കുറച്ചു വിദേശ 'ക്ഷേത്ര'ങ്ങള്‍ 3 അരുള്‍മിഗു ശ്രീ.രാജകാളിയമ്മന്‍ ഗ്ലാസ് ടെമ്പിള്‍- മലേഷ്യ
മലേഷ്യയിലെ ആദ്യത്തെ ഗ്ലാസ് ടെമ്പിളാണ് അരുള്‍മിഗു ശ്രീ. രാജകാളിയമ്മന്‍ ഗ്ലാസ് ടെമ്പിള്‍. ജോഹോര്‍ ബാരു ഡിസ്ട്രിക്ടിലെ ടെബറാവു എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ന് നിരവധി ലോക വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഈ ക്ഷേത്രം.
1922 ല്‍ ആ സമയത്ത് അവിടുത്തെ സുല്‍ത്താനായ സുല്‍ത്താന്‍ ജോഹറിന്റെ ദാനമായി ലഭിച്ച സ്ഥലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1991, ഇപ്പോഴത്തെ ചെയര്‍മാനും പൂജാരിയുമായ ശിന്നതമ്പി ശിവസ്വാമി, അദ്ദേഹം 'ഗുരു ഭഗവാന്‍ സിത്താര്‍' എന്നറിയപ്പെടുന്നുമുണ്ട്. അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചതാണ് ഈ ക്ഷേത്രം. മുപ്പത് ലക്ഷത്തിലധികം ഗ്ലാസ് പീസുകള്‍ കൊണ്ടാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ശ്രീ. ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം-സിംഗപ്പൂര്‍
ഈ ക്ഷേത്രത്തിന്റെ മട്ടുംഭാവവും കണ്ടിട്ട് നിങ്ങള്‍ക്ക് തമിഴ്‌നാടോ-കാഞ്ചീപുരമോ ആണെന്ന് തോന്നിക്കും. എന്നാല്‍ സിംഗപ്പൂരിലെ പ്രസിദ്ധമായ പെരുമാള്‍ ക്ഷേത്രമാണിത്. സിംഗപ്പൂരിലെ സേറന്‍ഗൂര്‍ റോഡിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്.
1800 ലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. അന്നത്തെ സാമൂഹ്യപ്രവര്‍ത്തകരായ അരുണാചല പിള്ള, കൂറ്റപ്പെരുമാള്‍ പിള്ളൈ, രാമസ്വാമി പിള്ളൈ, അപ്പസ്വാമി പിള്ളൈ, ചൊക്കലിംഗം പിള്ളൈ,രാമസ്വാമി ജാമിന്താര്‍ എന്നിവര്‍ ബ്രിട്ടീഷുകാരുടെ കൈവശത്തു നിന്നും രണ്ട് ഏക്കര്‍ സ്ഥലവും രണ്ട് മരവും 1851 ല്‍ ഇരുപത്തിയാറു രൂപ, എട്ടണയ്ക്ക് വാങ്ങിച്ചു. അങ്ങിനെ സിംഗപ്പൂരില്‍ ക്ഷേത്രം പണികഴിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇതില്‍ ലഭ്യമാവും. http://www.heb.gov.sg/temples/18-sri-srinivasa-perumal-temple
Jan 15, 2013
കുറച്ചു വിദേശ ക്ഷേത്രങ്ങള്‍ 2
പ്രംബാനന്‍-ത്രിമൂര്‍ത്തി ക്ഷേത്രം
ഇന്‍ഡ്യോനേഷ്യയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പ്രംബാനന്‍ ത്രിമൂര്‍ത്തി ക്ഷേത്രം. ശിവന്‍, ബ്രഹ്മാവ്, വിഷ്ണു എന്നിവരാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിനെ റോറോ ജോന്‍ഗ്‌രംഗ് ക്ഷേത്രം എന്നും പറയപ്പെടുന്നു. ഇതിനകത്ത് അനേകം മറ്റു ചെറിയ ക്ഷേത്രങ്ങളുടെ ഒരു സമൂഹമായാണ് കാണപ്പെടുന്നത്. ഏതാണ്ട് 224 ചെറിയ അമ്പലങ്ങള്‍ ഇതിനകത്ത് ഉണ്ടെന്ന് പറയപ്പെടുന്നു.
