Aug 24, 2011

മകളുടെ നഷ്ടം...?


മഹാനദികളും മാമലകളും നിറഞ്ഞ പാലക്കാട്. കര്‍ക്കിടകക്കുളി കഴിഞ്ഞ് പാടങ്ങളും പാടവരമ്പുകളും ചിങ്ങത്തിലേക്ക് എത്തിനോക്കുന്ന ദിവസം.  കാലത്ത് ഒലവക്കോട്ടു നിന്നും കൊല്ലങ്കോടേയ്ക്കുള്ള യാത്ര.  പുലര്‍ച്ചയായതിനാല്‍ നേര്‍ത്ത കോടമഞ്ഞുവീണ റോഡ്‌. ദൂരെ കുളിരുമരം പോലെ പനകള്‍ വിറങ്ങലിച്ചു നിന്നു.  


വിജനമായ വഴിയോരം മുഴുവന്‍ പച്ചപിടിച്ചു നിന്നിരുന്നു, വഴിയോരത്തെ കുളങ്ങളൊക്കെ നിറഞ്ഞു കവിഞ്ഞും.  ദൂരെ ചെറുരൂപങ്ങളെപ്പോലെ കാലത്തുതന്നെ പാടത്ത് ജോലി ചെയ്യുന്ന 'ഷര്‍ട്ടിട്ട' സ്ത്രീകള്‍.  അങ്ങകലെ സീതാര്‍കുണ്ട് കാണാമായിരുന്നു.  കൊല്ലങ്കോട്ടു നിന്നും ഗോവിന്ദാപുരം റോഡിലേക്ക് കയറിയാല്‍ വലതുവശത്ത് സീതാര്‍കുണ്ട് വെള്ളച്ചാട്ടം കാണാം. 


അമ്മയുടെ പഴയ ഇടിഞ്ഞുപൊളിഞ്ഞ തറവാടിനടുത്തായി മാമന്‍റെ വീടുണ്ട്. അങ്ങോട്ടേക്കാണ് യാത്ര.  വീട്ടിലെത്തിയപ്പോള്‍ മാമന്‍റെ കൊച്ചുമകള്‍ ശ്രീഷ്ണ എന്നോടൊപ്പം പാടത്തേക്കിറങ്ങി.  പാടവരമ്പിലൂടെ അവള്‍ ഒരു കുഞ്ഞാറ്റയെപ്പോലെ ഓടി നടന്നു.  അടുത്തു കണ്ട വേലിയെയും, പാടത്തെ ചളിയേയുമെല്ലാം അവഗണിച്ച്, നഗ്നപാദയായി അവള്‍ പാറി നടന്നു.


ഞാനോര്‍ത്തു, ഫ്ലാറ്റുകളില്‍ ബാല്യം ഹോമിക്കപ്പെടുന്ന നൂറായിരം പെണ്‍കുഞ്ഞുങ്ങള്‍. കാലം മാറിയതനുസരിച്ച് മെക്കാനിക്കല്‍ ജീവിതത്തിലേക്ക് വഴിമാറുന്ന ഈ കാലത്ത് അവര്‍ക്ക് നഷ്ടം ഈ ബാല്യമാണ്, പ്രകൃതിയുടെ ചൂരാണ്. 


ശ്രീഷ്ണ മരത്തിലേക്ക് പാഞ്ഞു കയറി. എന്‍റെ പോക്കറ്റിലെ എഫ്.എമ്മില്‍ 'മദിരാശിപ്പട്ടണം' എന്ന ചിത്രത്തിലെ ഗാനം ഒഴുകിയെത്തി.  മുന്‍പ്, മരം കേറിയെന്ന പ്രയോഗത്തെ പേടിച്ചും ആരും കാണാതെ മരം കയറാറുണ്ടെന്ന് അമ്മ പറയാറുള്ളത് ഓര്‍ത്തു. ഫ്ലാറ്റുകളിലെ നാലു ചുവരുകളില്‍ തളച്ചിടപ്പെടുന്ന എന്‍റെ മകള്‍ക്ക് പോലും ഇതെല്ലാം നഷ്ടം....


