Oct 31, 2011

വടപളനിയിലെ സ്‌നേഹം


വടപളനിയിലെ സ്‌നേഹം

സ്ഥലം ചെന്നൈ. ഇന്ത്യയിലെ അറിയപ്പെടുത്ത മഹാനഗരങ്ങളില്‍ ഒന്ന്. ചെന്നൈ സെന്‍ട്രലില്‍ ചെന്നിറങ്ങിയപ്പോള്‍ ഞാന്‍ അറിയാതെ ആദ്യമായി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത് ഓര്‍ത്തുപോയി. അത് എനിക്കൊരിക്കലും മറക്കുവാനാകില്ല. ചെന്നൈ സെന്‍ട്രലില്‍ നിന്നും ഏതാണ്ട് എട്ടു പത്തു കിലോമീറ്റര്‍ ചെന്നാണ് വടപളനി.

ഇന്ത്യയിലെ പ്രധാന സിനിമാ കേന്ദ്രങ്ങളില്‍ ഒന്ന്. അറിയപ്പെടുന്ന സിനിമാ സ്റ്റുഡിയോകളായ ഭരണി, പ്രസാദ്, എ.വി.എം തുടങ്ങിയ നിരവധി ടെക്‌നിക്കല്‍ വര്‍ക്കുകള്‍ നടക്കുന്ന സ്ഥലം. വടപളനിയിലൂടെ നടക്കുക വളരെ രസകരമായ അനുഭവമാണ്. 

നമ്മള്‍ കേരളീയരെപ്പോലെ ജോലി ചെയ്യാന്‍ മടിയുള്ളവരല്ല തമിഴ്‌നാട്ടുകാര്‍. അവര്‍ എന്തു ജോലിയും ചെയ്യും. വഴിനീളെ കൊച്ചുകൊച്ചു ഹോട്ടലുകള്‍, പലവിധ ആക്രി സാധനങ്ങള്‍ വില്‍ക്കുന്നവര്‍, ഉന്തുവണ്ടിയില്‍ പലവിധ സാധനങ്ങള്‍ വില്‍ക്കുന്നവര്‍, ഓട്ടോ റിക്ഷാക്കാര്‍...അങ്ങിനെ പോവുന്നു കാഴ്ചകള്‍.

എ.വി.എം. സ്റ്റുഡിയോവിന്റെ മുന്‍പിലൂടെ നടന്നപ്പോഴാണ് വിചിത്രമായ കാഴ്ച ഞാന്‍ കണ്ടത്. ഒരു കാക്ക അവശയായി നിലത്തു വീണു കിടക്കുന്നു. വാസ്തവത്തില്‍ ക്യാമറ സുഹൃത്തിന്റെ കയ്യിലേല്‍പ്പിച്ച്, ഞാന്‍ അതിനെ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എങ്കിലും അവശനായി കിടക്കുന്ന കാക്കയെ ഒന്നു ഫ്രയിമില്‍ പകര്‍ത്താമെന്ന് കരുതി ഒരു രണ്ടു നിമിഷം അതിനെ ക്യാമറയില്‍ പകര്‍ത്തി. പക്ഷേ, പിന്നീട് നടന്നത് വളരെ വിചിത്രമായ കാര്യമാണ്. നിങ്ങള്‍ കാണൂ.....എന്റെ ചെന്നൈ കാഴ്ചകളില്‍ ഒന്ന്.....



Oct 24, 2011

കാവില്‍പ്പാട്ടെ ദാഹജലം!



കാവില്‍പ്പാട്ടെ പാടം-ഫോട്ടോ: പാമ്പള്ളി


കാക്കക്കാലുപോലും ചുട്ടുപൊള്ളുന്ന മീനമാസത്തില്‍ ഏറെ നടന്നു കഴിയുമ്പോള്‍ ആര്‍ക്കും ക്ഷീണം തോന്നും. അത് തികച്ചും സ്വാഭാവികം. അപ്പോള്‍ ഒരിറക്ക് കുടിവെള്ളം കിട്ടിയാലോ..? ഹോ!  ശരീരവും മനസ്സും തണുത്തുറഞ്ഞ് തുടികൊട്ടും.