ഈ ക്ഷേത്രത്തിനകത്ത് പൊതുജനങ്ങള്‍ക്കായി ആര്‍ക്കിയോളജി പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തീയറ്റര്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ട്. ഇന്‍ഡോനേഷ്യയിലെ ടോഗ്ലോ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ബോറോബുഡുര്‍-ബുദ്ധക്ഷേത്രം
ലോകത്തെ വലുപ്പമേറിയ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്‍ഡോനേഷ്യയിലെ ബോറോബുഡുര്‍ ക്ഷേത്രം. സെമരംഗ് എന്ന സ്ഥലത്തു നിന്നും ഏതാണ്ട് 90 കിലോമീറ്റര്‍ മാറി മെഗലാങിലാണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്. ഏതാണ്ട് 40 മീറ്ററോളം ഉയരത്തിലുള്ളതാണ് ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ. ലോകപ്രശസ്തമായ ഈ ക്ഷേത്രത്തിലേക്ക് നിരവധി ടൂറിസ്റ്റുകള്‍ ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിക്കപ്പെട്ടത്. ഈ ക്ഷേത്രത്തില്‍ സംസ്‌കൃതത്തില്‍ ' വിഹാര ബുദ്ധ ഉര്‍' എന്ന് കൊത്തിവച്ചിട്ടുണ്ട്. ബുദ്ധന്റെ മരണശേഷം ശൈലേന്ദ്രനാണ് ഇത് സ്ഥാപിച്ചതെന്നും വിശ്വസിക്കുന്നു. കുറെക്കാലം വലീയ പുരോഗതിയൊന്നുമില്ലാതെ കിടന്ന ഈ ക്ഷേത്രം യുനസ്‌കോയുടെ സഹായത്തോടെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ 1983, ഫിബ്രവരി 23 മുതല്‍ നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
Jan 14, 2013
കുറച്ചു വിദേശ 'ക്ഷേത്ര'ങ്ങള്‍ 1
ഹിന്ദുരാഷ്ട്രമായ ഭാരതത്തില്‍ അനേകം ക്ഷേത്രങ്ങള്‍ ഉള്ളതായി നമുക്കറിയാം. ലോകത്ത് വിദേശരാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ നിരവധി ക്ഷേത്രങ്ങള്‍ ഉള്ള വിവരം നമ്മളില്‍ എത്രപേര്‍ക്കറിയാം? ഒരുപക്ഷേ, ഒന്നോ രണ്ടോ ക്ഷേത്രങ്ങളെക്കുറിച്ചറിയാം. എങ്കില്‍ ഇതാ, ലോകനിലവാരത്തിലുള്ള വിദേശ അമ്പലങ്ങള്‍. വിശദമായ വിവരണം കൊടുക്കുന്നില്ല. ഒരു ലഘുവിവരണം മാത്രം.
ഇത് കാലിഫോര്‍ണിയയിലെ മാലിബു എന്ന സ്ഥലത്തുള്ള ക്ഷേത്രമാണ്. സാക്ഷാല്‍ ശ്രീ. വെങ്കിടേശ്വരനാണ് ഇവിടുത്തെ പ്രതിഷ്ഠ. 1981 ല്‍ സ്ഥാപിതമായ ഈ ക്ഷേത്രം മാലിബുവിനടുത്തുള്ള കലബാസാസ് നഗരത്തിലാണ്. ഇത് സാന്റ മോണിക്ക പര്‍വ്വതനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നിര്‍വഹിക്കുന്നത് ഹിന്ദു ടെമ്പിള്‍ സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ ആണ്. ഞായറാഴ്ച, ശനിയാഴ്ച ദിവസങ്ങളില്‍ കാലത്ത് 8 മണിമുതല്‍ 7 മണിവരെയും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ കാലത്ത് 9 മണിമുതല്‍ 12 മണിവരെയും വൈകിട്ട് 5 മുതല്‍ 7 വരെയും ക്ഷേത്രം തുറന്നിരിക്കും. (ഫോണ്‍: 818-880-5552)
അന്‍ങ്കോര്‍ വട്-വിഷ്ണു ക്ഷേത്രം കമ്പോഡിയ
ലോക പ്രശസ്തമായ പുരാതന ക്ഷേത്രമാണ് കമ്പോഡിയയിലെ അങ്കോറിലെ വിഷ്ണുക്ഷേത്രം. 12ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്നാണ് ക്ഷേത്രത്തിന്റെ ചരിത്രം പറയുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഖാമര്‍ രാജവംശത്തിലെ സൂര്യവര്‍മ്മന്‍ രണ്ടാമനാണ് ഇത് പണികഴിപ്പിച്ചതെന്നാണ് വിശ്വസിക്കുന്നത്. വിമാന മാര്‍ഗമാണെങ്കില്‍ കമ്പോഡിയയിലെ ഫോം പെന്‍ഹ (Phnom penh's Pochentong) പോഷന്‍ടോങ് ആണ് അടുത്ത എയര്‍പോര്‍ട്ട്. റോഡുമാര്‍ഗമാണെങ്കില്‍, ഇതേ എയര്‍പോര്‍ട്ടില്‍ നിന്നും സൈഗനിലേക്കുള്ള ബസ് കയറിയാലും മതി.
പുതീയ മള്‍ട്ടിപ്ലക്‌സിന്റെ ഉള്‍വശം (പി.വി.എസ് ഫിലിം സിറ്റി, കോഴിക്കോട്)
സിനിമാ പ്രേമികളുടെയും, സിനിമാ പ്രവര്‍ത്തകരുടെയും നഗരമാണ് കോഴിക്കോട്. ഇടക്കാലത്ത് എല്ലാവരും പറഞ്ഞിരുന്നത് കൊച്ചിയാണ് സിനിമാ നഗരമെന്നാണ്. എന്നാല്‍ സമീപകാലത്ത് സിനിമയില്‍ പ്രവേശിച്ചിരിക്കുന്ന മുന്‍-പിന്‍ പ്രവര്‍ത്തകര്‍ ഏറിയവരും കോഴിക്കോട് സ്വദേശികളാണ്. ഇനിയും കോഴിക്കോട്ടെ നാലോളം പുതീയ സംവിധായകരുടെ മുന്‍നിര ചിത്രങ്ങള്‍ ഷൂട്ടിങ് പുരോഗമിക്കുന്നു. സമീപകാലത്ത് കൂടുതല്‍ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യപ്പെടുന്നതും കോഴിക്കോട് തന്നെയാണ്. ദുല്‍ഖറിന്റെ ഉസ്താദ് ഹോട്ടലാണ് അവസാനമായി ഷൂട്ടിങ് നടന്നത്.
