊണ്ടാണല്ലോ മൈലാഞ്ചി എന്ന ഒരു ചടങ്ങു തന്നെ വന്നത്. ഖല്‍ബില്‍ വിരിയുന്ന സുന്ദര ജീവിതത്തിന്റെ കനവുകളാണ് മൈലാഞ്ചിയിലൂടെ അവരുടെ മനസ്സിലും ജീവിതത്തിലും വിരിയുന്നത്. 
ഈ പരിശുദ്ധ റംസാന്‍ മാസത്തിലും നമ്മുടെ ഉമ്മ-സഹോദരിമാരുടെ കൈകളിലും പലതരം ചിത്രപ്പണികളോടെ മൈലാഞ്ചി വിടരാറുണ്ട്. എന്റെ കുടുംബത്തില്‍ ഇങ്ങനെ മൈലാഞ്ചി ഇടുന്ന ആരേയും കാണാറില്ല. ഹിന്ദു മതവിശ്വാസിയായതിനാല്‍ സാധ്യത വളരെ കുറവുമാണ്. അതുകൊണ്ടു തന്നെ മൈലാഞ്ചി ഇടുന്നത് കാണാനും മനോഹരമായ ആ ചിത്രപ്പണി അടുത്തു ചെന്ന് നോക്കാനും സാധിച്ചിരുന്നില്ല. പലപ്പോഴും നഗരത്തിലെ തിരക്കുകളില്‍ നടന്നകലുന്ന മുസ്‌ലീം സഹോദരിമാരുടെ കൈകളെ സൂക്ഷിച്ചു നോക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാധ്യമാകാറില്ലായിരുന്നു. പക്ഷേ, ഇന്നത് അത് സാധ്യമായി. ഇത്തവണ, ഈ പരിശുദ്ധ റമദാന്‍ മാസത്തില്‍ എനിക്കത് സാധ്യമായി. അല്ലാഹുവിന് സ്തുതി.
കോഴിക്കോട് നഗരത്തില്‍, മൈലാഞ്ചി ഇടല്‍ മത്സരം നടക്കുന്നു. സംഘടനയിലെ തലമുതിര്‍ന്ന കുറച്ചുപേര്‍ക്ക് എന്നെ മുന്‍കാല പരിചയം ഉണ്ടായിരുന്നു. ഞാന്‍ ചെന്നു. ഇക്കാ....എനിക്കൊരാഗ്രഹം. ഇത് ഒന്ന് നേരില്‍ കാണണം. 
'ന്താ പാമ്പള്ളി...ഒരു ഫോര്‍മാലിറ്റി...നിങ്ങള് വരൂ...നമ്മുടെ കൂടെ ഇഫ്ത്താര്‍ വിരുന്നും കൂടാം.'-അങ്ങിനെ കുറച്ചു സുഹൃത്തുക്കളുടെ കൂടെ പരിപാടിയില്‍ പങ്കെടുത്തു. അവരുടെ ഇഫ്ത്താര്‍ വിരുന്നില്‍ ഞാന്‍ അതിഥികളായി.
 മതസാഹോദര്യത്തിന് അവര്‍ കാണിച്ച നല്ല മനസ്സിന്റെ വലുപ്പം ഞാന്‍ അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്. ഞാന്‍ കരുതി ഞാന്‍ മാത്രമെ അന്യമതസ്ഥനായി ഉണ്ടാവുകയുള്ളൂ എന്ന്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ വിവിധ മതസ്ഥരും ഉണ്ടായിരുന്നു. ഒരു നിമിഷം പരിശുദ്ധ ഈ റമദാന്‍ മാസത്തില്‍, എനിക്ക് ഒരു ഉത്സവ പ്രതീതി തോന്നിച്ചു. 
ഒരുപക്ഷേ, മുന്‍വര്‍ഷങ്ങളില്‍, ഒരു ഹിന്ദുവായ എനിക്ക് റംസാന്‍ മാസം പ്രത്യേകത ഉള്ളതായി തോന്നാറില്ലായിരുന്നു. എങ്കില്‍ ഇത്തവണ റംസാന്‍ എന്നില്‍ സന്തോഷത്തിന്റെ ഒരു മഴ പെയ്യിച്ചു....അല്ലാഹുവിന് സ്തുതി...

