Dec 19, 2011

സണ്ണി ലിയോണി-നാളയുടെ പ്രതീകം?!

This summary is not available. Please click here to view the post.

Nov 17, 2011

ഓണ്‍ലൈന്‍ ദര്‍ശനം




അങ്ങിനെ കാലം മാറുന്നതിനനുസരിച്ച് ദര്‍ശനവും മാറിത്തുടങ്ങി. കേരളപോലീസിന് അഭിനന്ദനങ്ങള്‍! ഒരുപക്ഷേ, ഭക്തജനത്തിരക്കുള്ള കേരളത്തില്‍ ഇത്തരം ഒരു സംരംഭം ആദ്യമായാണ് നടപ്പിലാക്കുന്നത്. അതും നമ്മുടെ സ്വന്തം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. കേരള പോലീസിന്റെ ശിരസ്സില്‍ കുറ്റാന്വേഷണം മാത്രമല്ല വേറിട്ട ചിന്തകളും ആശയങ്ങളും ആവിഷ്‌കാരങ്ങളും ജനിക്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം.




ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരെ നിയന്ത്രിക്കാന്‍ പരീക്ഷണടിസ്ഥാനത്തില്‍, യാതൊരു ഫീസോ മറ്റു സാമ്പത്തിക മാനദണ്ഡങ്ങളോ ഇല്ലാതെ കൈക്കൊണ്ട ഈ നടപടിയിലൂടെ ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 1000 ഭക്തരെ, നടപ്പന്തലിന് സമീപം വച്ച്, അവര്‍ മറ്റൊരു വഴിയിലൂടെ തിരിച്ചു വിടുന്നു. പൊതുവെ നടപ്പന്തല്‍ കഴിഞ്ഞ്, പതിനെട്ടാം പടി കയറി ഫൈഌഓവറിലൂടെ നടന്ന് ദര്‍ശനം കിട്ടുന്നതുവരെ ഭയങ്കരമായ തിരക്കായിരിക്കും.




ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവരെ തിരക്കില്ലാതെ പതിനെട്ടാംപടി ചവിട്ടി തൊഴാനുള്ള മാര്‍ഗ്ഗം കേരളപോലീസ് കണ്ടെത്തി. എന്തു തന്നെയായാലും 1000 പേരെ സുഗമമായി തൊഴീക്കാനാവുമെന്നാണ് ശ്രീ. ഡി.ജി.പി. പി. ചന്ദ്രശേഖരന്‍ അവകാശപ്പെടുന്നത്.



ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ http://www.sabarimala.keralapolice.gov.in/en/q-coupon.html എന്ന വെബ്‌സൈറ്റില്‍ ചെന്നാല്‍ Q-COUPON എന്ന ബട്ടണ്‍ വലതുവശത്തായി കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു വിന്‍ഡോ തുറന്നുവരും. അതില്‍ കലണ്ടര്‍ ചിത്രത്തോടെ ക്യൂ-കൂപ്പണ്‍ അവയിലബിലിറ്റി എന്ന ഒരു പേജ് തുറന്നുവരും. അതില്‍ റോസ് നിറത്തിലാണ് ഏതെങ്കിലും ദിവസത്തെ ഡേറ്റ് കിടക്കുന്നതെങ്കില്‍ ബുക്കിങ് കഴിഞ്ഞു എന്നാര്‍ഥം. എന്നാല്‍ പച്ചയാണെങ്കില്‍ നമുക്ക് ബുക്ക് ചെയ്യാം. കൂട്ടത്തില്‍ ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയില്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിങ്ങനെ ഏതെങ്കിലും ഒരെണ്ണം മതിയാവും.


രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഇത്തരത്തില്‍ രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് ആ ഫയല്‍ ഒരു പി.ഡി.എഫ് ഫോര്‍മാറ്റില്‍ സേവ് ചെയ്്ത് പ്രിന്റ് എടുക്കാം. അത് കയ്യില്‍ കരുതുക.  ഇതുമായി പമ്പയില്‍ നിന്ന് മരക്കൂട്ടത്ത് എത്തുന്ന അയ്യപ്പന്മാരെ നേരെ ചന്ദ്രാനന്ദന്‍ റോഡ് വഴി കടത്തി വിടുമെന്നാണ് പറയുന്നത്. വലീയ നടപ്പന്തലില്‍ ഇവര്‍ക്കായി പ്രത്യേകം ക്യൂ സംവിധാനം ഉണ്ടാകുമെന്നാണ് പറയുന്നത്. അവിടെ വച്ച് തിരിച്ചറിയില്‍ രേഖകള്‍ പരിശോധിച്ച് അവരെ കടത്തിവിടുമെന്നാണ് അറിവ്.

Nov 5, 2011

മണല്‍ക്കാഴ്ചകള്‍




(കോഴിക്കോട്-കൊളത്തറ (ചുങ്കം) കടവ്. ഫോട്ടോ: പാമ്പള്ളി)


ഏതാണ്ട് 2009 അവസാനത്തോടുകൂടിയാണ് ഞാന്‍ ഒരു പുതിയ വീടെടുക്കാന്‍ പ്ലാനിട്ടത്. ഇപ്പോഴുള്ള വീടിന് സൗകര്യം പോരാഞ്ഞതുകൊണ്ടല്ല. മറിച്ച്, എന്‍റെ പഴയ വീട്ടിലേക്ക് ഒരു ചെറിയ കയറ്റം കയറി പോവണം. പ്രായമായ അച്ഛനും അമ്മയ്ക്കും അത് കയറാന്‍ വയ്യ. അതുകൊണ്ടുതന്നെ അവര്‍ പുറത്തൊന്നും പോവാതെ വീട്ടില്‍ തന്നെ. ഇതിനൊരു ശാശ്വത പരിഹാരമായാണ് പുതിയ വീട് വയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത്.