നവീകരിച്ച ക്രൗണ്‍ തീയറ്റര്‍
ധാരാളം തീയറ്ററുകള്‍ ഉണ്ടായിരുന്ന കോഴിക്കോട് നഗരം, എപ്പോഴോ സിനിമാ തീയറ്ററുകളുടെ ശനി ദശ കണ്ടു. സജീവമായി പ്രവര്‍ത്തിച്ചിരുന്ന പുഷ്പ, സംഗം, ഡേവിസണ്‍ തുടങ്ങിയ തീയറ്ററുകള്‍ അടച്ചു പൂട്ടി. നഗര പരിസരങ്ങളിലുമുള്ള ഏതാനും ചില തീയറ്ററുകളും അടച്ചുപൂട്ടി. അതോടെ കോഴിക്കോട് റിലീസിങ് സെന്ററുകള്‍ കിട്ടാതായി. ഇപ്പോഴിതാ...കോഴിക്കോടന്‍ സിനിമാ പ്രേമികളുടെ നെഞ്ചിലേക്ക് യഥേഷ്ടം തീയറ്ററുകള്‍!
നവീകരിച്ച ക്രൗണ്‍ തീയറ്റര്‍
കഴിഞ്ഞ ആഴ്ച കോഴിക്കോട് പി.വി.എസ് ഫിലിം സിറ്റി എന്ന പേരില്‍ ആറോളം സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളുടെ സമുച്ചയം തുറന്നു. മുന്നോറോളം പേര്‍ക്ക് ഒരുമിച്ചിരുന്ന് കാണാനാവുന്ന ആറു തീയറ്ററുകള്‍. മഹാനഗരമെന്ന് അറിയപ്പെടുന്ന കൊച്ചിയില്‍ മാത്രമുള്ള രീതിയിലുള്ള ഒരു സുപ്രഭാതത്തിലാണ് മള്‍ട്ടിപ്ലക്‌സുകള്‍ കോഴിക്കോട് ഇടിവെട്ടുംപോലെ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്.
നവീകരിച്ച ക്രൗണ്‍ തീയറ്റര്‍
ഈ മുന്നേറ്റം കണ്ടിട്ടാവണം, ക്രൗണ്‍ തീയറ്റര്‍ പുതീയ രൂപത്തിലും ഭാവത്തിലും തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. നഗരത്തിലെ ഏറ്റവും പ്രായം ചെന്ന, ഏറ്റവും നല്ല തീയറ്ററുകളില്‍ ഒന്നാണ് ക്രൗണ്‍. ക്രൗണ്‍ പുതുക്കിപ്പണിത് രണ്ട് തീയറ്ററുകളാക്കി. ഓഡി1 ഉം ഓഡി2 ഉം. രണ്ടും ലക്ഷ്വറി തീയറ്ററുകള്‍, ഉന്നത സാങ്കേതിക വിദ്യകളുള്ള സ്‌ക്രീനുകളും ശബ്ദവിന്യാസവും. അങ്ങിനെ കോഴിക്കോട്ടുകാര്‍ക്ക് ഇത്തവണത്തെ വിഷുകൈനീട്ടമായി എട്ട് സ്‌ക്രീനോടുകൂടിയുള്ള മള്‍ട്ടിപ്ലക്‌സ് കിട്ടിയെന്നു വേണമെങ്കില്‍ പറയാം. പോരാത്തതിന് പഴയ തീയറ്ററുകള്‍ വേറെയും.
കോഴിക്കോട്ടെ പഴയ തീയറ്ററുകളില്‍ ഒന്ന്-രാധ
ഇപ്പോള്‍ നഗരത്തില്‍ 14 തീയറ്ററുകളും, നഗര പരിസരത്തായി ആറോളം തീയറ്ററുകളുമടക്കം 20 ഓളം തീയറ്ററുകളാണ് കോഴിക്കോട് നഗരത്തിന് മാത്രം സ്വന്തമായിട്ടുള്ളത്. അതിനുപുറമെ, ഇനിയും പി.വി.എസ് ഫിലിം സിറ്റിപോലെ 6 സ്‌ക്രീനോടുകൂടിയുള്ള തീയറ്ററുകള്‍ ഒരുമിച്ച് വരാന്‍ പോവുന്നു എന്നു കേള്‍ക്കുന്നു. എത്രകണ്ട് ശരിയാണെന്ന് അറിയില്ല. എന്തായാലും കേരളത്തിലെ മറ്റൊരു നഗരത്തിലുമില്ലാത്ത പലതും കോഴിക്കോട് സ്വന്തമാവാന്‍ തുടങ്ങിയിരിക്കുന്നു.
കോറണേഷന്‍ തിയറ്റര്‍, കോഴിക്കോട്
തീയറ്ററുകള്‍ യഥേഷ്ടമാവുന്നതോടെ സിനിമയുടെ ടിക്കറ്റു നിരക്കും കുത്തനെ കൂടി എന്നത് മറ്റൊരു വാസ്തവമാണ്. പി.വി.എസ് ഫിലിം സിറ്റിയില്‍ രാവിലത്തെ ഷോയ്ക്ക് മാത്രം 130 രൂപ പിന്നീടുള്ള എല്ലാ ഷോയ്ക്കും 180 രൂപ.
