Nov 5, 2011

മണല്‍ക്കാഴ്ചകള്‍
(കോഴിക്കോട്-കൊളത്തറ (ചുങ്കം) കടവ്. ഫോട്ടോ: പാമ്പള്ളി)


ഏതാണ്ട് 2009 അവസാനത്തോടുകൂടിയാണ് ഞാന്‍ ഒരു പുതിയ വീടെടുക്കാന്‍ പ്ലാനിട്ടത്. ഇപ്പോഴുള്ള വീടിന് സൗകര്യം പോരാഞ്ഞതുകൊണ്ടല്ല. മറിച്ച്, എന്‍റെ പഴയ വീട്ടിലേക്ക് ഒരു ചെറിയ കയറ്റം കയറി പോവണം. പ്രായമായ അച്ഛനും അമ്മയ്ക്കും അത് കയറാന്‍ വയ്യ. അതുകൊണ്ടുതന്നെ അവര്‍ പുറത്തൊന്നും പോവാതെ വീട്ടില്‍ തന്നെ. ഇതിനൊരു ശാശ്വത പരിഹാരമായാണ് പുതിയ വീട് വയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത്.(പന്തീരാങ്കാവിലെ എന്റെ പുതിയ വീട്. ഫോട്ടോ: പാമ്പള്ളി)


പുതിയ വീടെടുക്കുമ്പോഴാണ് പുതിയ ഒരു 'ഭീകരന്‍' എനിക്ക് മുന്‍പില്‍ ഭീഷണി ഉയര്‍ത്തിയത്. 'മണല്‍'. പേര് മൂന്നക്ഷരത്തില്‍ തീരുമെങ്കിലും, ഇവനെ കിട്ടാന്‍ ചിലപ്പോള്‍ മൂന്നു കൊല്ലമെടുത്തെന്നിരിക്കും. ഒരു വീട് പണിയാന്‍ പോവുന്ന സാധാരണക്കാരന്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഇവന്‍ കാരണമാവും. പ്രത്യേകിച്ച് അന്യദേശത്തിരിക്കുന്ന സാധാരണക്കാരന്‍ വീട് നിര്‍മ്മാണവുമായി മുമ്പോട്ടു പോവുകയാണെങ്കില്‍ കുഴഞ്ഞതു തന്നെ.
(കൊളത്തറ ചുങ്കം കടവ്.  ഫോട്ടോ: പാമ്പള്ളി)

മുന്‍പ്, ഓര്‍ഡര്‍ കൊടുത്താന്‍ സൈറ്റില്‍ ലോഡു കണക്കിന് പൂഴി എത്തും. ഇപ്പോ, പൂഴിയ്ക്ക് സ്വര്‍ണ്ണത്തിനേക്കാള്‍ വിലയും, അതുകൊണ്ടുതന്നെ അതിനേക്കാള്‍ സുരക്ഷിതത്വം കൊടുക്കേണ്ട വസ്തുവുമായിരിക്കുന്നു. സ്വന്തമായി സമീപകാലത്ത് വീടുവെച്ചവര്‍ ഇതനുഭവിച്ചു കാണും, ഉറപ്പ്. പ്രകൃതിയുടെ വരദാനമായി ലഭിച്ചുകൊണ്ടിരുന്ന മണല്‍ ഇന്ന് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ മണലിനു വേണ്ടി ഒരു വകുപ്പു തന്നെ ആലോചിക്കുന്നു. അതായത് 'മണല്‍ വകുപ്പ്'. (Sand Department)
വീടുപണിയ്ക്കോ, റിപ്പയര്‍ ആവശ്യത്തിനോ മണലിനായി പോകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. നിങ്ങള്‍ ഒരു യുദ്ധത്തിന് പോവുന്ന തയ്യാറെടുപ്പോടുകൂടി ചെന്നാല്‍ നന്ന്. മണലിലേക്കുള്ള വഴി ബഹുരസമാണ് കേള്‍ക്കാന്‍. എന്നാല്‍ അനുഭവിക്കാന്‍ ഒട്ടും രസമില്ലാത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഊണും ഉറക്കവുമില്ലാതെ മണലിന് തെണ്ടിയത് ഒരു നടുക്കത്തോടെയേ ഈ നിമിഷവും ഓര്‍ക്കാനാവുന്നുള്ളൂ. 
മണലിലേക്കുള്ള വഴികള്‍-  ആദ്യം പഞ്ചായത്തില്‍ ചെന്ന് മണല്‍ പാസ് വാങ്ങിക്കണം. ഇതിന് മിക്കപ്പോഴും കാലത്ത് ഒരു 5 മണിക്ക് തന്നെ ചെന്ന് പഞ്ചായത്തില്‍ ക്യൂ നില്‍ക്കണം. ഇതിന് മുന്‍പ്, നമുക്ക് പഞ്ചായത്ത് അനുവദിച്ച പ്ലാന്‍, വാര്‍ഡ് മെമ്പറുടെ, അല്ലെങ്കില്‍ സെക്രട്ടറിയുടെ അനുമതി പത്രം എന്നിവ ആദ്യമെ കരസ്ഥമാക്കണം. പഞ്ചായത്തില്‍ ചെന്നുനിന്നുകഴിഞ്ഞാല്‍ ഉച്ചകഴിഞ്ഞു പോലും ചിലപ്പോള്‍ അത് ലഭിച്ചില്ലെന്നു വരും. അതു കഴിഞ്ഞാല്‍ ഇതുമായി 'അക്ഷയ' കേന്ദ്രത്തില്‍ പോവണം. ഇതെല്ലാം അവിടെ കൊടുത്തതിന് ശേഷം ഇതിനായി സര്‍ക്കാരിലേക്ക് ഒരു ലോഡിന് 1200 രൂപ വച്ച് അടയ്ക്കണം. മിക്കവാറും ഇത് അടയ്‌ക്കേണ്ടത് ദൂരെ എവിടെയെങ്കിലും ആയിരിക്കും. ഇത് അടയ്‌ക്കേണ്ട ദിവസം എന്നാണെന്നും എപ്പോഴാണെന്നും അക്ഷയ നമ്മേ അറിയിക്കും. മിക്കവാറും അതിനു വേണ്ടി ചുരുങ്ങിയത് രണ്ടു മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. (കൊളത്തറ ചുങ്കം കടവ്: വീഡിയോ X6 Nokia : പാമ്പള്ളി)


