ഐ.വി.ശശി. മലയാള സിനിമകണ്ട പ്രത്ഭരില്‍ ഒരാള്‍. എണ്ണമറ്റ സിനിമകള്‍...ചിത്രങ്ങള്‍, തികഞ്ഞ കലാകാരന്‍. ശശിസാറിനെപ്പറ്റി എനിക്ക് വളരെ നല്ലൊരു ഓര്‍മ്മയുണ്ട്. പലപ്പോഴും അദ്ദേഹത്തെ ചെന്നുകാണണമെന്ന് പലതവണ ഓര്‍ത്തിരുന്നു. അക്കാര്യം ഞാന്‍ എന്റെ പ്രൊഡ്യൂസറായ ഷിബുസാറിനോടും ഒരിക്കല്‍ സൂചിപ്പിച്ചിരുന്നതുമായിരുന്നു.
ഏതാണ്ട് 2001 ല്‍ ഞാന്‍ മാതൃഭൂമിയില്‍ കമ്പ്യൂട്ടര്‍ സെക്ഷനില്‍ ജോലിക്ക് പ്രേവിശിച്ച കാലം. നാടകത്തില്‍ നിന്നും സിനിമജ്ജ്വരം തലയ്ക്ക് പിടിച്ച കാലം. കൈമുതലായി വെറും കുറച്ചു കുഞ്ഞു ലോക്കല്‍ പരസ്യങ്ങള്‍ ചെയ്തതിന്റെ അറിവും, പിന്നെ കുറെ കഥകള്‍ എഴുതി പ്രസിദ്ധീകരിച്ചതിന്റെ അഹങ്കാരവും മാത്രം ബാക്കി. നാടകം എഴുതി സംവിധാനം ചെയ്യാറുണ്ട് എന്ന ഒരു തട്ടകത്തിന്‍മേലെ കയറിയാണ് ഞാന്‍ സിനിമയിലേക്കുള്ള എന്റെ സ്വപ്‌നത്തിന്റെ പാലം നിര്‍മ്മിച്ചത്.
അങ്ങനെ സമകാലീന മാധ്യമങ്ങളിലൊക്കെ ചെറുകഥകള്‍, ഫീച്ചറുകള്‍ സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന കാലത്ത് ഞാന്‍ രണ്ട്മൂന്ന് സ്‌ക്രിപ്റ്റുകള്‍ എഴുതിവച്ചിരുന്നു. അന്ന് എനിക്ക് ഉദ്ദേശം 21 വയസ്സുമാത്രമെ കാണുകയുള്ളൂ. ഒരിക്കല്‍ ഒരു സുഹൃത്ത് വഴി പാലക്കാടുള്ള സഫീല്‍ എന്ന ഒരു പ്രൊഡ്യൂസറെ പരിചയപ്പെടാന്‍ പറ്റി. ഫോണില്‍ കൂടെ മാത്രമുണ്ടായ സൗഹൃദം. ഒരിക്കല്‍ അദ്ദേഹത്തോടെ എന്റെ സിനിമ കമ്പത്തെപ്പറ്റി ഞാന്‍ വാചാലനായി. അദ്ദേഹം നല്ല കഥയുണ്ടോ, അതും യൂത്ത് ഓറിയന്റായിട്ടുള്ളത് എന്ന് ചോദ്യത്തിന് എന്റെ ഏറ്റവും ആദ്യം എഴുതി വച്ച സ്‌ക്രിപ്റ്റ് '' ഐ '' പറയാമെന്ന് പറഞ്ഞു. എന്റെ സിനിമയുടെ പേരും അദ്ദേഹത്തിനെ വല്ലാതെ അകര്‍ഷിച്ചു.