കോഴിക്കോട്-കൈരളി/ശ്രീ
ഞായര്‍, ശനി ദിവസങ്ങളില്‍ ഈ നിരക്കില്‍ കാര്യമായ മാറ്റവും ഉണ്ട്. കൂടാതെ ലക്ഷ്വറി സ്പാ തീയറ്റര്‍ എല്ലാം ഈ സമുച്ചയത്തിലുണ്ട്. അതുപോലെ ക്രൗണ്‍ തീയറ്ററും നിരക്ക് 150 രൂപയിലേക്ക് മാറ്റി. സമീപകാലത്ത് അറ്റകുറ്റ പണികള്‍ തീര്‍ത്ത് പ്രവര്‍ത്തനമാരംഭിച്ച അപ്‌സര ബാല്‍ക്കണിക്ക് 100 രൂപയും, താഴെ ഫസ്റ്റ് ക്ലാസിന് 90 രൂപയുമാക്കി ഉയര്‍ത്തിയിരുന്നു.
ഗംഗ തീയറ്റര്‍-തമിഴ് സിനിമകളുടെ സാമൃാജ്യം
എന്തായാലും എത്ര രൂപ വര്‍ദ്ധിപ്പിച്ചാലും എല്ലാ തീയറ്ററുകളിലും സാമാന്യം ആളുകളും ഉണ്ട്. ഈ സ്ഥിതിക്ക് ഒരു കുടുംബം ഒരുമിച്ച് സിനിമയ്ക്ക് പോവുകയാണെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 1000 രൂപയെങ്കിലും വേണ്ടിവരും എന്ന നഗ്ന സത്യം പല്ലിളിച്ചു കാണിക്കുന്നു. അതുപോലെ ഇടക്കാലത്ത് കോളേജ് പയ്യന്മാര്‍ യഥേഷ്ടം പടങ്ങള്‍ക്ക് കയറിയിരുന്നു. ഇപ്പോള്‍ എന്തായാലും ഒന്നാലോചിച്ചേ ചെറുക്കന്മാരും ചെറുക്കികളും സിനിമയ്ക്ക് കയറുകയുള്ളൂ.
(പാലക്കാട് ഏപ്രില്‍ 3-ാം തീയ്യതി നടന്ന വെടിക്കെട്ടിന്റെ ആരംഭം
-ഫോട്ടോ: പാമ്പള്ളി (നോക്കിയ എക്‌സ്-6)
പാലക്കാട് ഉത്സവങ്ങളുടെ നാടാണ്. പേരും പ്രശസ്തിയുമുള്ള ഒട്ടനവധി ഉത്സവങ്ങളുടെയും ക്ഷേത്രങ്ങളുടെയും നാട്. കല്പാത്തി രഥോത്സവം, പൂത്തൂര്‍ വേല, മണപ്പുള്ളിക്കാവ് വേല, കൊടുവായൂര്‍ രഥോത്സവം, പല്ലശ്ശനപൂരം, കുനിശ്ശേരി കുമ്മാട്ടി അങ്ങിനെ നീണ്ട ഒരു നിരയുണ്ട്. അതില്‍ നെന്മാറ വെടിക്കെട്ടിനൊപ്പം നില്‍ക്കാന്‍ കേരളത്തില്‍ മറ്റൊരു വെടിക്കെട്ടില്ലെന്നു തന്നെ പറയാം.
(പാലക്കാട് ഏപ്രില്‍ 3-ാം തീയ്യതി നടന്ന വെടിക്കെട്ടിന്റെ ആരംഭം: കുറെ നേരമുള്ളതിനാല്‍ ഇടയ്ക്കിടെയാണ് വീഡിയോ പകര്‍ത്തിയത്.
-വീഡിയോ: പാമ്പള്ളി (നോക്കിയ എക്‌സ്-6)
നെന്മാറ വെടിക്കെട്ട് ആദ്യമായി കാണുന്നവരില്‍ രണ്ടു തരത്തിലുള്ള വികാരങ്ങളാണ് ഉണ്ടാവാന്‍ സാധ്യത. ഒന്ന്, ആദ്യമായി വെടിക്കെട്ട് കാണുന്നതോടെ അയാള്‍ നെന്മാറ വെടിക്കെട്ടിന്റെ നിത്യആരാധകനാവുന്നു. അല്ലെങ്കില്‍ അയാള്‍ അതിഭീകരമായി ആ വെടിക്കെട്ടിനെ ഭയന്നിരിക്കും. പക്ഷേ, ഒരിക്കല്‍ വെടിക്കെട്ട് ആസ്വദിച്ചവര്‍ എല്ലാ വര്‍ഷവും മീനമാസം പൂയ്യം നാളില്‍ പാലക്കാട്ടെ നെന്മാറയില്‍ എത്തിച്ചേരും. നെന്മാറയിലെ കുടികൊള്ളുന്ന ദേവിയുടെ ശക്തി അതാണ്.
കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി തുടര്‍ച്ചയായി വെടിക്കെട്ട് കാണുന്ന വ്യക്തിയെന്ന നിലയ്ക്ക്, വാസ്തവത്തില്‍ ഈ വെടിക്കെട്ടിനെ ഒരു പഠന വിഷയമാക്കാവുന്നതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വെടിക്കോപ്പുകള്‍ അവര്‍ സജ്ജീകരിക്കുന്നതും, അതിനുവേണ്ടി പ്രത്യേകം ഒരുങ്ങുന്നതും ശരിക്കും കാണേണ്ടുന്ന കാഴ്ചയാണ്. പ്രത്യേകിച്ച് നെന്മാറ വേല വെടിക്കെട്ട്. ഒരുപക്ഷേ, വരും വര്‍ഷങ്ങളില്‍ ലോക പ്രശസ്തി വരെ നേടാവുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് നെന്മാറവേല വെടിക്കെട്ട്. വേലയെക്കാള്‍ ആളുകള്‍ ഇരച്ചെത്തുന്നത് വെടിക്കെട്ട് കാണുവാനാണ്. നെന്മാറ വയലേലകളില്‍ മുഴങ്ങുന്ന അമിട്ടിന്റെ പെരുമ ഇപ്പോള്‍ കടല്‍ കടന്നുപോലും യാത്ര തുടങ്ങിയിരിക്കുന്നു.
