Apr 4, 2012

നെന്മാറ വെടിക്കെട്ട്
(പാലക്കാട് ഏപ്രില്‍ 3-ാം തീയ്യതി നടന്ന വെടിക്കെട്ടിന്റെ ആരംഭം
-ഫോട്ടോ: പാമ്പള്ളി (നോക്കിയ എക്‌സ്-6)


പാലക്കാട് ഉത്സവങ്ങളുടെ നാടാണ്. പേരും പ്രശസ്തിയുമുള്ള ഒട്ടനവധി ഉത്സവങ്ങളുടെയും ക്ഷേത്രങ്ങളുടെയും നാട്. കല്പാത്തി രഥോത്സവം, പൂത്തൂര്‍ വേല, മണപ്പുള്ളിക്കാവ് വേല, കൊടുവായൂര്‍ രഥോത്സവം, പല്ലശ്ശനപൂരം, കുനിശ്ശേരി കുമ്മാട്ടി അങ്ങിനെ നീണ്ട ഒരു നിരയുണ്ട്. അതില്‍ നെന്മാറ വെടിക്കെട്ടിനൊപ്പം നില്‍ക്കാന്‍ കേരളത്തില്‍ മറ്റൊരു വെടിക്കെട്ടില്ലെന്നു തന്നെ പറയാം. 


(പാലക്കാട് ഏപ്രില്‍ 3-ാം തീയ്യതി നടന്ന വെടിക്കെട്ടിന്റെ ആരംഭം: കുറെ നേരമുള്ളതിനാല്‍ ഇടയ്ക്കിടെയാണ് വീഡിയോ പകര്‍ത്തിയത്. 
-വീഡിയോ: പാമ്പള്ളി (നോക്കിയ എക്‌സ്-6)


നെന്മാറ വെടിക്കെട്ട് ആദ്യമായി കാണുന്നവരില്‍ രണ്ടു തരത്തിലുള്ള വികാരങ്ങളാണ് ഉണ്ടാവാന്‍ സാധ്യത. ഒന്ന്, ആദ്യമായി വെടിക്കെട്ട് കാണുന്നതോടെ അയാള്‍ നെന്മാറ വെടിക്കെട്ടിന്റെ നിത്യആരാധകനാവുന്നു. അല്ലെങ്കില്‍ അയാള്‍ അതിഭീകരമായി ആ വെടിക്കെട്ടിനെ ഭയന്നിരിക്കും. പക്ഷേ, ഒരിക്കല്‍ വെടിക്കെട്ട് ആസ്വദിച്ചവര്‍ എല്ലാ വര്‍ഷവും മീനമാസം പൂയ്യം നാളില്‍ പാലക്കാട്ടെ നെന്മാറയില്‍ എത്തിച്ചേരും. നെന്മാറയിലെ കുടികൊള്ളുന്ന ദേവിയുടെ ശക്തി അതാണ്. 


(നെന്മാറ ദേശത്തിന്റെ ദീപങ്ങള്‍കൊണ്ട് നിര്‍മ്മിച്ച പന്തല്‍ 
-ഫോട്ടോ: പാമ്പള്ളി (നോക്കിയ എക്‌സ്-6)


കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി തുടര്‍ച്ചയായി വെടിക്കെട്ട് കാണുന്ന വ്യക്തിയെന്ന നിലയ്ക്ക്, വാസ്തവത്തില്‍ ഈ വെടിക്കെട്ടിനെ ഒരു പഠന വിഷയമാക്കാവുന്നതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വെടിക്കോപ്പുകള്‍ അവര്‍ സജ്ജീകരിക്കുന്നതും, അതിനുവേണ്ടി പ്രത്യേകം ഒരുങ്ങുന്നതും ശരിക്കും കാണേണ്ടുന്ന കാഴ്ചയാണ്.  പ്രത്യേകിച്ച് നെന്മാറ വേല വെടിക്കെട്ട്. ഒരുപക്ഷേ, വരും വര്‍ഷങ്ങളില്‍ ലോക പ്രശസ്തി വരെ നേടാവുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് നെന്മാറവേല വെടിക്കെട്ട്. വേലയെക്കാള്‍ ആളുകള്‍ ഇരച്ചെത്തുന്നത് വെടിക്കെട്ട് കാണുവാനാണ്. നെന്മാറ വയലേലകളില്‍ മുഴങ്ങുന്ന അമിട്ടിന്റെ പെരുമ ഇപ്പോള്‍ കടല്‍ കടന്നുപോലും യാത്ര തുടങ്ങിയിരിക്കുന്നു.(വെടിക്കെട്ട് നടക്കുന്ന വയലില്‍ തിങ്ങിനിറഞ്ഞ പുരുഷാരം. അങ്ങ് അകലെ കാണുന്നത് വല്ലങ്ങിക്കാരുടെ ദീപാലംകൃതമായ പന്തല്‍-ഫോട്ടോ: പാമ്പള്ളി (നോക്കിയ എക്‌സ്6)


നെന്മാറയില്‍ പ്രധാനമായും രണ്ട് ദേശക്കാര്‍ ഉണ്ട്. നെന്മാറക്കാരും വല്ലങ്ങിക്കാരും. ഇരു ദേശക്കാര്‍ ചേര്‍ന്നാണ് ഉത്സവം ആഘോഷിക്കുന്നത്. ഇരു ദേശത്തും ധാരാളം കുടുംബങ്ങള്‍ ഉള്ളതാണ് ഉത്സവത്തിന്റെ പ്രധാന വിജയരഹസ്യം. അതിനേക്കാള്‍ ഉപരി, ഓരോ വീട്ടിലെ അംഗവും അവരുടെ സ്വന്തം ഉത്സവമായി നെന്മാറ വേലയെ കാണുന്നു. പലര്‍ക്കും വേല എന്നത് കുടുംബാഭിമാനമാണ്. അവരുടെ ഐശ്വര്യമാണ് വേല.


(മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ്. ആകാശത്ത് അഗ്നിസ്ഫുലിംഗങ്ങള്‍ കണ്ട് 
തൃപ്തിയടയാന്‍ വന്നണഞ്ഞ ജനക്കൂട്ടം നിലത്ത് ഉറങ്ങിയും കിടന്നും കാത്തിരിപ്പ് തുടരുന്നു.
-ഫോട്ടോ: പാമ്പള്ളി (നോക്കിയ എക്‌സ്6)


ഇരു ദേശക്കാര്‍ ഉള്ളതുകൊണ്ടു തന്നെ, വെടിക്കെട്ടും ഇരു ദേശക്കാര്‍ക്കും പ്രത്യേകം പ്രത്യേകമായിരിക്കും. എന്തിന്, പഞ്ചവാദ്യം, ശിങ്കാരിമേളം, എഴുന്നള്ളിപ്പ്, ആനകള്‍ എന്നിവയെല്ലാം ഓരോ ദേശത്തിനും തരം തിരിച്ചാവും അരങ്ങേറേറ്. ഇതില്‍ വെടിക്കെട്ടില്‍ ഇരു ദേശക്കാരും പരസ്പരം മത്സരിക്കും എന്നത് ഉത്സവത്തിന്റെ മറ്റൊരു ആവേശമാണ്. ഉത്സവത്തിന് ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ വെടിക്കെട്ടിന്റെ പെരുമയെപ്പറ്റി സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാനാവും. ഒരോ വര്‍ഷത്തെ വെടിക്കെട്ടുകളുടെ സവിശേഷതകള്‍, കൃത്യമായി ഓര്‍ത്തുവച്ച് അവിടുത്തെ നാട്ടുകാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു മിന്നായാം പോലെ എരിഞ്ഞമരുന്ന വെടിക്കെട്ടിന്റെ സ്വഭാവസവിശേഷതകള്‍, തീവ്രത ഇവയൊക്കെ നെന്മാറയിലും വല്ലങ്ങിയിലുമുള്ള ഓരോ ചെറിയ കുഞ്ഞിനും മനഃപ്പാഠമാണ്. 