(പന്തീരാങ്കാവിലെ എന്റെ പുതിയ വീട്. ഫോട്ടോ: പാമ്പള്ളി)


പുതിയ വീടെടുക്കുമ്പോഴാണ് പുതിയ ഒരു 'ഭീകരന്‍' എനിക്ക് മുന്‍പില്‍ ഭീഷണി ഉയര്‍ത്തിയത്. 'മണല്‍'. പേര് മൂന്നക്ഷരത്തില്‍ തീരുമെങ്കിലും, ഇവനെ കിട്ടാന്‍ ചിലപ്പോള്‍ മൂന്നു കൊല്ലമെടുത്തെന്നിരിക്കും. ഒരു വീട് പണിയാന്‍ പോവുന്ന സാധാരണക്കാരന്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഇവന്‍ കാരണമാവും. പ്രത്യേകിച്ച് അന്യദേശത്തിരിക്കുന്ന സാധാരണക്കാരന്‍ വീട് നിര്‍മ്മാണവുമായി മുമ്പോട്ടു പോവുകയാണെങ്കില്‍ കുഴഞ്ഞതു തന്നെ.




(കൊളത്തറ ചുങ്കം കടവ്.  ഫോട്ടോ: പാമ്പള്ളി)

മുന്‍പ്, ഓര്‍ഡര്‍ കൊടുത്താന്‍ സൈറ്റില്‍ ലോഡു കണക്കിന് പൂഴി എത്തും. ഇപ്പോ, പൂഴിയ്ക്ക് സ്വര്‍ണ്ണത്തിനേക്കാള്‍ വിലയും, അതുകൊണ്ടുതന്നെ അതിനേക്കാള്‍ സുരക്ഷിതത്വം കൊടുക്കേണ്ട വസ്തുവുമായിരിക്കുന്നു. സ്വന്തമായി സമീപകാലത്ത് വീടുവെച്ചവര്‍ ഇതനുഭവിച്ചു കാണും, ഉറപ്പ്. പ്രകൃതിയുടെ വരദാനമായി ലഭിച്ചുകൊണ്ടിരുന്ന മണല്‍ ഇന്ന് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ മണലിനു വേണ്ടി ഒരു വകുപ്പു തന്നെ ആലോചിക്കുന്നു. അതായത് 'മണല്‍ വകുപ്പ്'. (Sand Department)




വീടുപണിയ്ക്കോ, റിപ്പയര്‍ ആവശ്യത്തിനോ മണലിനായി പോകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. നിങ്ങള്‍ ഒരു യുദ്ധത്തിന് പോവുന്ന തയ്യാറെടുപ്പോടുകൂടി ചെന്നാല്‍ നന്ന്. മണലിലേക്കുള്ള വഴി ബഹുരസമാണ് കേള്‍ക്കാന്‍. എന്നാല്‍ അനുഭവിക്കാന്‍ ഒട്ടും രസമില്ലാത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഊണും ഉറക്കവുമില്ലാതെ മണലിന് തെണ്ടിയത് ഒരു നടുക്കത്തോടെയേ ഈ നിമിഷവും ഓര്‍ക്കാനാവുന്നുള്ളൂ. 




മണലിലേക്കുള്ള വഴികള്‍-  ആദ്യം പഞ്ചായത്തില്‍ ചെന്ന് മണല്‍ പാസ് വാങ്ങിക്കണം. ഇതിന് മിക്കപ്പോഴും കാലത്ത് ഒരു 5 മണിക്ക് തന്നെ ചെന്ന് പഞ്ചായത്തില്‍ ക്യൂ നില്‍ക്കണം. ഇതിന് മുന്‍പ്, നമുക്ക് പഞ്ചായത്ത് അനുവദിച്ച പ്ലാന്‍, വാര്‍ഡ് മെമ്പറുടെ, അല്ലെങ്കില്‍ സെക്രട്ടറിയുടെ അനുമതി പത്രം എന്നിവ ആദ്യമെ കരസ്ഥമാക്കണം. പഞ്ചായത്തില്‍ ചെന്നുനിന്നുകഴിഞ്ഞാല്‍ ഉച്ചകഴിഞ്ഞു പോലും ചിലപ്പോള്‍ അത് ലഭിച്ചില്ലെന്നു വരും. അതു കഴിഞ്ഞാല്‍ ഇതുമായി 'അക്ഷയ' കേന്ദ്രത്തില്‍ പോവണം. ഇതെല്ലാം അവിടെ കൊടുത്തതിന് ശേഷം ഇതിനായി സര്‍ക്കാരിലേക്ക് ഒരു ലോഡിന് 1200 രൂപ വച്ച് അടയ്ക്കണം. മിക്കവാറും ഇത് അടയ്‌ക്കേണ്ടത് ദൂരെ എവിടെയെങ്കിലും ആയിരിക്കും. ഇത് അടയ്‌ക്കേണ്ട ദിവസം എന്നാണെന്നും എപ്പോഴാണെന്നും അക്ഷയ നമ്മേ അറിയിക്കും. മിക്കവാറും അതിനു വേണ്ടി ചുരുങ്ങിയത് രണ്ടു മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. 



(കൊളത്തറ ചുങ്കം കടവ്: വീഡിയോ X6 Nokia : പാമ്പള്ളി)


ഇനി നമുക്ക് അതിന്‍റെ ഡേറ്റ് കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് അതടയ്ക്കാന്‍ പോയാല്‍ ചുരുങ്ങിയത് ഒരു ദിവസം മുഴുക്കെ നിന്നാലെ അടയ്ക്കാന്‍ പറ്റുകയുള്ളൂ. അതിനു ശേഷം അവര്‍ തരുന്ന ടോക്കണുമായി നമുക്ക് അനുവദിക്കപ്പെട്ട കടവില്‍ ചെല്ലണം. അവിടെ കയറ്റു കൂലി ഒരാള്‍ക്ക് 100 രൂപ. ചുരുങ്ങിയത് മൂന്നു പേരെങ്കിലും മണല്‍ ലോറിയില്‍ കടത്തും. പിന്നെ, ലോറി വാടക ഏറ്റവും ചുരുങ്ങിയത് 800 മുതലായിരിക്കും. പിന്നെ ഇറക്കു കൂലിയും. ചുരുക്കം പറഞ്ഞാല്‍, മണലെടുത്ത് തരുന്നതിന് സര്‍ക്കാരിലേക്ക് 1000 രൂപയും, കൂലിക്കാര്‍ക്ക് 1000 രൂപയും നല്‍കുന്നു. ഇതൊക്കെ നമ്മുടെ പുഴ സംരക്ഷിക്കാനാണെന്നു പറയുന്നു. പക്ഷേ, ഇപ്പോഴും അനിയന്ത്രിതമായി പൂഴി പലയിടത്തു നിന്നും  കടത്തുന്നുമുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ അറിഞ്ഞും അറിയാതെയും കണ്ണടയ്ക്കുന്നുമുണ്ട്.