(വെടിക്കെട്ട് നടക്കുന്ന വയലില്‍ തിങ്ങിനിറഞ്ഞ പുരുഷാരം. അങ്ങ് അകലെ കാണുന്നത് വല്ലങ്ങിക്കാരുടെ ദീപാലംകൃതമായ പന്തല്‍-ഫോട്ടോ: പാമ്പള്ളി (നോക്കിയ എക്‌സ്6)
നെന്മാറയില്‍ പ്രധാനമായും രണ്ട് ദേശക്കാര്‍ ഉണ്ട്. നെന്മാറക്കാരും വല്ലങ്ങിക്കാരും. ഇരു ദേശക്കാര്‍ ചേര്‍ന്നാണ് ഉത്സവം ആഘോഷിക്കുന്നത്. ഇരു ദേശത്തും ധാരാളം കുടുംബങ്ങള്‍ ഉള്ളതാണ് ഉത്സവത്തിന്റെ പ്രധാന വിജയരഹസ്യം. അതിനേക്കാള്‍ ഉപരി, ഓരോ വീട്ടിലെ അംഗവും അവരുടെ സ്വന്തം ഉത്സവമായി നെന്മാറ വേലയെ കാണുന്നു. പലര്‍ക്കും വേല എന്നത് കുടുംബാഭിമാനമാണ്. അവരുടെ ഐശ്വര്യമാണ് വേല.
(മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ്. ആകാശത്ത് അഗ്നിസ്ഫുലിംഗങ്ങള്‍ കണ്ട്
തൃപ്തിയടയാന്‍ വന്നണഞ്ഞ ജനക്കൂട്ടം നിലത്ത് ഉറങ്ങിയും കിടന്നും കാത്തിരിപ്പ് തുടരുന്നു.
-ഫോട്ടോ: പാമ്പള്ളി (നോക്കിയ എക്‌സ്6)
ഇരു ദേശക്കാര്‍ ഉള്ളതുകൊണ്ടു തന്നെ, വെടിക്കെട്ടും ഇരു ദേശക്കാര്‍ക്കും പ്രത്യേകം പ്രത്യേകമായിരിക്കും. എന്തിന്, പഞ്ചവാദ്യം, ശിങ്കാരിമേളം, എഴുന്നള്ളിപ്പ്, ആനകള്‍ എന്നിവയെല്ലാം ഓരോ ദേശത്തിനും തരം തിരിച്ചാവും അരങ്ങേറേറ്. ഇതില്‍ വെടിക്കെട്ടില്‍ ഇരു ദേശക്കാരും പരസ്പരം മത്സരിക്കും എന്നത് ഉത്സവത്തിന്റെ മറ്റൊരു ആവേശമാണ്. ഉത്സവത്തിന് ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ വെടിക്കെട്ടിന്റെ പെരുമയെപ്പറ്റി സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാനാവും. ഒരോ വര്‍ഷത്തെ വെടിക്കെട്ടുകളുടെ സവിശേഷതകള്‍, കൃത്യമായി ഓര്‍ത്തുവച്ച് അവിടുത്തെ നാട്ടുകാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു മിന്നായാം പോലെ എരിഞ്ഞമരുന്ന വെടിക്കെട്ടിന്റെ സ്വഭാവസവിശേഷതകള്‍, തീവ്രത ഇവയൊക്കെ നെന്മാറയിലും വല്ലങ്ങിയിലുമുള്ള ഓരോ ചെറിയ കുഞ്ഞിനും മനഃപ്പാഠമാണ്.
കോടിക്കണക്കിന് രൂപയാണ് വെടിക്കെട്ടിന് മാത്രമായി നെന്മാറ-വല്ലങ്ങിക്കാര്‍ ചിലവഴിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. പക്ഷേ, കണക്കുകള്‍ ഒരിക്കലും അവര്‍ വെളിപ്പെടുത്താറുമില്ല. നെന്മാറയിലെ വെടിക്കെട്ട് കാണുവാന്‍ വൈകിട്ട് 6 മണിമുതല്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ജീപ്പുകളിലും ഇതര വാഹങ്ങളിലുമായി പുരുഷാരം പ്രവഹിക്കുവാന്‍ തുടങ്ങും. ഈ ദിവസം പാലക്കാട് ഒലവക്കോടോ, ടൗണിലോ നിന്നുകഴിഞ്ഞാല്‍, ചുരുങ്ങിയത് ഒരു നാലോ അഞ്ചോ ജീപ്പോ, കാറോ, ഓട്ടോറിക്ഷയോ, ബൈക്കുകാരോ നെന്മാറയിലേക്കുള്ള വഴി ചോദിച്ചിരിക്കും. ഒരു ഏഴുമണിയോടെ നെന്മാറയിലേക്കുള്ള വഴിയിലൂടെ വാഹനങ്ങളുടെ ഒഴുക്ക് ആരംഭിക്കും. അത് കാണേണ്ട കാഴ്ച തന്നെയാണ്. മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ പറന്നകലുന്നതുപോലെ വാഹനങ്ങളുടെ പുറകിലെ ചുമന്ന ലൈറ്റുകള്‍ സംഘമായി ഒഴുകി നീങ്ങുന്നത് വളരെ ഭംഗിയുള്ള കാഴ്ചയാണ്. നീണ്ട വയലേലകള്‍ക്ക് നടുവിലൂടെ ചുമന്ന ലൈറ്റ് കൂട്ടങ്ങള്‍ തീപ്പൊരി കണക്കെ പായുന്നത് വന്‍നഗരങ്ങളിലെ തിരക്കുപിടിച്ച ട്രാഫിക് പോലെ തോന്നിപ്പിക്കും.