കോടിക്കണക്കിന് രൂപയാണ് വെടിക്കെട്ടിന് മാത്രമായി നെന്മാറ-വല്ലങ്ങിക്കാര്‍ ചിലവഴിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. പക്ഷേ, കണക്കുകള്‍ ഒരിക്കലും അവര്‍ വെളിപ്പെടുത്താറുമില്ല. നെന്മാറയിലെ വെടിക്കെട്ട് കാണുവാന്‍ വൈകിട്ട് 6 മണിമുതല്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ജീപ്പുകളിലും ഇതര വാഹങ്ങളിലുമായി പുരുഷാരം പ്രവഹിക്കുവാന്‍ തുടങ്ങും. ഈ ദിവസം പാലക്കാട് ഒലവക്കോടോ, ടൗണിലോ നിന്നുകഴിഞ്ഞാല്‍, ചുരുങ്ങിയത് ഒരു നാലോ അഞ്ചോ ജീപ്പോ, കാറോ, ഓട്ടോറിക്ഷയോ, ബൈക്കുകാരോ നെന്മാറയിലേക്കുള്ള വഴി ചോദിച്ചിരിക്കും. ഒരു ഏഴുമണിയോടെ നെന്മാറയിലേക്കുള്ള വഴിയിലൂടെ വാഹനങ്ങളുടെ ഒഴുക്ക് ആരംഭിക്കും. അത് കാണേണ്ട കാഴ്ച തന്നെയാണ്. മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ പറന്നകലുന്നതുപോലെ വാഹനങ്ങളുടെ പുറകിലെ ചുമന്ന ലൈറ്റുകള്‍ സംഘമായി ഒഴുകി നീങ്ങുന്നത് വളരെ ഭംഗിയുള്ള കാഴ്ചയാണ്. നീണ്ട വയലേലകള്‍ക്ക് നടുവിലൂടെ ചുമന്ന ലൈറ്റ് കൂട്ടങ്ങള്‍ തീപ്പൊരി കണക്കെ പായുന്നത് വന്‍നഗരങ്ങളിലെ തിരക്കുപിടിച്ച ട്രാഫിക് പോലെ തോന്നിപ്പിക്കും.


(പടക്കം പൊട്ടി തുടങ്ങി ഏതാണ്ട് പത്തുമിനുട്ടിന് ശേഷമുള്ള കാഴ്ച
-വീഡിയോ: പാമ്പള്ളി (നോക്കിയ എക്‌സ് 6)

മീനത്തിലെ ആയില്യം നാള്‍ പുലര്‍ച്ചെയായിരിക്കും വെടിക്കെട്ട്. പുലര്‍ച്ചെ ഏതാണ്ട് മൂന്നരയോടെ ആദ്യ ദേശക്കാരുടെ വെടിക്കെട്ട് ആരംഭിക്കും. ഏതാണ്ട് 15-20 മിനുട്ടോളം നീളുന്നതായിരിക്കും വെടിക്കെട്ട്. വളരെ സൗമ്യമായി പൊട്ടിത്തുടങ്ങി, പത്തു മിനുട്ടാവുന്നതോടെ മാലയായി കിടക്കുന്ന ഓലപ്പടക്കത്തിന്റെ കൂട്ടത്തിന് തീപിടിക്കും. പിന്നെ, ഒരഞ്ചു പത്തു മിനുട്ട് അതു തന്നെയാണ്. തുടര്‍ന്ന് അതിന്റെ തീവ്രതകൂടിക്കൂടി വന്ന്, ഒടുക്കത്തില്‍ ഉണ്ടാവുന്ന കൂട്ടപ്പൊരിച്ചില്‍ അതി ഭീകരമാണ്. അവര്‍ണ്ണനീയമാണ് ആ കാഴ്ച. ക്യാമറകളില്‍ പോലും നമുക്കതിന്റെ ഭംഗിയും ഭീകരതയും ഒപ്പിയെടുക്കുവാന്‍ സാധ്യമല്ല. 