(കൊളത്തറ ചുങ്കം കടവ്: വീഡിയോ X6 Nokia : പാമ്പള്ളി)


പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ഷൊര്‍ണൂര്‍ കഴിഞ്ഞ് ലക്കിടി വരെ രഹസ്യമായി ഭാരതപ്പുഴയില്‍ നിന്നും തലച്ചുമടായി പൂഴി കടത്തി ബ്ലാക്കില്‍ വില്‍ക്കുന്നു. നിരവധി ആളുകള്‍ സിമന്റ് ചാക്കുകളില്‍ എടുത്ത് മണല്‍ കടത്തുന്ന കാഴ്ച എല്ലാവര്‍ക്കും കാണാവുന്നതാണ്. ഈ കടത്തുന്നതല്ലാം അനുവാദമില്ലാതെയാണ്. ഇത് ഒറ്റപ്പാലം ഭാരതപ്പുഴ പരിസരത്തെ പോലീസുകാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും അറിയാവുന്നതാണ്. അവര്‍ കണ്ടുകൊണ്ടു തന്നെ കണ്ണടച്ച് ഇരുട്ടാക്കുന്നു. സത്യം പറഞ്ഞാല്‍ ഭാരതപ്പുഴയെ ഭോഗിച്ച് നശിപ്പിക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ബ്ലാക്ക് ലോഡ് പൂഴിക്ക്, ലോഡ് ഒന്നിന് 6500 രൂപ ഉണ്ട്. അതേ സമയം മാസങ്ങള്‍ നടന്ന് കഷ്ടപ്പെട്ടാല്‍ 3000 രൂപയ്ക്കടുത്തേ വരുന്നുള്ളൂ. 




(കൊളത്തറ ചുങ്കം കടവ്: വീഡിയോ X6 Nokia : പാമ്പള്ളി)


എന്തൊക്കെയായിരുന്നാലും ഇന്നത്തെക്കാലത്ത് ഒരു വീടു വയ്ക്കുമ്പോള്‍ അറിയാം അതിന്‍റെ ബുദ്ധിമുട്ട്. മണലെടുക്കാന്‍ കാലത്ത് 4 മണിക്കാണ് കടവില്‍ പോയി കുത്തിയിരിക്കാറുള്ളത്. എന്നിട്ട് നമ്മുടെ ഊഴം വരുന്നതാകട്ടെ 11.30 നും മറ്റുമാണ്. ഇന്ന് വീട് വയ്ക്കുക എന്ന് ചിന്തിക്കുമ്പോള്‍ തന്നെ സാധാരണക്കാരന്‍റെ മനസ്സില്‍ മണലാണ് ആദ്യം തികട്ടി വരുന്നത്. പിന്നെ, മറ്റ് കാര്യങ്ങള്‍, പ്രത്യേകിച്ച്, സിമന്റ്റ്, കമ്പി, പൂഴി എന്നിവയ്‌ക്കൊക്കെ കത്തുന്ന വിലക്കയറ്റമാണ്. ആശാരിമാര്‍ ദിവസക്കൂലി 500 രൂപയിലും വര്‍ദ്ധിപ്പിക്കാന്‍ പോവുന്നു. എന്തിന്, ഒരു കടത്തുകാരനു പോലും ഇപ്പോള്‍ മിനിമം 400 രൂപയില്‍ കുറവ് കൊടുക്കുവാനാകില്ല. 




(കൊളത്തറ ചുങ്കം കടവ്: ഫോട്ടോ: പാമ്പള്ളി)

ഒന്നോര്‍ത്തുനോക്കൂ...കേരളത്തിലെ സാമാന്യം നല്ല വിദ്യാഭ്യാസം കഴിഞ്ഞ് നല്ലൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാള്‍ക്കു വരെ മാസം ഏറ്റവും കൂടിയ ശമ്പളം 15,000 രൂപയേ കാണുള്ളൂ. എന്നാല്‍ ദിവസം 500 രൂപ വാങ്ങിക്കുന്ന സാധാരണ കൂലിപ്പണിക്കാരന്‍, ഒരു മാസം ഏതാണ് ഇതേ തുകയാണ് ഉണ്ടാക്കുന്നത്.



എങ്കിലും, മണല്‍ ഇന്ന് ഒരു വ്യവസായമാണ്. ഇപ്പോള്‍ കടകളില്‍ സിമന്റ് പോലെ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ചാക്കുകളില്‍ മണല്‍ എത്തിത്തുടങ്ങി. പ്രകൃതിയില്‍ നിന്ന് സുലഭമായി ലഭിച്ചുകൊണ്ടിരുന്നതു വരെ ഇപ്പോള്‍ വിലയിട്ട് വരാന്‍ തുടങ്ങി. ഇനി എന്നാണാവോ...മനുഷ്യന്‍ കഴുത്തില്‍ പ്രൈസ് ടാഗുമായി പുറത്തിറങ്ങാന്‍ തുടങ്ങുന്നത്...?

Oct 31, 2011

വടപളനിയിലെ സ്‌നേഹം


വടപളനിയിലെ സ്‌നേഹം

സ്ഥലം ചെന്നൈ. ഇന്ത്യയിലെ അറിയപ്പെടുത്ത മഹാനഗരങ്ങളില്‍ ഒന്ന്. ചെന്നൈ സെന്‍ട്രലില്‍ ചെന്നിറങ്ങിയപ്പോള്‍ ഞാന്‍ അറിയാതെ ആദ്യമായി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത് ഓര്‍ത്തുപോയി. അത് എനിക്കൊരിക്കലും മറക്കുവാനാകില്ല. ചെന്നൈ സെന്‍ട്രലില്‍ നിന്നും ഏതാണ്ട് എട്ടു പത്തു കിലോമീറ്റര്‍ ചെന്നാണ് വടപളനി.