(പടക്കം പൊട്ടി തുടങ്ങി ഏതാണ്ട് പത്തുമിനുട്ടിന് ശേഷമുള്ള കാഴ്ച
-വീഡിയോ: പാമ്പള്ളി (നോക്കിയ എക്‌സ് 6)
മീനത്തിലെ ആയില്യം നാള്‍ പുലര്‍ച്ചെയായിരിക്കും വെടിക്കെട്ട്. പുലര്‍ച്ചെ ഏതാണ്ട് മൂന്നരയോടെ ആദ്യ ദേശക്കാരുടെ വെടിക്കെട്ട് ആരംഭിക്കും. ഏതാണ്ട് 15-20 മിനുട്ടോളം നീളുന്നതായിരിക്കും വെടിക്കെട്ട്. വളരെ സൗമ്യമായി പൊട്ടിത്തുടങ്ങി, പത്തു മിനുട്ടാവുന്നതോടെ മാലയായി കിടക്കുന്ന ഓലപ്പടക്കത്തിന്റെ കൂട്ടത്തിന് തീപിടിക്കും. പിന്നെ, ഒരഞ്ചു പത്തു മിനുട്ട് അതു തന്നെയാണ്. തുടര്‍ന്ന് അതിന്റെ തീവ്രതകൂടിക്കൂടി വന്ന്, ഒടുക്കത്തില്‍ ഉണ്ടാവുന്ന കൂട്ടപ്പൊരിച്ചില്‍ അതി ഭീകരമാണ്. അവര്‍ണ്ണനീയമാണ് ആ കാഴ്ച. ക്യാമറകളില്‍ പോലും നമുക്കതിന്റെ ഭംഗിയും ഭീകരതയും ഒപ്പിയെടുക്കുവാന്‍ സാധ്യമല്ല.
വല്ലങ്ങിക്കാരാണ് പൊതുവെ ആദ്യവെടിക്കെട്ട് നടത്തുക. തുടര്‍ന്ന് ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞ്, പുകയാല്‍ കലുഷിതമായ അന്തരീക്ഷം ഒന്നു തെളിഞ്ഞു കഴിഞ്ഞാല്‍, അതാ നെന്മാറയുടെ വെടിക്കെട്ട് ആരംഭിക്കുകയായി. പിന്നീടങ്ങോട്ട് വൈവിധ്യങ്ങളുടെ തിരയിളക്കമായിരിക്കും. പൊതുവെ നെന്മാറക്കാരാണ് വല്ലങ്ങിക്കാരുടേതിനേക്കാള്‍ ആലങ്കാരികമായും, തീവ്രതയോടെയും വെടിക്കെട്ട് അവതരിപ്പിക്കാറുള്ളത്. ചിലപ്പോഴൊക്കെ മറിച്ചും സംഭവിക്കാറുണ്ട്.
ഈ വെടിക്കെട്ട് നടത്തുവാന്‍ വേണ്ടി ഏത്രയോ ഏക്കറുകള്‍ വലലേലകള്‍ ദേവസ്വം വാങ്ങിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഏറ്റവും വലീയ വെടിക്കെട്ടായ നെന്മാറ വെടിക്കെട്ടിന് ഏറ്റവും നല്ല സുരക്ഷിതത്വവും ഉണ്ട് എന്നത് വലീയൊരു സത്യമാണ്. നല്ല വായുസഞ്ചാരമുള്ള, ഏക്കറുകണക്കിന് സ്ഥലം വെടിക്കെട്ടിനായിമാത്രം നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. പരിസരങ്ങളിലൊന്നും വീടുകളോ, വന്‍കെട്ടിടങ്ങളോ ഇപ്പോഴില്ല. തൃശ്ശൂര്‍ വെടിക്കെട്ടിന് തീവ്രത കുറയ്ക്കാന്‍ ചുറ്റുമുള്ള ബില്‍ഡിങ് ഓണേഴ്‌സ് പരാതി കൊടുത്തത് ഈ അവസരത്തില്‍ ഓര്‍ക്കുക. നെന്മാറയില്‍ ഇത്തരത്തില്‍ വെടിക്കെട്ടിനുള്ള സാധ്യത ഉള്ളതുകൊണ്ടും രണ്ടു മലകള്‍ക്കിടയിലുള്ള സ്ഥലമായതിനാലും നെന്മാറയില്‍ പൊട്ടുന്ന ഓരോ അമിട്ടും ക്വിറ്റല്‍ കണക്കിന് തീവ്രതയുള്ളതാവും.