വല്ലങ്ങിക്കാരാണ് പൊതുവെ ആദ്യവെടിക്കെട്ട് നടത്തുക. തുടര്‍ന്ന് ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞ്, പുകയാല്‍ കലുഷിതമായ അന്തരീക്ഷം ഒന്നു തെളിഞ്ഞു കഴിഞ്ഞാല്‍, അതാ നെന്മാറയുടെ വെടിക്കെട്ട് ആരംഭിക്കുകയായി. പിന്നീടങ്ങോട്ട് വൈവിധ്യങ്ങളുടെ തിരയിളക്കമായിരിക്കും. പൊതുവെ നെന്മാറക്കാരാണ് വല്ലങ്ങിക്കാരുടേതിനേക്കാള്‍ ആലങ്കാരികമായും, തീവ്രതയോടെയും വെടിക്കെട്ട് അവതരിപ്പിക്കാറുള്ളത്. ചിലപ്പോഴൊക്കെ മറിച്ചും സംഭവിക്കാറുണ്ട്.


ഈ വെടിക്കെട്ട് നടത്തുവാന്‍ വേണ്ടി ഏത്രയോ ഏക്കറുകള്‍ വലലേലകള്‍ ദേവസ്വം വാങ്ങിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഏറ്റവും വലീയ വെടിക്കെട്ടായ നെന്മാറ വെടിക്കെട്ടിന് ഏറ്റവും നല്ല സുരക്ഷിതത്വവും ഉണ്ട് എന്നത് വലീയൊരു സത്യമാണ്. നല്ല വായുസഞ്ചാരമുള്ള, ഏക്കറുകണക്കിന് സ്ഥലം വെടിക്കെട്ടിനായിമാത്രം നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. പരിസരങ്ങളിലൊന്നും വീടുകളോ, വന്‍കെട്ടിടങ്ങളോ ഇപ്പോഴില്ല. തൃശ്ശൂര്‍ വെടിക്കെട്ടിന് തീവ്രത കുറയ്ക്കാന്‍ ചുറ്റുമുള്ള ബില്‍ഡിങ് ഓണേഴ്‌സ് പരാതി കൊടുത്തത് ഈ അവസരത്തില്‍ ഓര്‍ക്കുക. നെന്മാറയില്‍ ഇത്തരത്തില്‍ വെടിക്കെട്ടിനുള്ള സാധ്യത ഉള്ളതുകൊണ്ടും രണ്ടു മലകള്‍ക്കിടയിലുള്ള സ്ഥലമായതിനാലും നെന്മാറയില്‍ പൊട്ടുന്ന ഓരോ അമിട്ടും ക്വിറ്റല്‍ കണക്കിന് തീവ്രതയുള്ളതാവും. 