ഇത് കാവില്‍പ്പാട്. കേരളത്തിലെ പാലക്കാട് ഒലവക്കോടു നിന്നും കേവലം മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഒരു കൊച്ചുഗ്രാമം. ഇവിടെ ഒരു റെയില്‍വേ ഗേറ്റ്, മൂന്ന് അമ്പലങ്ങള്‍, ഒരു ചായക്കട, രണ്ട് പലചരക്കുകട, ഒരു പോസ്റ്റോഫീസ്, ഒരു റേഷന്‍കട. കഴിഞ്ഞു. പിന്നെ, കാവില്‍പ്പാടുകാര്‍ക്ക് മാത്രമായി  അര മണിക്കൂര്‍ ഇടവിട്ട് സോപ്പുപെട്ടിപോലെ ഇഴഞ്ഞ് നീങ്ങുന്ന ഒരു ബസ്സും. ഒട്ടുമിക്ക കാവില്‍പ്പാട്ടുകാരും ഒലവക്കോടുവരെ നടന്നായിരിക്കും പോവുക. അല്ലെങ്കില്‍ അവിടെ മാത്രം ഓടുന്ന മൂന്നു ഓട്ടോകളില്‍ ഏതെങ്കിലും ഒരെണ്ണത്തെ ആശ്രയിക്കും.



കാവില്‍പ്പാട്ടെ റോഡരികിലെ വീട്ടുമുറ്റത്ത് കളിക്കുന്ന കുഞ്ഞ് 'അനു'-ഫോട്ടോ: പാമ്പള്ളി


കാവില്‍പ്പാട് എന്റെ ഒരു അടുത്ത സുഹൃത്തുണ്ട്. പ്രസാദ്കാവില്‍പ്പാട്. ഒരു ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ് ആവശ്യങ്ങള്‍ക്കായി അവന്റെ വീട്ടില്‍ താമസിക്കേണ്ടി വന്നു. അപ്പോള്‍, കാവില്‍പ്പാടുകാര്‍ക്ക് സ്വന്തമായി ഒരു പുഴയുണ്ടെന്നും അവിടേക്ക് കുളിക്കാന്‍ പോവാറുണ്ടെന്നും സുഹൃത്തിന്റെ അച്ഛന്‍ പറഞ്ഞതനുസരിച്ച്, ഞാന്‍ നടന്നു. 



 റോഡരികിലെ മതിലിലുള്ള കുടിവെള്ള പൈപ്പില്‍ നിന്നും വെള്ളം കുടിക്കുന്നു
-ഫോട്ടോ: പാമ്പള്ളി
കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് വിചിത്രമായ ഒരു കാഴ്ച എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ദൂരെ വഴിയോരത്തെ മതിലിനോട് ചേര്‍ന്ന് ഒരു പൈപ്പും, അതില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച നിലയില്‍ ഒരു ഗ്ലാസും.

 ഒരുപക്ഷേ, കേരളത്തില്‍ വളരെ വിരളംമാത്രം കാണാവുന്നത്. എന്റെ അറിവില്‍ കേരളത്തില്‍ ഒരു വീട്ടുകാര്‍ ഇത്തരത്തില്‍ കാര്യം ചെയ്തിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.
പൊതുവെ ചൂടുകൂടുതലുള്ള പാലക്കാട്ടുകാര്‍ക്ക് കുടിവെള്ളത്തിനായി ഒരു വീട്ടുകാര്‍ പ്രത്യേകം നല്ലവെള്ളം വരുന്ന ഒരു പൈപ്പും ഗ്ലാസും വഴിയോരത്ത്, മതിലില്‍ പ്രത്യേകം പണിതുണ്ടാക്കിയിരിക്കുന്നു! വിചിത്രം. അല്ലെ?! വീട്ടില്‍ ദാഹിച്ച് ഒരു ഗ്ലാസ് വെള്ളത്തിനായി കറിവന്ന് ചോദിച്ചാല്‍ കൊടുക്കാന്‍ മടികാണിക്കുന്ന ഇന്നത്തെ കാലത്ത് മനുഷ്യത്വം മരിക്കാതെ, ഇപ്പോഴും...!