ഇന്ത്യയിലെ പ്രധാന സിനിമാ കേന്ദ്രങ്ങളില്‍ ഒന്ന്. അറിയപ്പെടുന്ന സിനിമാ സ്റ്റുഡിയോകളായ ഭരണി, പ്രസാദ്, എ.വി.എം തുടങ്ങിയ നിരവധി ടെക്‌നിക്കല്‍ വര്‍ക്കുകള്‍ നടക്കുന്ന സ്ഥലം. വടപളനിയിലൂടെ നടക്കുക വളരെ രസകരമായ അനുഭവമാണ്. 

നമ്മള്‍ കേരളീയരെപ്പോലെ ജോലി ചെയ്യാന്‍ മടിയുള്ളവരല്ല തമിഴ്‌നാട്ടുകാര്‍. അവര്‍ എന്തു ജോലിയും ചെയ്യും. വഴിനീളെ കൊച്ചുകൊച്ചു ഹോട്ടലുകള്‍, പലവിധ ആക്രി സാധനങ്ങള്‍ വില്‍ക്കുന്നവര്‍, ഉന്തുവണ്ടിയില്‍ പലവിധ സാധനങ്ങള്‍ വില്‍ക്കുന്നവര്‍, ഓട്ടോ റിക്ഷാക്കാര്‍...അങ്ങിനെ പോവുന്നു കാഴ്ചകള്‍.

എ.വി.എം. സ്റ്റുഡിയോവിന്റെ മുന്‍പിലൂടെ നടന്നപ്പോഴാണ് വിചിത്രമായ കാഴ്ച ഞാന്‍ കണ്ടത്. ഒരു കാക്ക അവശയായി നിലത്തു വീണു കിടക്കുന്നു. വാസ്തവത്തില്‍ ക്യാമറ സുഹൃത്തിന്റെ കയ്യിലേല്‍പ്പിച്ച്, ഞാന്‍ അതിനെ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എങ്കിലും അവശനായി കിടക്കുന്ന കാക്കയെ ഒന്നു ഫ്രയിമില്‍ പകര്‍ത്താമെന്ന് കരുതി ഒരു രണ്ടു നിമിഷം അതിനെ ക്യാമറയില്‍ പകര്‍ത്തി. പക്ഷേ, പിന്നീട് നടന്നത് വളരെ വിചിത്രമായ കാര്യമാണ്. നിങ്ങള്‍ കാണൂ.....എന്റെ ചെന്നൈ കാഴ്ചകളില്‍ ഒന്ന്.....



Oct 24, 2011

കാവില്‍പ്പാട്ടെ ദാഹജലം!



കാവില്‍പ്പാട്ടെ പാടം-ഫോട്ടോ: പാമ്പള്ളി


കാക്കക്കാലുപോലും ചുട്ടുപൊള്ളുന്ന മീനമാസത്തില്‍ ഏറെ നടന്നു കഴിയുമ്പോള്‍ ആര്‍ക്കും ക്ഷീണം തോന്നും. അത് തികച്ചും സ്വാഭാവികം. അപ്പോള്‍ ഒരിറക്ക് കുടിവെള്ളം കിട്ടിയാലോ..? ഹോ!  ശരീരവും മനസ്സും തണുത്തുറഞ്ഞ് തുടികൊട്ടും.




ഇത് കാവില്‍പ്പാട്. കേരളത്തിലെ പാലക്കാട് ഒലവക്കോടു നിന്നും കേവലം മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഒരു കൊച്ചുഗ്രാമം. ഇവിടെ ഒരു റെയില്‍വേ ഗേറ്റ്, മൂന്ന് അമ്പലങ്ങള്‍, ഒരു ചായക്കട, രണ്ട് പലചരക്കുകട, ഒരു പോസ്റ്റോഫീസ്, ഒരു റേഷന്‍കട. കഴിഞ്ഞു. പിന്നെ, കാവില്‍പ്പാടുകാര്‍ക്ക് മാത്രമായി  അര മണിക്കൂര്‍ ഇടവിട്ട് സോപ്പുപെട്ടിപോലെ ഇഴഞ്ഞ് നീങ്ങുന്ന ഒരു ബസ്സും. ഒട്ടുമിക്ക കാവില്‍പ്പാട്ടുകാരും ഒലവക്കോടുവരെ നടന്നായിരിക്കും പോവുക. അല്ലെങ്കില്‍ അവിടെ മാത്രം ഓടുന്ന മൂന്നു ഓട്ടോകളില്‍ ഏതെങ്കിലും ഒരെണ്ണത്തെ ആശ്രയിക്കും.



കാവില്‍പ്പാട്ടെ റോഡരികിലെ വീട്ടുമുറ്റത്ത് കളിക്കുന്ന കുഞ്ഞ് 'അനു'-ഫോട്ടോ: പാമ്പള്ളി


കാവില്‍പ്പാട് എന്റെ ഒരു അടുത്ത സുഹൃത്തുണ്ട്. പ്രസാദ്കാവില്‍പ്പാട്. ഒരു ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ് ആവശ്യങ്ങള്‍ക്കായി അവന്റെ വീട്ടില്‍ താമസിക്കേണ്ടി വന്നു. അപ്പോള്‍, കാവില്‍പ്പാടുകാര്‍ക്ക് സ്വന്തമായി ഒരു പുഴയുണ്ടെന്നും അവിടേക്ക് കുളിക്കാന്‍ പോവാറുണ്ടെന്നും സുഹൃത്തിന്റെ അച്ഛന്‍ പറഞ്ഞതനുസരിച്ച്, ഞാന്‍ നടന്നു. 



 റോഡരികിലെ മതിലിലുള്ള കുടിവെള്ള പൈപ്പില്‍ നിന്നും വെള്ളം കുടിക്കുന്നു
-ഫോട്ടോ: പാമ്പള്ളി
കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് വിചിത്രമായ ഒരു കാഴ്ച എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ദൂരെ വഴിയോരത്തെ മതിലിനോട് ചേര്‍ന്ന് ഒരു പൈപ്പും, അതില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച നിലയില്‍ ഒരു ഗ്ലാസും.