ഇനി നമുക്ക് അതിന്‍റെ ഡേറ്റ് കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് അതടയ്ക്കാന്‍ പോയാല്‍ ചുരുങ്ങിയത് ഒരു ദിവസം മുഴുക്കെ നിന്നാലെ അടയ്ക്കാന്‍ പറ്റുകയുള്ളൂ. അതിനു ശേഷം അവര്‍ തരുന്ന ടോക്കണുമായി നമുക്ക് അനുവദിക്കപ്പെട്ട കടവില്‍ ചെല്ലണം. അവിടെ കയറ്റു കൂലി ഒരാള്‍ക്ക് 100 രൂപ. ചുരുങ്ങിയത് മൂന്നു പേരെങ്കിലും മണല്‍ ലോറിയില്‍ കടത്തും. പിന്നെ, ലോറി വാടക ഏറ്റവും ചുരുങ്ങിയത് 800 മുതലായിരിക്കും. പിന്നെ ഇറക്കു കൂലിയും. ചുരുക്കം പറഞ്ഞാല്‍, മണലെടുത്ത് തരുന്നതിന് സര്‍ക്കാരിലേക്ക് 1000 രൂപയും, കൂലിക്കാര്‍ക്ക് 1000 രൂപയും നല്‍കുന്നു. ഇതൊക്കെ നമ്മുടെ പുഴ സംരക്ഷിക്കാനാണെന്നു പറയുന്നു. പക്ഷേ, ഇപ്പോഴും അനിയന്ത്രിതമായി പൂഴി പലയിടത്തു നിന്നും  കടത്തുന്നുമുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ അറിഞ്ഞും അറിയാതെയും കണ്ണടയ്ക്കുന്നുമുണ്ട്.

(കൊളത്തറ ചുങ്കം കടവ്: വീഡിയോ X6 Nokia : പാമ്പള്ളി)


പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ഷൊര്‍ണൂര്‍ കഴിഞ്ഞ് ലക്കിടി വരെ രഹസ്യമായി ഭാരതപ്പുഴയില്‍ നിന്നും തലച്ചുമടായി പൂഴി കടത്തി ബ്ലാക്കില്‍ വില്‍ക്കുന്നു. നിരവധി ആളുകള്‍ സിമന്റ് ചാക്കുകളില്‍ എടുത്ത് മണല്‍ കടത്തുന്ന കാഴ്ച എല്ലാവര്‍ക്കും കാണാവുന്നതാണ്. ഈ കടത്തുന്നതല്ലാം അനുവാദമില്ലാതെയാണ്. ഇത് ഒറ്റപ്പാലം ഭാരതപ്പുഴ പരിസരത്തെ പോലീസുകാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും അറിയാവുന്നതാണ്. അവര്‍ കണ്ടുകൊണ്ടു തന്നെ കണ്ണടച്ച് ഇരുട്ടാക്കുന്നു. സത്യം പറഞ്ഞാല്‍ ഭാരതപ്പുഴയെ ഭോഗിച്ച് നശിപ്പിക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ബ്ലാക്ക് ലോഡ് പൂഴിക്ക്, ലോഡ് ഒന്നിന് 6500 രൂപ ഉണ്ട്. അതേ സമയം മാസങ്ങള്‍ നടന്ന് കഷ്ടപ്പെട്ടാല്‍ 3000 രൂപയ്ക്കടുത്തേ വരുന്നുള്ളൂ. 
(കൊളത്തറ ചുങ്കം കടവ്: വീഡിയോ X6 Nokia : പാമ്പള്ളി)