എനിക്ക് വല്ലാത്ത മതിപ്പും സന്തോഷവും തോന്നി. ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഞാന്‍ സന്തോഷത്തോടെ പുഴയിലേക്ക് നീങ്ങി. അപ്പോഴേക്കും എന്റെ മനസ്സില്‍ സ്‌നേഹത്തിന്റെ, ദാഹത്തിന്റെ കാരുണ്യത്തിന്റെ നീരുറവ ഒഴുകിത്തുടങ്ങിയിരുന്നു.



Aug 27, 2011

പച്ചമണമുള്ള മൈലാഞ്ചി





ഈ പരിശുദ്ധ മാസത്തില്‍, സര്‍വ്വസ്വമായ പടച്ചോന്റെ കൂടെ നാം ഓര്‍ക്കുന്ന നല്ല കുറെ ആചാരങ്ങളും ഉണ്ട്. കാലാകാലങ്ങളായി ഈ ലോകത്തെ കാത്തു സൂക്ഷിക്കുന്ന ചില ആചാരനുഷ്ഠാനങ്ങള്‍. അതില്‍ എന്നെ എക്കാലത്തും ആകര്‍ഷിച്ചത് 'മൈലാഞ്ചി' തന്നെയായിരുന്നു. 









മുസ്‌ലീം സഹോദരിമാരുടെ കൈകളില്‍ വിവാഹത്തലേന്ന് പടരുന്ന മൈലാഞ്ചിക്ക് പടച്ചോന്റെ കയ്യൊപ്പാണുള്ളത്. അതുകൊണ്ടാണല്ലോ മൈലാഞ്ചി എന്ന ഒരു ചടങ്ങു തന്നെ വന്നത്. ഖല്‍ബില്‍ വിരിയുന്ന സുന്ദര ജീവിതത്തിന്റെ കനവുകളാണ് മൈലാഞ്ചിയിലൂടെ അവരുടെ മനസ്സിലും ജീവിതത്തിലും വിരിയുന്നത്. 




ഈ പരിശുദ്ധ റംസാന്‍ മാസത്തിലും നമ്മുടെ ഉമ്മ-സഹോദരിമാരുടെ കൈകളിലും പലതരം ചിത്രപ്പണികളോടെ മൈലാഞ്ചി വിടരാറുണ്ട്. എന്റെ കുടുംബത്തില്‍ ഇങ്ങനെ മൈലാഞ്ചി ഇടുന്ന ആരേയും കാണാറില്ല. ഹിന്ദു മതവിശ്വാസിയായതിനാല്‍ സാധ്യത വളരെ കുറവുമാണ്. അതുകൊണ്ടു തന്നെ മൈലാഞ്ചി ഇടുന്നത് കാണാനും മനോഹരമായ ആ ചിത്രപ്പണി അടുത്തു ചെന്ന് നോക്കാനും സാധിച്ചിരുന്നില്ല. പലപ്പോഴും നഗരത്തിലെ തിരക്കുകളില്‍ നടന്നകലുന്ന മുസ്‌ലീം സഹോദരിമാരുടെ കൈകളെ സൂക്ഷിച്ചു നോക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാധ്യമാകാറില്ലായിരുന്നു. പക്ഷേ, ഇന്നത് അത് സാധ്യമായി. ഇത്തവണ, ഈ പരിശുദ്ധ റമദാന്‍ മാസത്തില്‍ എനിക്കത് സാധ്യമായി. അല്ലാഹുവിന് സ്തുതി.