 ഒരുപക്ഷേ, കേരളത്തില്‍ വളരെ വിരളംമാത്രം കാണാവുന്നത്. എന്റെ അറിവില്‍ കേരളത്തില്‍ ഒരു വീട്ടുകാര്‍ ഇത്തരത്തില്‍ കാര്യം ചെയ്തിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.
പൊതുവെ ചൂടുകൂടുതലുള്ള പാലക്കാട്ടുകാര്‍ക്ക് കുടിവെള്ളത്തിനായി ഒരു വീട്ടുകാര്‍ പ്രത്യേകം നല്ലവെള്ളം വരുന്ന ഒരു പൈപ്പും ഗ്ലാസും വഴിയോരത്ത്, മതിലില്‍ പ്രത്യേകം പണിതുണ്ടാക്കിയിരിക്കുന്നു! വിചിത്രം. അല്ലെ?! വീട്ടില്‍ ദാഹിച്ച് ഒരു ഗ്ലാസ് വെള്ളത്തിനായി കറിവന്ന് ചോദിച്ചാല്‍ കൊടുക്കാന്‍ മടികാണിക്കുന്ന ഇന്നത്തെ കാലത്ത് മനുഷ്യത്വം മരിക്കാതെ, ഇപ്പോഴും...!

എനിക്ക് വല്ലാത്ത മതിപ്പും സന്തോഷവും തോന്നി. ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഞാന്‍ സന്തോഷത്തോടെ പുഴയിലേക്ക് നീങ്ങി. അപ്പോഴേക്കും എന്റെ മനസ്സില്‍ സ്‌നേഹത്തിന്റെ, ദാഹത്തിന്റെ കാരുണ്യത്തിന്റെ നീരുറവ ഒഴുകിത്തുടങ്ങിയിരുന്നു.



Aug 27, 2011

പച്ചമണമുള്ള മൈലാഞ്ചി





ഈ പരിശുദ്ധ മാസത്തില്‍, സര്‍വ്വസ്വമായ പടച്ചോന്റെ കൂടെ നാം ഓര്‍ക്കുന്ന നല്ല കുറെ ആചാരങ്ങളും ഉണ്ട്. കാലാകാലങ്ങളായി ഈ ലോകത്തെ കാത്തു സൂക്ഷിക്കുന്ന ചില ആചാരനുഷ്ഠാനങ്ങള്‍. അതില്‍ എന്നെ എക്കാലത്തും ആകര്‍ഷിച്ചത് 'മൈലാഞ്ചി' തന്നെയായിരുന്നു. 









മുസ്‌ലീം സഹോദരിമാരുടെ കൈകളില്‍ വിവാഹത്തലേന്ന് പടരുന്ന മൈലാഞ്ചിക്ക് പടച്ചോന്റെ കയ്യൊപ്പാണുള്ളത്. അതുകൊണ്ടാണല്ലോ മൈലാഞ്ചി എന്ന ഒരു ചടങ്ങു തന്നെ വന്നത്. ഖല്‍ബില്‍ വിരിയുന്ന സുന്ദര ജീവിതത്തിന്റെ കനവുകളാണ് മൈലാഞ്ചിയിലൂടെ അവരുടെ മനസ്സിലും ജീവിതത്തിലും വിരിയുന്നത്. 




ഈ പരിശുദ്ധ റംസാന്‍ മാസത്തിലും നമ്മുടെ ഉമ്മ-സഹോദരിമാരുടെ കൈകളിലും പലതരം ചിത്രപ്പണികളോടെ മൈലാഞ്ചി വിടരാറുണ്ട്. എന്റെ കുടുംബത്തില്‍ ഇങ്ങനെ മൈലാഞ്ചി ഇടുന്ന ആരേയും കാണാറില്ല. ഹിന്ദു മതവിശ്വാസിയായതിനാല്‍ സാധ്യത വളരെ കുറവുമാണ്. അതുകൊണ്ടു തന്നെ മൈലാഞ്ചി ഇടുന്നത് കാണാനും മനോഹരമായ ആ ചിത്രപ്പണി അടുത്തു ചെന്ന് നോക്കാനും സാധിച്ചിരുന്നില്ല. പലപ്പോഴും നഗരത്തിലെ തിരക്കുകളില്‍ നടന്നകലുന്ന മുസ്‌ലീം സഹോദരിമാരുടെ കൈകളെ സൂക്ഷിച്ചു നോക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാധ്യമാകാറില്ലായിരുന്നു. പക്ഷേ, ഇന്നത് അത് സാധ്യമായി. ഇത്തവണ, ഈ പരിശുദ്ധ റമദാന്‍ മാസത്തില്‍ എനിക്കത് സാധ്യമായി. അല്ലാഹുവിന് സ്തുതി.




കോഴിക്കോട് നഗരത്തില്‍, മൈലാഞ്ചി ഇടല്‍ മത്സരം നടക്കുന്നു. സംഘടനയിലെ തലമുതിര്‍ന്ന കുറച്ചുപേര്‍ക്ക് എന്നെ മുന്‍കാല പരിചയം ഉണ്ടായിരുന്നു. ഞാന്‍ ചെന്നു. ഇക്കാ....എനിക്കൊരാഗ്രഹം. ഇത് ഒന്ന് നേരില്‍ കാണണം. 
'ന്താ പാമ്പള്ളി...ഒരു ഫോര്‍മാലിറ്റി...നിങ്ങള് വരൂ...നമ്മുടെ കൂടെ ഇഫ്ത്താര്‍ വിരുന്നും കൂടാം.'-അങ്ങിനെ കുറച്ചു സുഹൃത്തുക്കളുടെ കൂടെ പരിപാടിയില്‍ പങ്കെടുത്തു. അവരുടെ ഇഫ്ത്താര്‍ വിരുന്നില്‍ ഞാന്‍ അതിഥികളായി.




 മതസാഹോദര്യത്തിന് അവര്‍ കാണിച്ച നല്ല മനസ്സിന്റെ വലുപ്പം ഞാന്‍ അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്. ഞാന്‍ കരുതി ഞാന്‍ മാത്രമെ അന്യമതസ്ഥനായി ഉണ്ടാവുകയുള്ളൂ എന്ന്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ വിവിധ മതസ്ഥരും ഉണ്ടായിരുന്നു. ഒരു നിമിഷം പരിശുദ്ധ ഈ റമദാന്‍ മാസത്തില്‍, എനിക്ക് ഒരു ഉത്സവ പ്രതീതി തോന്നിച്ചു. 