അദ്ദേഹം വിളിച്ചതു പ്രകാരം ഞാന്‍ പാലക്കാടേക്ക് വണ്ടികയറി. പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍ സഫീല്‍ ഭായ് വന്ന് എന്നെ കൂട്ടി. ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചിരുന്നു. സംസാരത്തിനിടെ അദ്ദേഹത്തിന് എന്നെ നന്നേ ബോധിച്ചു. എന്റെ സബ്ജക്ടും. പക്ഷേ, മുഴുവന്‍ സ്‌ക്രിപ്റ്റ് വായിച്ച് ശീലമില്ലെന്നും, അതിനെ ഗുണങ്ങളെ വിലയിരുത്താന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം എന്റെ മുന്നില്‍ നിന്നും ഒരു ഫോണ്‍ ചെയ്തു. ആരോടോ സംസാരിച്ചു. ആരാണെന്നോ, എന്താണെന്നോ എനിക്കറിയില്ല. പക്ഷേ, നമുക്ക് ഈ പ്രൊജക്ട് ചെയ്യാം എന്നുമാത്രം അദ്ദേഹം എന്നോട് പറഞ്ഞു. എന്റെ സ്വപ്‌നങ്ങള്‍ക്ക് ഒരായിരം ചിറക് മുളച്ചു. സഫീല്‍ഭായ് ഒരു ദൈവത്തെപ്പോലെ എന്റെ മുന്‍പില്‍ നില്‍ക്കുന്നതായി എനിക്ക് തോന്നി. എന്നെയും വണ്ടിയില്‍ കയറ്റി അദ്ദേഹം പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റിന് അടുത്തുള്ള എ.ടി.എസ് റസിഡന്‍സിയിലേക്ക് ചെന്നു. എന്തിനാണ് അവിടെ പോകുന്നതെന്നോ, എന്തിനാണ് പോകുന്നതെന്നോ എനിക്കറിയില്ലായിരുന്നു. റിസപ്ഷനില്‍ എന്നെ ഇരുത്തി അദ്ദേഹം എങ്ങോട്ടോ പോയി. ഒരു രണ്ടുമിനുട്ട് കഴിഞ്ഞ് വന്ന് എന്നെയും കൂട്ടി ഒരു സൂട്ട്‌റൂമിലേക്ക് കയറി.
മുറിയില്‍ ഒരു വെള്ളതൊപ്പിയിട്ട് ടിവിയില്‍ ഇന്ത്യയുടെ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുന്ന, പുറം തിരിഞ്ഞിരിക്കുന്ന ഒരു ഇരുനിറത്തിലുള്ള മനുഷ്യന്‍. അദ്ദേഹം ടിവിയില്‍ നിന്ന് കണ്ണെടുക്കാതെ സഫീല്‍ ഭായിനോട് സംസാരിച്ചു. എനിക്കപ്പോഴും ആരാന്ന് മനസ്സിലായില്ല. രണ്ട്മൂന്ന് മിനുട്ട് കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് നേരെ എന്റെടുത്തേക്ക് നടന്നു വന്നു. ആ മുഖം എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. സാക്ഷാല്‍ ഐ.വി.ശശി. സ്വപ്‌നത്തില്‍പ്പോലും ഞാന്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം നേരെ വന്നു സുസ്‌മേര വദനനായി എനിക്ക് ഷെയ്ക്ക് ഹാന്റ് നല്‍കി. എന്നെ പരിചയപ്പെട്ടു. ഞാന്‍ പെട്ടെന്ന് തലയ്ക്ക് ഒരടികിട്ടിയതുപോലെ ആയി...അവളുടെ രാവുകളും, ഉത്സവും, എന്റെ മനസ്സില്‍ കത്തിക്കയറി. മണിക്കൂറുകള്‍ എടുത്ത് അദ്ദേഹം ഒറ്റയിരിപ്പിന് എന്റെ തിരക്കഥ '' ഐ '' വായിച്ചു തീര്‍ത്തു. എന്നോട് ഒരുപാട് സംസാരിച്ചു. ''നിങ്ങള്‍ മികച്ച ഒരു സിനിമാക്കാരനാവും. മോന്റെ ശക്തമായ എഴുത്ത് എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തി'' എന്ന് അദ്ദേഹം തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചു പറഞ്ഞു. എന്റെ സിനിമാ സംരംഭത്തില്‍ ഏറ്റവും ആദ്യ അനുഭവമായിരുന്നു അത്. ഒരായിരം അവാര്‍ഡുകള്‍ ലഭിച്ചതിന് തുല്ല്യമായിരുന്നു ആ വാക്കുകള്‍. അദ്ദേഹമാണ് എന്റെ തിരക്കഥ ആദ്യമായി വായിച്ചത്. അദ്ദേഹമായിരുന്നു എനിക്കേറെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തന്നതും.