വെടിക്കെട്ടിന്റെ ദിവസം വൈകിട്ട് മുതല്‍ പുരുഷാരത്തിന്റെ പ്രവാഹമായതിനാല്‍ അമ്പലത്തിന് ഏതാണ്ട് 5 കിലോമീറ്റര്‍ മാറി വാഹനങ്ങള്‍ ബ്ലോക്ക് ചെയ്യും. അകത്തേക്ക് കടത്തി വിടാറില്ല. പാലക്കാടു നിന്നും ഏതാണ്ട് 40 കിലോമീറ്റര്‍ മാറിയാണ് നെന്മാറ. നെന്മാറയിലേക്ക് എത്താന്‍ വിവിധ വഴികള്‍ ഉണ്ട്. തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്നവര്‍ പാലക്കാട്-തൃശ്ശൂര്‍ റോട്ടിലൂടെ വന്ന് ആലത്തൂരില്‍ നിന്നും തിരിഞ്ഞ് നെന്മാറയിലേക്ക് വരാം. എന്നാല്‍, കോഴിക്കോട് ഭാഗത്തു നിന്നും പോകുന്നവര്‍ പാലക്കാട് ടൗണില്‍ നിന്നും കൊടുവായൂര്‍ വഴിയും കുനിശ്ശേരി വഴിയും നെന്മാറയിലേക്ക് എത്താം. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പോവുന്നത് കൊടുവായൂര്‍-നെന്മാറ വഴിയായതിനാല്‍ ആ വഴിയിലെ തിരക്ക് കൂടുതലായിരിക്കും. കോയമ്പത്തൂരില്‍ നിന്നും വരുന്നവര്‍ക്കും പാലക്കാട് ടൗണില്‍ വന്നിട്ടുവേണം പോവാന്‍. എന്നാല്‍ പൊള്ളാച്ചി ഭാഗത്തു നിന്നും വരുന്നവര്‍ക്ക് കൊല്ലങ്കോടുനിന്നും നേരിട്ട് നെന്മാറയിലേക്ക് പോവാം.
പുലര്‍ച്ചയോടെ വെടിക്കെട്ട് കഴിഞ്ഞ് ആളുകള്‍ തിരികെ പോവുന്നത് കാണേണ്ടുന്ന കാഴ്ചയാണ്. ബസ്സുകള്‍ക്ക് മുകളില്‍ കയറിയും, തള്ളിയും പലഭാഗത്തേക്കും ആളുകള്‍ കയറിപ്പോവുന്നതും സവിശേഷ കാഴ്ചയാണ്. ധാരാളം പേര്‍ നേരത്തെ വന്ന് വയലേലകളില്‍ പായ വിരിച്ച് കിടന്നുറങ്ങും. കള്ളിന്റെ ലഹരിയില്‍ കിടന്നുരുളുന്നവരും ഇക്കൂട്ടത്തിലുണ്ടാവാറുണ്ട്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഇത്തവണ അതു കൂടുതലാണ്. എങ്കിലും എല്ലാം മറന്ന്, ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ വെടിക്കെട്ട് കാണാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഒഴുകിയെത്തുന്ന മറ്റൊരു സ്ഥലം ഉണ്ടെന്ന് തോന്നുന്നില്ല. കാണാത്തവര്‍ ഉണ്ടെങ്കില്‍, ഒരിക്കലെങ്കിലും നെന്മാറ വെടിക്കെട്ട് കാണണം. എക്കാലവും മനസ്സില്‍ സൂക്ഷിക്കാവുന്ന ഓര്‍മ്മയായിരിക്കും നെന്മാറ-വല്ലങ്ങി വെടിക്കെട്ട്.
മൈദ, മനുഷ്യരാശിയെ അനാരോഗ്യത്തിന്റെ ഇരുണ്ട പാതയിലേക്ക് നയിക്കുന്ന വിഷമാണ്. പൊതുജനങ്ങള്‍ തമാശയ്ക്ക് പറയാറുണ്ട് '' പൊറോട്ട നമ്മുടെ ദേശീയ ഭക്ഷണം'' ആണെന്ന്. എന്നാല്‍ ദിനംപ്രതി നമ്മുടെ കുഞ്ഞുങ്ങളും നമ്മളും കൊടിയ വിപത്തിന്റെ വിത്തുകളെയാണ് ഭക്ഷിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യമറിയാതെ. വളരെക്കാലം മുന്‍പേ മൈദ പദാര്‍ഥങ്ങള്‍ ഉപേക്ഷിച്ചവനാണ് ഞാന്‍. പക്ഷേ, അതിന്റെ വിപത്തറിഞ്ഞുകൊണ്ടല്ല, മറിച്ച് എനിക്കിഷ്ടമില്ലാത്തതുകൊണ്ടായിരുന്നു. ആകസ്മികമായി മലപ്പുറം ജില്ലയിലെ താനാളൂരിലെ 'കരുണ കൂട്ടായ്മ' യുടെ മൈദവിരുദ്ധ ലഘുലേഖ വായിക്കാനിടയായി. അതിലെ വിവരങ്ങളും മറ്റും ചേര്‍ത്താണ് ഈ ലേഖനം.
ആദിമ കാലങ്ങളില്‍ ഭാരത്തില്‍ കോറ, ചാമ, തിര, വരക, ചോളം, അരി മുതലായവയായിരുന്നു കൃഷി ചെയ്തിരുന്നതും ജനങ്ങള്‍ ഭക്ഷിച്ചിരുന്നതും. അതേ സമയം യൂറോപ്പ്, അമേരിക്ക തുടങ്ങിയ വന്‍കരകളില്‍ തമസിക്കുന്ന ബഹുഭൂരിപക്ഷം ഭക്ഷിച്ചിരുന്നത് ഗോതമ്പായിരുന്നു. ഇതിനായി അവര്‍ ഉപയോഗിച്ചിരുന്നത് പൊടിച്ച ഗോതാമ്പായിരുന്നു. ഇതിലൂടെ ഗോതമ്പിലെ പോഷകാംശം നഷ്ടപ്പെടാതെ ആരോഗ്യദായകമായ ഭക്ഷണമായിരുന്നു ഗോതമ്പ്.