ഒരുപക്ഷേ, മുന്‍വര്‍ഷങ്ങളില്‍, ഒരു ഹിന്ദുവായ എനിക്ക് റംസാന്‍ മാസം പ്രത്യേകത ഉള്ളതായി തോന്നാറില്ലായിരുന്നു. എങ്കില്‍ ഇത്തവണ റംസാന്‍ എന്നില്‍ സന്തോഷത്തിന്റെ ഒരു മഴ പെയ്യിച്ചു....അല്ലാഹുവിന് സ്തുതി...

Aug 24, 2011

മകളുടെ നഷ്ടം...?


മഹാനദികളും മാമലകളും നിറഞ്ഞ പാലക്കാട്. കര്‍ക്കിടകക്കുളി കഴിഞ്ഞ് പാടങ്ങളും പാടവരമ്പുകളും ചിങ്ങത്തിലേക്ക് എത്തിനോക്കുന്ന ദിവസം.  കാലത്ത് ഒലവക്കോട്ടു നിന്നും കൊല്ലങ്കോടേയ്ക്കുള്ള യാത്ര.  പുലര്‍ച്ചയായതിനാല്‍ നേര്‍ത്ത കോടമഞ്ഞുവീണ റോഡ്‌. ദൂരെ കുളിരുമരം പോലെ പനകള്‍ വിറങ്ങലിച്ചു നിന്നു.  


വിജനമായ വഴിയോരം മുഴുവന്‍ പച്ചപിടിച്ചു നിന്നിരുന്നു, വഴിയോരത്തെ കുളങ്ങളൊക്കെ നിറഞ്ഞു കവിഞ്ഞും.  ദൂരെ ചെറുരൂപങ്ങളെപ്പോലെ കാലത്തുതന്നെ പാടത്ത് ജോലി ചെയ്യുന്ന 'ഷര്‍ട്ടിട്ട' സ്ത്രീകള്‍.  അങ്ങകലെ സീതാര്‍കുണ്ട് കാണാമായിരുന്നു.  കൊല്ലങ്കോട്ടു നിന്നും ഗോവിന്ദാപുരം റോഡിലേക്ക് കയറിയാല്‍ വലതുവശത്ത് സീതാര്‍കുണ്ട് വെള്ളച്ചാട്ടം കാണാം. 


അമ്മയുടെ പഴയ ഇടിഞ്ഞുപൊളിഞ്ഞ തറവാടിനടുത്തായി മാമന്‍റെ വീടുണ്ട്. അങ്ങോട്ടേക്കാണ് യാത്ര.  വീട്ടിലെത്തിയപ്പോള്‍ മാമന്‍റെ കൊച്ചുമകള്‍ ശ്രീഷ്ണ എന്നോടൊപ്പം പാടത്തേക്കിറങ്ങി.  പാടവരമ്പിലൂടെ അവള്‍ ഒരു കുഞ്ഞാറ്റയെപ്പോലെ ഓടി നടന്നു.  അടുത്തു കണ്ട വേലിയെയും, പാടത്തെ ചളിയേയുമെല്ലാം അവഗണിച്ച്, നഗ്നപാദയായി അവള്‍ പാറി നടന്നു.


ഞാനോര്‍ത്തു, ഫ്ലാറ്റുകളില്‍ ബാല്യം ഹോമിക്കപ്പെടുന്ന നൂറായിരം പെണ്‍കുഞ്ഞുങ്ങള്‍. കാലം മാറിയതനുസരിച്ച് മെക്കാനിക്കല്‍ ജീവിതത്തിലേക്ക് വഴിമാറുന്ന ഈ കാലത്ത് അവര്‍ക്ക് നഷ്ടം ഈ ബാല്യമാണ്, പ്രകൃതിയുടെ ചൂരാണ്. 


ശ്രീഷ്ണ മരത്തിലേക്ക് പാഞ്ഞു കയറി. എന്‍റെ പോക്കറ്റിലെ എഫ്.എമ്മില്‍ 'മദിരാശിപ്പട്ടണം' എന്ന ചിത്രത്തിലെ ഗാനം ഒഴുകിയെത്തി.  മുന്‍പ്, മരം കേറിയെന്ന പ്രയോഗത്തെ പേടിച്ചും ആരും കാണാതെ മരം കയറാറുണ്ടെന്ന് അമ്മ പറയാറുള്ളത് ഓര്‍ത്തു. ഫ്ലാറ്റുകളിലെ നാലു ചുവരുകളില്‍ തളച്ചിടപ്പെടുന്ന എന്‍റെ മകള്‍ക്ക് പോലും ഇതെല്ലാം നഷ്ടം....


കുഞ്ഞുങ്ങളെ പ്രകൃതിയിലേക്ക് വിടുക....
അവര്‍ പ്രകൃതിയെ അറിഞ്ഞ് വളരട്ടെ....

Jun 19, 2011

റിയാലിറ്റി ഷോകളുടെ കാലത്ത്... (ഇങ്ങനെയും ചിലര്‍...)


റിയാലിറ്റി ഷോകളുടെ കാലത്ത്...
 (ഇങ്ങനെയും ചിലര്‍...)


തികച്ചും ആകസ്മികമായി കോഴിക്കോട് നഗരത്തില്‍ മഴയ്ക്കുമുന്‍പായി ഓടിക്കയറിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച.


ഈ കാഴ്ചയില്‍ എനിക്ക് ഇങ്ങനെ ചില ജീവിതങ്ങളെ കണ്ടെത്താനായി.  പണക്കൊഴുപ്പിന്റെയും ഗ്ളാമറുള്ള റിയാലിറ്റിഷോകളുടെയും ഈ കാലത്ത് ഇത്തരം ആളുകളെ ശ്രദ്ധിക്കാന്‍ ആരുമില്ല.  നല്ല കലാകാരന്മാര്‍ ഇപ്പോഴും തെരുവില്‍ത്തന്നെ.  

അവര്‍ പാടിയ ഏതാനും പാട്ടുകളില്‍ ഒന്ന് മൊബൈലില്‍ ഷൂട്ട്‌
ചെയ്തതാണ്‌ ഈ വീഡിയോയില്‍.  