എന്തൊക്കെയായിരുന്നാലും ഇന്നത്തെക്കാലത്ത് ഒരു വീടു വയ്ക്കുമ്പോള്‍ അറിയാം അതിന്‍റെ ബുദ്ധിമുട്ട്. മണലെടുക്കാന്‍ കാലത്ത് 4 മണിക്കാണ് കടവില്‍ പോയി കുത്തിയിരിക്കാറുള്ളത്. എന്നിട്ട് നമ്മുടെ ഊഴം വരുന്നതാകട്ടെ 11.30 നും മറ്റുമാണ്. ഇന്ന് വീട് വയ്ക്കുക എന്ന് ചിന്തിക്കുമ്പോള്‍ തന്നെ സാധാരണക്കാരന്‍റെ മനസ്സില്‍ മണലാണ് ആദ്യം തികട്ടി വരുന്നത്. പിന്നെ, മറ്റ് കാര്യങ്ങള്‍, പ്രത്യേകിച്ച്, സിമന്റ്റ്, കമ്പി, പൂഴി എന്നിവയ്‌ക്കൊക്കെ കത്തുന്ന വിലക്കയറ്റമാണ്. ആശാരിമാര്‍ ദിവസക്കൂലി 500 രൂപയിലും വര്‍ദ്ധിപ്പിക്കാന്‍ പോവുന്നു. എന്തിന്, ഒരു കടത്തുകാരനു പോലും ഇപ്പോള്‍ മിനിമം 400 രൂപയില്‍ കുറവ് കൊടുക്കുവാനാകില്ല. 
(കൊളത്തറ ചുങ്കം കടവ്: ഫോട്ടോ: പാമ്പള്ളി)

ഒന്നോര്‍ത്തുനോക്കൂ...കേരളത്തിലെ സാമാന്യം നല്ല വിദ്യാഭ്യാസം കഴിഞ്ഞ് നല്ലൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാള്‍ക്കു വരെ മാസം ഏറ്റവും കൂടിയ ശമ്പളം 15,000 രൂപയേ കാണുള്ളൂ. എന്നാല്‍ ദിവസം 500 രൂപ വാങ്ങിക്കുന്ന സാധാരണ കൂലിപ്പണിക്കാരന്‍, ഒരു മാസം ഏതാണ് ഇതേ തുകയാണ് ഉണ്ടാക്കുന്നത്.എങ്കിലും, മണല്‍ ഇന്ന് ഒരു വ്യവസായമാണ്. ഇപ്പോള്‍ കടകളില്‍ സിമന്റ് പോലെ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ചാക്കുകളില്‍ മണല്‍ എത്തിത്തുടങ്ങി. പ്രകൃതിയില്‍ നിന്ന് സുലഭമായി ലഭിച്ചുകൊണ്ടിരുന്നതു വരെ ഇപ്പോള്‍ വിലയിട്ട് വരാന്‍ തുടങ്ങി. ഇനി എന്നാണാവോ...മനുഷ്യന്‍ കഴുത്തില്‍ പ്രൈസ് ടാഗുമായി പുറത്തിറങ്ങാന്‍ തുടങ്ങുന്നത്...?

8 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കുറച്ചു കഷ്ടപ്പെട്ടെങ്കിലും നല്ലൊരു വീടായില്ലെ...
നല്ല എഴുത്ത് ,നല്ല ചിത്രങ്ങള്‍

ഷാജു അത്താണിക്കല്‍ said...

വീട് പോലെ പോസ്റ്റും

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

മുഹമ്മദിക്കാ...നന്ദി. ഷാജുഭായ്...നല്ല വാക്കുകള്‍ക്ക്....നന്ദി...

ഫിയൊനിക്സ് said...

ആ വീട് കാട്ടി കൊതിപ്പിച്ചു സന്ദീപെട്ടാ.. എനിക്ക് ഇത് വരെയും ഒരെണ്ണം ആയിട്ടില്ല.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

വീട് എല്ലാവരുടേയും സ്വപ്‌നമാണ്.....ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാവുന്നത്.......ജഗദീശ്വരന്‍ താങ്കളെ സഹായിക്കട്ടെ....

ചെറുവാടി said...

ആശംസകള്‍ , പുതിയ വീടിനും വീട്ടുക്കാര്‍ക്കും
മണല്‍ കിട്ടാതെ വയ്യ. കൂടെ മണല്‍ വാരല്‍ കാരണം ഉണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങളും .

Vp Ahmed said...

മണല്‍ ഇപ്പോള്‍ മഫിയക്കുള്ളതാണ്. സുന്ദരമായ ഒരു വീടുണ്ടാക്കാന്‍ കഴിഞ്ഞ താങ്കള്‍ ഭാഗ്യവാന്‍ തന്നെയാണ്.
http://surumah.blogspot.com

ചെകുത്താന്‍ said...

വൈകിയ ആശംസകള്‍ സന്ദീപ്‌ :)

Post a Comment