കോഴിക്കോട് നഗരത്തില്‍, മൈലാഞ്ചി ഇടല്‍ മത്സരം നടക്കുന്നു. സംഘടനയിലെ തലമുതിര്‍ന്ന കുറച്ചുപേര്‍ക്ക് എന്നെ മുന്‍കാല പരിചയം ഉണ്ടായിരുന്നു. ഞാന്‍ ചെന്നു. ഇക്കാ....എനിക്കൊരാഗ്രഹം. ഇത് ഒന്ന് നേരില്‍ കാണണം. 
'ന്താ പാമ്പള്ളി...ഒരു ഫോര്‍മാലിറ്റി...നിങ്ങള് വരൂ...നമ്മുടെ കൂടെ ഇഫ്ത്താര്‍ വിരുന്നും കൂടാം.'-അങ്ങിനെ കുറച്ചു സുഹൃത്തുക്കളുടെ കൂടെ പരിപാടിയില്‍ പങ്കെടുത്തു. അവരുടെ ഇഫ്ത്താര്‍ വിരുന്നില്‍ ഞാന്‍ അതിഥികളായി.




 മതസാഹോദര്യത്തിന് അവര്‍ കാണിച്ച നല്ല മനസ്സിന്റെ വലുപ്പം ഞാന്‍ അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്. ഞാന്‍ കരുതി ഞാന്‍ മാത്രമെ അന്യമതസ്ഥനായി ഉണ്ടാവുകയുള്ളൂ എന്ന്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ വിവിധ മതസ്ഥരും ഉണ്ടായിരുന്നു. ഒരു നിമിഷം പരിശുദ്ധ ഈ റമദാന്‍ മാസത്തില്‍, എനിക്ക് ഒരു ഉത്സവ പ്രതീതി തോന്നിച്ചു. 




ഒരുപക്ഷേ, മുന്‍വര്‍ഷങ്ങളില്‍, ഒരു ഹിന്ദുവായ എനിക്ക് റംസാന്‍ മാസം പ്രത്യേകത ഉള്ളതായി തോന്നാറില്ലായിരുന്നു. എങ്കില്‍ ഇത്തവണ റംസാന്‍ എന്നില്‍ സന്തോഷത്തിന്റെ ഒരു മഴ പെയ്യിച്ചു....അല്ലാഹുവിന് സ്തുതി...

Aug 24, 2011

മകളുടെ നഷ്ടം...?


മഹാനദികളും മാമലകളും നിറഞ്ഞ പാലക്കാട്. കര്‍ക്കിടകക്കുളി കഴിഞ്ഞ് പാടങ്ങളും പാടവരമ്പുകളും ചിങ്ങത്തിലേക്ക് എത്തിനോക്കുന്ന ദിവസം.  കാലത്ത് ഒലവക്കോട്ടു നിന്നും കൊല്ലങ്കോടേയ്ക്കുള്ള യാത്ര.  പുലര്‍ച്ചയായതിനാല്‍ നേര്‍ത്ത കോടമഞ്ഞുവീണ റോഡ്‌. ദൂരെ കുളിരുമരം പോലെ പനകള്‍ വിറങ്ങലിച്ചു നിന്നു.  


വിജനമായ വഴിയോരം മുഴുവന്‍ പച്ചപിടിച്ചു നിന്നിരുന്നു, വഴിയോരത്തെ കുളങ്ങളൊക്കെ നിറഞ്ഞു കവിഞ്ഞും.  ദൂരെ ചെറുരൂപങ്ങളെപ്പോലെ കാലത്തുതന്നെ പാടത്ത് ജോലി ചെയ്യുന്ന 'ഷര്‍ട്ടിട്ട' സ്ത്രീകള്‍.  അങ്ങകലെ സീതാര്‍കുണ്ട് കാണാമായിരുന്നു.  കൊല്ലങ്കോട്ടു നിന്നും ഗോവിന്ദാപുരം റോഡിലേക്ക് കയറിയാല്‍ വലതുവശത്ത് സീതാര്‍കുണ്ട് വെള്ളച്ചാട്ടം കാണാം. 