ഇത് വയനാട് സ്വദേശിയായ ബാബുവും, അയല്‍വാസിയും കുടുംബസുഹൃത്തുമായ ഫൗസിയയും.  കഴിവുള്ള കലാകാരന്മാര്‍.  അംഗീകരിക്കാന്‍ ആരുമില്ലാത്തതിനാല്‍ അവര്‍ ഇപ്പോഴും തെരുവില്‍ത്തന്നെ.  ഒരുനേരത്തെ ആഹാരത്തിനു വേണ്ടി അവര്‍ക്കറിയുന്ന ഒരു തൊഴില്‍ ചെയ്തു ജീവിക്കുന്നു.

ഇവരെ കാണാന്‍ ആരെങ്കിലുമുണ്ടോ?

ആര്‍ക്കെങ്കിലും ഇവരെ സഹായിക്കാന്‍ കഴിയുമോ?

ബാബുവിന്റെ വിലാസം - 

ബാബു,
പള്ളിക്കമൂല,
പന്നിമുണ്ട,
മൈലാംപാടി പി.ഒ.
മീനങ്ങാടി വഴി, 
വയനാട്

ഇപ്പോള്‍ എന്നാല്‍ കഴിയുന്നത്‌ ഇത്രമാത്രം.  ഇതെങ്കിലും കഴിഞ്ഞില്ലെങ്കില്‍....

May 19, 2011

നിങ്ങളും ഞാനും




നിങ്ങളും ഞാനും


ജനിച്ചപ്പോള്‍
ഞാനാരുമല്ലായിരുന്നു
പിന്നീട്, എന്നെ;
പറിച്ചുനട്ടു.

മുളപൊട്ടിയത്
സുഗന്ധം പരത്തിയത്
തേന്‍ ചുരത്തിയത്‌
എന്നിലായിരുന്നു.

എന്നിലെ ആദ്യബീജം
തൃണമായിരുന്നില്ല;
ചെടിയായിരുന്നില്ല;
വൃക്ഷമായിരുന്നില്ല;
വന്‍മരങ്ങളായിരുന്നു.

ചെടികള്‍,
കുറ്റിച്ചെടികള്‍,
മരങ്ങള്‍,
വന്‍മരങ്ങള്‍, അവ
എന്നില്‍ വേരുകളിറക്കി...

ചെടികള്‍ ചൊല്ലി
എന്നെയാണ് പ്രിയം!
കുറ്റിച്ചെടികള്‍ വിതുമ്പി
എന്നെയാണ് ഇഷ്ടം
മരങ്ങള്‍ ആര്‍ത്തു
എന്നെയാണ് പ്രണയം
വന്‍മരങ്ങള്‍ ചിരിച്ചു
എന്നിലാണ് ആഴം!

(19.05.2011)



May 4, 2011

മൂന്നു കുന്തങ്ങള്‍


ചതുരം

സമചതുരത്തില്‍
അതിരുകള്‍ തുല്ല്യം
ഉയരങ്ങള്‍ തുല്ല്യം
അകലങ്ങള്‍ തുല്ല്യം
ഞാനും നീയും
എതിര്‍കോണുകള്‍
ത്രികോണങ്ങള്‍...




കരള്‍


കരളിലേക്കുള്ള
വാതായനം
ഹൃദയത്തിലൂടെയെന്ന്
വിശ്വസിച്ചവന്‍
ഞാന്‍!
ഹൃദയം
അടച്ചിടാനുള്ള
കതകാണെന്ന്
നീ പ്രവചിച്ചപ്പോള്‍ 
കരളേ...
നീ ഒറ്റപ്പെടുന്നു...






ഓണം

തുമ്പയെ സ്‌നേഹിച്ച്
മുക്കുറ്റിയെ സ്വപ്‌നംകണ്ട്,
നാലുമണിപ്പൂവിനെ
പ്രണയിച്ച്,
ഞാന്‍ വട്ടി നീട്ടിയപ്പോള്‍
എനിക്ക് വേണ്ടി
ഒരു കാക്കപ്പൂവുപോലു
പുഷ്പിച്ചില്ല.
ശൂന്യമാണെന്റെ മുറ്റം
ഇപ്പോഴും....


ഓണം വരും...
ഇനിയും....
പൂക്കളില്ലാത്ത...
ഞാനില്ലാത്ത...
എന്റെ മനസ്സില്ലാത്ത...
കളങ്ങള്‍ തീര്‍ക്കാന്‍.....


(03.05.2011)

May 1, 2011

വാചാലം



വാചാലം

എന്റെ കണ്ണുകളില്‍
ഇളം മഞ്ഞകലര്‍ന്നതും
രാത്രിയില്‍
ശോഭിക്കുന്നതും
നിന്നെ-
കാണാന്‍മാത്രമാണ്...
വിശപ്പ്,
ജീവിതത്തോട്...
ഇരുളില്‍,
തേടിയത് 
ചട്ടിയിലെ 'ചാള'യല്ല;
വളര്‍ത്താനാഗ്രഹിക്കുന്ന
വലീയ കണ്ണുകളുള്ള
ഗോള്‍ഡ്ഫിഷിനെയാണ്...

(01.5.2011)





Apr 15, 2011

കണി



കണി


മേടം ഒന്ന്...
ഉച്ചതിരിഞ്ഞ്...
ഒരു മഴപെയ്തു.
എന്റെ 
കാതുകളില്‍..
മനസ്സില്‍...
പിന്നെ...

(15.4.2011, 3.45pm)


Mar 24, 2011

ഭൂ




ഭൂ 

ഹേ മനുഷ്യാ
നിന്റെ മുഖം
വികൃതമായത്
ഹൃദയത്തില്‍
ശൂന്യത പടര്‍ന്നത്
ഇതുകൊണ്ടാണോ?
മനുഷ്യത്വത്തിന്റെ
നാഭിയില്‍
കുത്തിയിറക്കുന്ന
കത്തിയുടെ
നിറമെന്താണ്
മണമെന്താണ്
ഇനിയെങ്കിലും
നിങ്ങള്‍
പൂക്കളെ,
പക്ഷികളെ,
ചെടികളെ
ജീവികളെ
മനുഷ്യരെ
കണ്ടിരുന്നുവെങ്കില്‍?