അതിന് ശേഷം അദ്ദേഹം ആ തിരക്കഥയുമായി ടി. ദാമോദരന്‍ മാസ്റ്ററെ ചെന്നു കാണാന്‍ പറഞ്ഞു. അദ്ദേഹം അതില്‍ കുറച്ചു തിരുത്തലുകള്‍ വരുത്തിക്കഴിഞ്ഞാല്‍ ആ സിനിമ നമുക്ക് ചെയ്യാമെന്ന് ശശിസാര്‍ പ്രൊഡ്യൂസറോട് പറഞ്ഞു. പക്ഷേ...ഭാഗ്യം എന്നെ തുണച്ചില്ല. ആ പ്രൊജക്ട് നടന്നില്ല. തുടങ്ങി എന്നുകരുതിയ ആ പ്രൊജക്ട് നിലച്ചുപോയി. അന്ന് ഞാന്‍ എഴുതിയ കഥയുമായി സാമ്യമുള്ളതായിരുന്നു പിന്നീട് തമിഴില്‍ പുറത്തിറങ്ങിയ 'തുള്ളുവതോ ഇളമൈ' ആരും കട്ടതും പറഞ്ഞതുമൊന്നുമല്ല. എന്തോ എന്റെ കഥയുമായി സാമ്യം വന്നുപോയതാണ്.. പക്ഷേ....മനസ്സില്‍ ഐ.വി.ശശിസാറിനെ കാണാനും ദാമോദരന്‍ മാസ്റ്ററുമായി എന്റെ തിരക്കഥ അദ്ദേഹം ഡിസ്‌കസ് ചെയ്യാനുമുള്ള സാഹചര്യം അന്നുണ്ടായി. പ്രൊജക്ട് നടന്നാലും ഇല്ലെങ്കിലും അവരുടെ കൊച്ചുമകനാകാന്‍ മാത്രം പ്രായമുള്ള എന്റെ കഥകളിലൂടെ ആ മഹത്‌വ്യക്തികളുടെ മനസ്സു സഞ്ചരിച്ച നിമിഷം മുതല്‍ ഞാന്‍ ധന്യനായി....നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് എന്റെ ആദ്യ സിനിമ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഇതിനിടെ ഒരിക്കല്‍ എന്റെ പ്രൊഡ്യൂസര്‍ സാറായ ഷിബു.ജി.സുശീലന്‍ സാറുമായി ഐ.വി.ശശിസാറിന്റെ കാര്യം സംസാരിച്ചു. അന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. '' നമ്മുടെ സിനിമ പൂര്‍ത്തിയായിട്ട് നമുക്ക് അദ്ദേഹത്തിനെ ചെന്നൈ ചെന്ന് ഒന്നു കാണണം'' ഷിബുസാര്‍ ആയിക്കോട്ടെ എന്നും പറഞ്ഞു. സിനിമി പൂര്‍ത്തിയാവാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ...അദ്ദേഹം നമ്മളെയെല്ലാം തനിച്ചാക്കി അന്തമായ യാത്ര തുടര്‍ന്നു...എല്ലാവരുടെയും മനസ്സിന്റെ അഗാധ തലങ്ങളിലേക്ക്....
ചിലപ്പോള്‍ ശശിസാര്‍ പോലും എന്നെ മറന്നു കാണും....പക്ഷേ...എന്റെ തിരക്കഥയുടെ വേരുകളില്‍ മനസ്സുവച്ച് അനുഗ്രഹിച്ചു....അതുമതി എനിക്ക് ഒരായുഷ്‌കാലം.....
അദ്ദേഹത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.....വേദനയോടെ....
0 comments:
Post a Comment