അമ്മയുടെ പഴയ ഇടിഞ്ഞുപൊളിഞ്ഞ തറവാടിനടുത്തായി മാമന്‍റെ വീടുണ്ട്. അങ്ങോട്ടേക്കാണ് യാത്ര.  വീട്ടിലെത്തിയപ്പോള്‍ മാമന്‍റെ കൊച്ചുമകള്‍ ശ്രീഷ്ണ എന്നോടൊപ്പം പാടത്തേക്കിറങ്ങി.  പാടവരമ്പിലൂടെ അവള്‍ ഒരു കുഞ്ഞാറ്റയെപ്പോലെ ഓടി നടന്നു.  അടുത്തു കണ്ട വേലിയെയും, പാടത്തെ ചളിയേയുമെല്ലാം അവഗണിച്ച്, നഗ്നപാദയായി അവള്‍ പാറി നടന്നു.


ഞാനോര്‍ത്തു, ഫ്ലാറ്റുകളില്‍ ബാല്യം ഹോമിക്കപ്പെടുന്ന നൂറായിരം പെണ്‍കുഞ്ഞുങ്ങള്‍. കാലം മാറിയതനുസരിച്ച് മെക്കാനിക്കല്‍ ജീവിതത്തിലേക്ക് വഴിമാറുന്ന ഈ കാലത്ത് അവര്‍ക്ക് നഷ്ടം ഈ ബാല്യമാണ്, പ്രകൃതിയുടെ ചൂരാണ്. 


ശ്രീഷ്ണ മരത്തിലേക്ക് പാഞ്ഞു കയറി. എന്‍റെ പോക്കറ്റിലെ എഫ്.എമ്മില്‍ 'മദിരാശിപ്പട്ടണം' എന്ന ചിത്രത്തിലെ ഗാനം ഒഴുകിയെത്തി.  മുന്‍പ്, മരം കേറിയെന്ന പ്രയോഗത്തെ പേടിച്ചും ആരും കാണാതെ മരം കയറാറുണ്ടെന്ന് അമ്മ പറയാറുള്ളത് ഓര്‍ത്തു. ഫ്ലാറ്റുകളിലെ നാലു ചുവരുകളില്‍ തളച്ചിടപ്പെടുന്ന എന്‍റെ മകള്‍ക്ക് പോലും ഇതെല്ലാം നഷ്ടം....


കുഞ്ഞുങ്ങളെ പ്രകൃതിയിലേക്ക് വിടുക....
അവര്‍ പ്രകൃതിയെ അറിഞ്ഞ് വളരട്ടെ....

Jun 19, 2011

റിയാലിറ്റി ഷോകളുടെ കാലത്ത്... (ഇങ്ങനെയും ചിലര്‍...)


റിയാലിറ്റി ഷോകളുടെ കാലത്ത്...
 (ഇങ്ങനെയും ചിലര്‍...)


തികച്ചും ആകസ്മികമായി കോഴിക്കോട് നഗരത്തില്‍ മഴയ്ക്കുമുന്‍പായി ഓടിക്കയറിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച.


ഈ കാഴ്ചയില്‍ എനിക്ക് ഇങ്ങനെ ചില ജീവിതങ്ങളെ കണ്ടെത്താനായി.  പണക്കൊഴുപ്പിന്റെയും ഗ്ളാമറുള്ള റിയാലിറ്റിഷോകളുടെയും ഈ കാലത്ത് ഇത്തരം ആളുകളെ ശ്രദ്ധിക്കാന്‍ ആരുമില്ല.  നല്ല കലാകാരന്മാര്‍ ഇപ്പോഴും തെരുവില്‍ത്തന്നെ.  

അവര്‍ പാടിയ ഏതാനും പാട്ടുകളില്‍ ഒന്ന് മൊബൈലില്‍ ഷൂട്ട്‌
ചെയ്തതാണ്‌ ഈ വീഡിയോയില്‍.  

ഇത് വയനാട് സ്വദേശിയായ ബാബുവും, അയല്‍വാസിയും കുടുംബസുഹൃത്തുമായ ഫൗസിയയും.  കഴിവുള്ള കലാകാരന്മാര്‍.  അംഗീകരിക്കാന്‍ ആരുമില്ലാത്തതിനാല്‍ അവര്‍ ഇപ്പോഴും തെരുവില്‍ത്തന്നെ.  ഒരുനേരത്തെ ആഹാരത്തിനു വേണ്ടി അവര്‍ക്കറിയുന്ന ഒരു തൊഴില്‍ ചെയ്തു ജീവിക്കുന്നു.