Aug 24, 2011

മകളുടെ നഷ്ടം...?


മഹാനദികളും മാമലകളും നിറഞ്ഞ പാലക്കാട്. കര്‍ക്കിടകക്കുളി കഴിഞ്ഞ് പാടങ്ങളും പാടവരമ്പുകളും ചിങ്ങത്തിലേക്ക് എത്തിനോക്കുന്ന ദിവസം.  കാലത്ത് ഒലവക്കോട്ടു നിന്നും കൊല്ലങ്കോടേയ്ക്കുള്ള യാത്ര.  പുലര്‍ച്ചയായതിനാല്‍ നേര്‍ത്ത കോടമഞ്ഞുവീണ റോഡ്‌. ദൂരെ കുളിരുമരം പോലെ പനകള്‍ വിറങ്ങലിച്ചു നിന്നു.  


വിജനമായ വഴിയോരം മുഴുവന്‍ പച്ചപിടിച്ചു നിന്നിരുന്നു, വഴിയോരത്തെ കുളങ്ങളൊക്കെ നിറഞ്ഞു കവിഞ്ഞും.  ദൂരെ ചെറുരൂപങ്ങളെപ്പോലെ കാലത്തുതന്നെ പാടത്ത് ജോലി ചെയ്യുന്ന 'ഷര്‍ട്ടിട്ട' സ്ത്രീകള്‍.  അങ്ങകലെ സീതാര്‍കുണ്ട് കാണാമായിരുന്നു.  കൊല്ലങ്കോട്ടു നിന്നും ഗോവിന്ദാപുരം റോഡിലേക്ക് കയറിയാല്‍ വലതുവശത്ത് സീതാര്‍കുണ്ട് വെള്ളച്ചാട്ടം കാണാം. 


അമ്മയുടെ പഴയ ഇടിഞ്ഞുപൊളിഞ്ഞ തറവാടിനടുത്തായി മാമന്‍റെ വീടുണ്ട്. അങ്ങോട്ടേക്കാണ് യാത്ര.  വീട്ടിലെത്തിയപ്പോള്‍ മാമന്‍റെ കൊച്ചുമകള്‍ ശ്രീഷ്ണ എന്നോടൊപ്പം പാടത്തേക്കിറങ്ങി.  പാടവരമ്പിലൂടെ അവള്‍ ഒരു കുഞ്ഞാറ്റയെപ്പോലെ ഓടി നടന്നു.  അടുത്തു കണ്ട വേലിയെയും, പാടത്തെ ചളിയേയുമെല്ലാം അവഗണിച്ച്, നഗ്നപാദയായി അവള്‍ പാറി നടന്നു.


ഞാനോര്‍ത്തു, ഫ്ലാറ്റുകളില്‍ ബാല്യം ഹോമിക്കപ്പെടുന്ന നൂറായിരം പെണ്‍കുഞ്ഞുങ്ങള്‍. കാലം മാറിയതനുസരിച്ച് മെക്കാനിക്കല്‍ ജീവിതത്തിലേക്ക് വഴിമാറുന്ന ഈ കാലത്ത് അവര്‍ക്ക് നഷ്ടം ഈ ബാല്യമാണ്, പ്രകൃതിയുടെ ചൂരാണ്. 


ശ്രീഷ്ണ മരത്തിലേക്ക് പാഞ്ഞു കയറി. എന്‍റെ പോക്കറ്റിലെ എഫ്.എമ്മില്‍ 'മദിരാശിപ്പട്ടണം' എന്ന ചിത്രത്തിലെ ഗാനം ഒഴുകിയെത്തി.  മുന്‍പ്, മരം കേറിയെന്ന പ്രയോഗത്തെ പേടിച്ചും ആരും കാണാതെ മരം കയറാറുണ്ടെന്ന് അമ്മ പറയാറുള്ളത് ഓര്‍ത്തു. ഫ്ലാറ്റുകളിലെ നാലു ചുവരുകളില്‍ തളച്ചിടപ്പെടുന്ന എന്‍റെ മകള്‍ക്ക് പോലും ഇതെല്ലാം നഷ്ടം....


കുഞ്ഞുങ്ങളെ പ്രകൃതിയിലേക്ക് വിടുക....
അവര്‍ പ്രകൃതിയെ അറിഞ്ഞ് വളരട്ടെ....