(23.03.2011)



Mar 12, 2011

നഷ്ടം



നഷ്ടം



ഇത്
ഉപേക്ഷിക്കപ്പെട്ടവരുടെ
ലോകം.
ഏകാന്തതയുടെ
തടവറയില്‍
കാഴ്ച നഷ്ടപ്പെട്ട്
വിവേചനം
ദ്രവിച്ചവരുടെ ലോകം.
കൂട്ടത്തില്‍
ഞാനും.
ഉപേക്ഷിക്കപ്പെട്ടവന്റെ
ജല്‍പ്പനം.
അട്ടഹാസം.

(12.03.2011)


Feb 26, 2011

ഇത് !?






ഇത് !?



രാവേറെയായി നീയെന്നില്‍
കുളിരായ് കുളിര്‍മഴയായ്
വര്‍ണ്ണശലഭമായി മാറിയെങ്കില്‍
ഒരു സ്വര്‍ഗ്ഗമായി പെയ്തുവെങ്കില്‍...

നിന്‍ ലോലഭാവ ചിത്രങ്ങള്‍
എന്‍ പ്രണയതന്ത്രികളില്‍
നീയെന്‍ മനമായി നിഴലായി
വീണ്ടും പൊഴിഞ്ഞുവെങ്കില്‍...

അകലയാമെന്‍ ഹൃത്തിന്‍
സീമകളില്‍ വിടര്‍ന്നുലയും
പീതാംബരിയാം നിറപുഷ്പമായി
നീ എന്നില്‍ വിരിഞ്ഞുവെങ്കില്‍....

ഭാവനയാമെന്‍ വിഹായസ്സിന്‍
ഗഗന നീലിമയില്‍ മന്ദഹസിക്കും
പഞ്ചവര്‍ണ്ണക്കിളിപോല്‍ നീയെന്‍
പ്രണയമായ് തീര്‍ന്നുവെങ്കില്‍

(26.2.2011)



Feb 16, 2011

ഒളിച്ചു കളികള്‍




ളിച്ചു ളിള്‍

നീ ഉണ്ടെന്ന് എനിക്കറിയാം..
ഇല്ലെന്നും എനിക്കറിയാം.
നീ ഉണ്ടെങ്കിലും ഇല്ലെങ്കിലും...
ഞാനുണ്ട്...എപ്പോഴും...

(16/02/11 1:32 AM)

Feb 15, 2011

ഞാനും പിന്നെ നീയും



ഞാനും പിന്നെ നീയും

രാവേറെ കൊതിച്ചതും
വിധിച്ചതും നീയായിരുന്നു.
ഭാവപ്പകര്‍ച്ചകള്‍ നിറഞ്ഞാടുന്ന
ജീവിതനൗകള്‍ ഉലയുമ്പോള്‍
ലക്ഷ്യത്തിലേക്കുള്ള പാതകള്‍
അലക്ഷ്യത്തില്‍ നിന്നുള്ള
മടക്കയാത്രകളാവുമോ..?
മനമെന്നില്‍ വരച്ചിട്ട
വിചിത്ര ചിത്രങ്ങളില്‍
പ്രീയചിത്രമേത് ?
വിലങ്ങുകളില്ലാത്ത ഗഗനത്തില്‍
നിന്റെ ചിറകുകള്‍ വിരിയുന്നു
മൈനാകനിറവില്‍
എന്റെ ചിത്രത്തിന്
എന്തു നിറമാണ് കൊടുക്കേണ്ടത്...?

(15.02.2011)




Jan 21, 2011

നിന്റെ കൈകള്‍



നിന്റെ കൈകള്‍

ചിലപ്പോഴൊക്കെ,
അതങ്ങിനെയാണ്.
നേര്‍ത്ത,
തണുപ്പായി,
ചൂടായി..
തീയായ്....

മലര്‍ന്നു
നീട്ടിയാല്‍,
കണ്ണീരിന്റെയുപ്പ് !
കമഴ്ന്നു
നീട്ടിയാല്‍,
പ്രണയമധുരം.

അഞ്ചാം മാസം
ചുരുട്ടിയതിനുള്ളില്‍
അമ്മയുടെ,
അച്ഛന്റെ
സ്‌നേഹമാണിക്യം.

പിന്നീട്,
വ്യവഹാരം
ലോകത്തിന്,
ചിലപ്പോള്‍
പാപമായി,
ക്രൂരമായി,
പുണ്യമായി,
ദാനമായി,
സ്‌നേഹമായി
ചിലപ്പോഴൊക്കെ
അതങ്ങിനെയാണ്...


(20.01.2011)


Jan 1, 2011

വര്‍ഷങ്ങള്‍


വര്‍ഷങ്ങള്‍

വര്‍ഷങ്ങള്‍
സമയമൊരുക്കുന്ന
വഴിയാണ്;
മരണത്തിലേക്ക്.
കടന്നുപോയ
അനുഭവച്ചൂളയില്‍
വെന്തുരുകി
ഭൂതകാല
സ്മരണകളില്‍
ഭോഗിച്ച്,
വര്‍ത്തമാനകാലത്തെ
കൊഞ്ഞനംകുത്തി
ഭാവിയുടെ
കാല്പനികതയുടെ
അടിവസ്ത്രത്തിലേക്ക്
ചൂഴ്ന്നു നോക്കുന്നു.
പറിച്ചെറിയപ്പെട്ട
താളുകളില്‍
അടര്‍ന്നുവീണ
സ്‌നേഹച്ചീളുകള്‍,
ചിത്രങ്ങള്‍ വരച്ച
രേതസ് !
ചവിട്ടിത്തള്ളിയ
മണ്ണും മണ്ണട്ടകളും,
ഉറങ്ങിജനിപ്പിച്ച
സ്വപ്‌നങ്ങളും, 
മണ്‍മറഞ്ഞ
ബന്ധങ്ങളും,
ചിറകുവിരിച്ച
പ്രതീക്ഷകളും,
ആവര്‍ത്തനങ്ങള്‍ മാത്രം!

വര്‍ഷങ്ങള്‍
മറ്റുള്ളവരാല്‍
മുന്‍ വര്‍ഷങ്ങളില്‍
ആവര്‍ത്തിക്കപ്പെട്ടവ.
വിരസതയുടെ
മറവില്‍,
ജീവിതത്തിന്റെ
ക്ലീഷേകളില്‍
സമാന്തരമായ
മറ്റൊരു വര്‍ഷം !

(1.11.11)