വെടിക്കെട്ടിന്റെ ദിവസം വൈകിട്ട് മുതല്‍ പുരുഷാരത്തിന്റെ പ്രവാഹമായതിനാല്‍ അമ്പലത്തിന് ഏതാണ്ട് 5 കിലോമീറ്റര്‍ മാറി വാഹനങ്ങള്‍ ബ്ലോക്ക് ചെയ്യും. അകത്തേക്ക് കടത്തി വിടാറില്ല. പാലക്കാടു നിന്നും ഏതാണ്ട് 40 കിലോമീറ്റര്‍ മാറിയാണ് നെന്മാറ. നെന്മാറയിലേക്ക് എത്താന്‍ വിവിധ വഴികള്‍ ഉണ്ട്. തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്നവര്‍ പാലക്കാട്-തൃശ്ശൂര്‍ റോട്ടിലൂടെ വന്ന് ആലത്തൂരില്‍ നിന്നും തിരിഞ്ഞ് നെന്മാറയിലേക്ക് വരാം. എന്നാല്‍, കോഴിക്കോട് ഭാഗത്തു നിന്നും പോകുന്നവര്‍ പാലക്കാട് ടൗണില്‍ നിന്നും കൊടുവായൂര്‍ വഴിയും കുനിശ്ശേരി വഴിയും നെന്മാറയിലേക്ക് എത്താം. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പോവുന്നത് കൊടുവായൂര്‍-നെന്മാറ വഴിയായതിനാല്‍ ആ വഴിയിലെ തിരക്ക് കൂടുതലായിരിക്കും. കോയമ്പത്തൂരില്‍ നിന്നും വരുന്നവര്‍ക്കും പാലക്കാട് ടൗണില്‍ വന്നിട്ടുവേണം പോവാന്‍. എന്നാല്‍ പൊള്ളാച്ചി ഭാഗത്തു നിന്നും വരുന്നവര്‍ക്ക് കൊല്ലങ്കോടുനിന്നും നേരിട്ട് നെന്മാറയിലേക്ക് പോവാം.

പുലര്‍ച്ചയോടെ വെടിക്കെട്ട് കഴിഞ്ഞ് ആളുകള്‍ തിരികെ പോവുന്നത് കാണേണ്ടുന്ന കാഴ്ചയാണ്. ബസ്സുകള്‍ക്ക് മുകളില്‍ കയറിയും, തള്ളിയും പലഭാഗത്തേക്കും ആളുകള്‍ കയറിപ്പോവുന്നതും സവിശേഷ കാഴ്ചയാണ്. ധാരാളം പേര്‍ നേരത്തെ വന്ന് വയലേലകളില്‍ പായ വിരിച്ച് കിടന്നുറങ്ങും. കള്ളിന്റെ ലഹരിയില്‍ കിടന്നുരുളുന്നവരും ഇക്കൂട്ടത്തിലുണ്ടാവാറുണ്ട്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഇത്തവണ അതു കൂടുതലാണ്. എങ്കിലും എല്ലാം മറന്ന്, ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ വെടിക്കെട്ട് കാണാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഒഴുകിയെത്തുന്ന മറ്റൊരു സ്ഥലം ഉണ്ടെന്ന് തോന്നുന്നില്ല. കാണാത്തവര്‍ ഉണ്ടെങ്കില്‍, ഒരിക്കലെങ്കിലും നെന്മാറ വെടിക്കെട്ട് കാണണം. എക്കാലവും മനസ്സില്‍ സൂക്ഷിക്കാവുന്ന ഓര്‍മ്മയായിരിക്കും നെന്മാറ-വല്ലങ്ങി വെടിക്കെട്ട്.

4 comments:

കണ്ണന്‍ | Kannan said...

അടുത്ത വർഷം എന്തായാലും നേരിൽക്കാണണം

Kalavallabhan said...

പാമ്പള്ളിയുടേ ആവേശം എഴുത്തിൽ തെളിഞ്ഞ്‌ കാണുന്നുണ്ട്‌.
ചൂടോടെ പോസ്റ്റിയത്‌ നന്നായി.

വീ കെ said...

ഒരിക്കൽ തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനു പോയതോർമ്മയുണ്ട്. അവസാനത്തെ കൂട്ടപ്പൊരിച്ചിൽ സഹിക്കാനാവില്ലായിരുന്നു. കാണാനും ആയില്ല. റോഡുൾപ്പടെ വിറകൊള്ളുമ്പോൾകാലൊന്നു നിലത്തുറച്ചു നിന്നിട്ടു വേണ്ടെ കാണാൻ...!!

ആശംസകൾ...

മണ്ടൂസന്‍ said...

പൂരം കണ്ടു വെടിക്കെട്ട് ആസ്വദിച്ചു. അടുത്ത പ്രാവശ്യം പറ്റുമെങ്കിൽ വരണം. അറിയിച്ചതിന് നന്ദി. ആശംസകൾ.

Post a Comment