കുഞ്ഞുങ്ങളെ പ്രകൃതിയിലേക്ക് വിടുക....
അവര്‍ പ്രകൃതിയെ അറിഞ്ഞ് വളരട്ടെ....

6 comments:

keraladasanunni said...

സീതാര്‍കുണ്ട് വെള്ളച്ചാട്ടവും, ഗോവിന്ദാപുരം റോഡിലൂടെ ഒരു കാലത്ത് ഇടതടവില്ലാതെ പോയിക്കൊണ്ടിരുന്ന കാളവണ്ടികളും, വയല്‍വരമ്പുകളില്‍ കാവല്‍ നില്‍ക്കുന്ന കരിമ്പനകളും, പാലക്കാടന്‍ ഗ്രാമീണഭംഗി നിറഞ്ഞു തുളുമ്പുന്നവയാണ്. പരിചയമുള്ള സ്ഥലങ്ങള്‍ ആയതിനാലാവാം ഈ പോസ്റ്റ് എന്നെ ഏറെ ആകര്‍ഷിച്ചത്. ഈ കാരണംകൊണ്ടുതന്നെയാണ് ഞാന്‍ 
എഴുതിയ " ഓര്‍മ്മത്തെറ്റുപോലെ " എന്ന നോവലിന്ന് ഈ പ്രദേശം പശ്ചാത്തലമാക്കിയതും .

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

പാലക്കാടന്‍ വയലുകള്‍ക്കും കരിമ്പനകള്‍ക്കും പ്രകൃതിയുടെ പ്രത്യേക പരിഗണന ലഭിച്ചവയാണ്. പ്രകൃതിയുടെ ഏറ്റവും ഓമനയായ അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്നാണ് പാലക്കാട്. നേരം പുലര്‍ന്നു വരുന്ന സമയം...കുളിര്‍മഞ്ഞ് പടര്‍ന്നു വീഴുന്ന സമയം, ബൈക്കില്‍ ഒരു മിനിമം സ്പീഡില്‍, പതുക്കെ ഈ വയലേലകളുടെ നടുവിലൂടെ
പതുക്കെ യാത്രചെയ്യാന്‍ എനിക്കെന്നും ഇഷ്ടമാണ്......

ചെറുവാടി said...

അവര്‍ ഓടികളിക്കട്ടെ.
മണ്ണില്‍ തൊട്ട്, മണ്ണിനെ അറിഞ്ഞ് അവര്‍ വളരട്ടെ.
നാട്ടിലെത്തിയാല്‍ ഞാനും അറിയുന്നതാണ് എന്‍റെ കുട്ടികളുടെ ആവേശം
മനോഹരമായ ആ പാലക്കാടന്‍ പ്രകൃതിയുടെ കുറെ ചിത്രങ്ങള്‍ ഇടാമായിരുന്നില്ലേ സന്ദീപ്‌..?

--

INTIMATE STRANGER said...

ഇഷ്ടമായിട്ടോ ... എന്‍റെ കുട്ടിക്കാലത് രണ്ട് വര്‍ഷത്തോളം പാലക്കാട് ഒറ്റപാലത് ആയിരുന്നു ഞങ്ങള്‍.. പിന്നീടു ഒരിക്കലും അങ്ങോട്ട പോകാന്‍ കഴിഞ്ഞിട്ടില്ല..ഒരു ഒറ്റപ്പാലം യാത്ര ഇപ്പോഴും സ്വപ്നം പോലെ മനസ്സില്‍ ഉണ്ട്..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഹൃദ്യമായ വിവരണം.നല്ല അവതരണം.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

നല്ല വാക്കുകള്‍ പറഞ്ഞ എല്ലാ നല്ല കൂട്ടുകാര്‍ക്കും...നന്ദി...

Post a Comment