ഇവരെ കാണാന്‍ ആരെങ്കിലുമുണ്ടോ?

ആര്‍ക്കെങ്കിലും ഇവരെ സഹായിക്കാന്‍ കഴിയുമോ?

ബാബുവിന്റെ വിലാസം - 

ബാബു,
പള്ളിക്കമൂല,
പന്നിമുണ്ട,
മൈലാംപാടി പി.ഒ.
മീനങ്ങാടി വഴി, 
വയനാട്

ഇപ്പോള്‍ എന്നാല്‍ കഴിയുന്നത്‌ ഇത്രമാത്രം.  ഇതെങ്കിലും കഴിഞ്ഞില്ലെങ്കില്‍....

May 19, 2011

നിങ്ങളും ഞാനും




നിങ്ങളും ഞാനും


ജനിച്ചപ്പോള്‍
ഞാനാരുമല്ലായിരുന്നു
പിന്നീട്, എന്നെ;
പറിച്ചുനട്ടു.

മുളപൊട്ടിയത്
സുഗന്ധം പരത്തിയത്
തേന്‍ ചുരത്തിയത്‌
എന്നിലായിരുന്നു.

എന്നിലെ ആദ്യബീജം
തൃണമായിരുന്നില്ല;
ചെടിയായിരുന്നില്ല;
വൃക്ഷമായിരുന്നില്ല;
വന്‍മരങ്ങളായിരുന്നു.

ചെടികള്‍,
കുറ്റിച്ചെടികള്‍,
മരങ്ങള്‍,
വന്‍മരങ്ങള്‍, അവ
എന്നില്‍ വേരുകളിറക്കി...

ചെടികള്‍ ചൊല്ലി
എന്നെയാണ് പ്രിയം!
കുറ്റിച്ചെടികള്‍ വിതുമ്പി
എന്നെയാണ് ഇഷ്ടം
മരങ്ങള്‍ ആര്‍ത്തു
എന്നെയാണ് പ്രണയം
വന്‍മരങ്ങള്‍ ചിരിച്ചു
എന്നിലാണ് ആഴം!

(19.05.2011)



May 4, 2011

മൂന്നു കുന്തങ്ങള്‍


ചതുരം

സമചതുരത്തില്‍
അതിരുകള്‍ തുല്ല്യം
ഉയരങ്ങള്‍ തുല്ല്യം
അകലങ്ങള്‍ തുല്ല്യം
ഞാനും നീയും
എതിര്‍കോണുകള്‍
ത്രികോണങ്ങള്‍...




കരള്‍


കരളിലേക്കുള്ള
വാതായനം
ഹൃദയത്തിലൂടെയെന്ന്
വിശ്വസിച്ചവന്‍
ഞാന്‍!
ഹൃദയം
അടച്ചിടാനുള്ള
കതകാണെന്ന്
നീ പ്രവചിച്ചപ്പോള്‍ 
കരളേ...
നീ ഒറ്റപ്പെടുന്നു...






ഓണം

തുമ്പയെ സ്‌നേഹിച്ച്
മുക്കുറ്റിയെ സ്വപ്‌നംകണ്ട്,
നാലുമണിപ്പൂവിനെ
പ്രണയിച്ച്,
ഞാന്‍ വട്ടി നീട്ടിയപ്പോള്‍
എനിക്ക് വേണ്ടി
ഒരു കാക്കപ്പൂവുപോലു
പുഷ്പിച്ചില്ല.
ശൂന്യമാണെന്റെ മുറ്റം
ഇപ്പോഴും....


ഓണം വരും...
ഇനിയും....
പൂക്കളില്ലാത്ത...
ഞാനില്ലാത്ത...
എന്റെ മനസ്സില്ലാത്ത...
കളങ്ങള്‍ തീര്‍ക്കാന്‍.....


(03.05.2011)