Feb 16, 2013

ചൂണ്ടക്കാര്‍...


ഇത് കോഴിക്കോട് നഗരത്തിലേക്കുള്ള പ്രധാന ബൈപ്പാസ്. രാമനാട്ടുകരയില്‍ നിന്നും കണ്ണൂര്‍ റോഡിലേക്ക് വരെ നീണ്ടുകിടക്കുന്ന ഏതാണ്ട് വളവുതിരിവുകളില്ലാത്ത നീണ്ടപാത. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമുണ്ട്. അറപ്പുഴപ്പാലം. കോഴിക്കോട്ടെ അറിയപ്പെടുന്ന സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നായ 'കടവ്' റിസോര്‍ട്ട് ഈ പുഴയുടെ കരയിലാണ്. 


പ്രകൃതിരമണീയമായ ഈ പാലത്തിന്റെ ആരംഭത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ടോള്‍ ജംഗ്ഷനുമുണ്ട്. അപ്പോള്‍ പലര്‍ക്കും വളരെപ്പെട്ടന്ന് ഈ സ്ഥലം ഓര്‍ത്തിരിക്കാന്‍ സാധിക്കും.


ഈ അറപ്പുഴ, പന്തീരാങ്കാവ്, മണക്കടവ് എന്നിവയാണ് ഈ പുഴയോട് ചേര്‍ന്നുകിടക്കുന്ന പ്രധാന സ്ഥലങ്ങള്‍. മുന്‍പ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും അറിയാതെ ഈ അറപ്പുഴയില്‍ വരുമായിരുന്നു. തോണി കയറാന്‍. പിന്നീട് ചൂണ്ടയിടലായി പ്രധാന വിനോദം.


 അന്ന് മണിക്കൂറുകള്‍ നിന്നാലും വല്ല പരലും കൊത്തിയാലായി. പക്ഷേ, ഈ അറപ്പുഴയ്ക്ക് കുറുകെ സര്‍ക്കാര്‍വക പാലം വന്നതോടെ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് (പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവര്‍) പാലം പണി നടക്കുമ്പോഴേ അതിന്റെ കുറ്റിയില്‍ കയറിനിന്ന് ചൂണ്ടയിടുക എന്നത് പ്രധാന ഹോബിയായി. 

എന്നാല്‍ ഇടക്കാലത്ത് മൊബൈലും, ഇന്റര്‍നെറ്റും ശക്തമായതോടെ ഇത്തരക്കാര്‍ കുറഞ്ഞു. പിന്നെ ഉപജീവനത്തിനു വേണ്ടി കുറച്ചുപേര്‍ പുഴമത്സ്യം പിടിക്കുമെന്ന് മാത്രം. പക്ഷേ, ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലത്തിന്റെ ഇരു കരകളിലും വൈകുന്നേരം ബഹുരസമാണ്. 


നമുക്ക് ആ പാലത്തില്‍ നിരനിരയായി നിന്ന് ചൂണ്ടയിടുന്ന അബാലവൃദ്ധം ജനങ്ങളെ കാണാം. ഞായറാഴ്ചകളില്‍ ചിലപ്പോള്‍ ചെന്നാല്‍ നമുക്ക് നടക്കാന്‍ കൂടി സ്ഥലമുണ്ടാവില്ല. അത്രയും ആളുകള്‍ ചേര്‍ന്ന് ഒരുമിച്ച് ഇതുപോലെ ചൂണ്ടയിടുന്ന മറ്റൊരു സ്ഥലം (ഞാന്‍) കണ്ടിട്ടില്ല. 


കാലം പോയഒരു പോക്കേ. ഇപ്പോള്‍ ജീന്‍സിന്റെ പോക്കറ്റില്‍ മൊബൈലും, പുറത്ത് ലാപ്‌ടോപ്പും വച്ച്, ചെവിയില്‍ കടുക്കനുമിട്ട് വൈകുന്നേരം പാലത്തിന്റെ ഒരു കരയില്‍ ബൈക്ക് നിര്‍ത്തി, ജോലിക്കു പോവുന്ന തീവ്രതയോടെ വന്ന് ചൂണ്ടയിടുന്ന കാഴ്ച! ഞാനന്തം വിട്ടുപോയി. 


ഒരു സമൂഹത്തിലെ പലവിധ പ്രായക്കാരെയും നിങ്ങള്‍ക്കിവിടെ കാണാം. ഇനി എന്നാണാവോ സ്ത്രീജനം വന്നിരച്ചു കയറി ചൂണ്ടയിടുന്നത് എന്നാര്‍ക്കറിയാം. അപ്പോള്‍ അവിടെ പിന്നീട് വരുന്നവര്‍ ചൂണ്ടയിടുന്നത് മീനിനു വേണ്ടിയാവില്ലാന്നു മാത്രം.

2 comments:

Ashraf Ambalathu said...

എന്റെ നാട്ടിലും ചൂണ്ടയിട്ടു മീന്‍പിടിക്കുന്ന കടവുകളും,
പുഴയുമെല്ലാം ഉണ്ടെങ്കിലും ഇത്രയധികം പേര്‍ ഒരുമിച്ചു നിന്ന് ചൂണ്ടയിടുന്നത് ഞാനും ആദ്യമായിട്ടാണ് കാണുന്നത്.
മനോഹരമായ ഈ പാലവും പരിസരവും പരിചയപ്പെടുത്തിയതിനു നന്ദി....

vettathan g said...

ഫറോക്ക് പാലത്തിലും കാണാം ചൂണ്ടക്കാരെ.പലര്‍ക്കും ഇതൊരു വിനോദം മാത്രമാണു.

Post a Comment