എന്നാല്‍ കാലക്രമേണ, ഗോതമ്പ് നന്നായി പൊടിച്ച് അരിച്ചെടുത്ത വെളുത്ത പൊടികൊണ്ട് ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കിയാല്‍ വെറിട്ടൊരു രുചി വരുമെന്നും അത്തരത്തില്‍ പല ഭക്ഷണ പദാര്‍ഥങ്ങളും ഉണ്ടാക്കുവാനും തുടങ്ങി. എന്നാല്‍ ഈ ഭക്ഷണം കഴിച്ചവര്‍ക്ക് ആരോഗ്യം ക്ഷയിക്കുന്നുവെന്നും വിവിധ രോഗങ്ങള്‍ പെട്ടെന്ന് പിടികൂടുമെന്നും തിരിച്ചറിഞ്ഞ അവര്‍ ഇതിനെ (മൈദ) യെ നിരോധിച്ചു. ഇത് മാലിന്യമായി അവര്‍ പുഴയിലും മറ്റും ഉപേക്ഷിച്ചു.
ഇംഗ്ലിലെ പട്ടാളക്കാര്‍ക്ക് മൈദ നല്‍കിയതു മൂലം അവരുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ 1949 ല്‍ നിരുപാധികം മൈദ നിരോധിച്ചു. ഇതേ സമയം അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാഷ്ട്രങ്ങളില്‍ മാലിന്യമെന്ന രീതിയില്‍ മൈദ വലീയ പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങി. അതിനായി അവര്‍ മറ്റൊരു പോംവഴി ആലോചിച്ചു. ഇതിനിടെ പുഴകളിലെ മാലിന്യമായ മൈദ പശുക്കളുടെയും മറ്റും ശരീരത്തില്‍ ഒട്ടിപ്പിടിച്ചതു കണ്ട് അത് നല്ലൊരു പശയാണെന്ന് അമേരിക്കക്കാര്‍ കണ്ടെത്തി.
അമേരിക്ക CARE എന്ന പേരില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മൂന്നാം ലോകരാഷ്ട്രങ്ങളില്‍ കയറ്റി അയക്കുന്ന കൂട്ടത്തില്‍ മൈദ പശയുണ്ടാക്കാനാണെന്ന വ്യാജേന ഇന്ത്യയിലുമെത്തിച്ചു. അന്നതിനെ ഇന്ത്യക്കാര്‍ അമേരിക്കന്‍ മാവ് (മരിക്കന്‍മാവ്) എന്ന് പറഞ്ഞ് വന്‍പ്രചാരണം നല്‍കി. ഇതിനിടെ ഇന്ത്യയിലെ ദാരിദ്ര്യമുള്ള ചില പ്രദേശങ്ങളില്‍ ചിലര്‍ നിവര്‍ത്തിയില്ലാതെ മൈദ ചെറുതായി ഭക്ഷച്ചു തുടങ്ങി.
ഇത് കണ്ട വിദേശിയുടെ മനസ്സില്‍ അവരുടെ മാലിന്യസംസ്‌കരണത്തിനുപരി വന്‍ വ്യവസായ ബുദ്ധി തെളിഞ്ഞു. അവര്‍ മൈദയുടെ പ്രചരണത്തിനായി രാജ്യത്തുടനീളം മൈദകൊണ്ടുണ്ടാക്കുന്ന ഭക്ഷണപദാഥങ്ങള്‍ ഉണ്ടാക്കുന്ന മത്സരങ്ങള്‍ പോലും സംഘടിപ്പിച്ചു. അങ്ങിനെ കേക്ക്, ബ്രഡ്, ബണ്‍, റസ്‌ക്, വെട്ടിയപ്പം, അച്ചപ്പം, നൂഡില്‍സ്, സേമിയ, തുടങ്ങിയ പല രൂപത്തില്‍ മൈദയ്ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിച്ചു.
ഇന്ന് ഏതൊരു ഇന്ത്യക്കാരന്റെയും ഒഴിച്ചുകൂടാനാവാത്ത ഭക്ഷണ പദാര്‍ഥമാണ് മൈദ. മറ്റൊരര്‍ഥത്തില്‍ ഇന്ത്യയുടെ ദേശീയ ഭക്ഷണമെന്ന് നമുക്ക കളിയാക്കി വിളിക്കാം... യൂറോപ്യന്മാര്‍ക്കും അമേരിക്കയ്ക്കും അവരുടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങളുടെ വിപണി തുറന്നു കിട്ടുകയും മാലിന്യത്തിന് വന്‍വില ലഭിക്കുകയും ചെയ്തു.
പൊറോട്ടയെ ദഹിപ്പിക്കുവാനുള്ള കഴിവ് ശരീരത്തിനില്ല. ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നും മൈദയെ പാടെ ഒഴിവാക്കുക. നല്ല ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ നിങ്ങള്‍ മൈദ ഉപേക്ഷിക്കുക.
(കൂടുതല്‍ വിവരങ്ങള്‍ക്കും, കടപ്പാടും: പുതുനഗരം പ്രകൃതി ജീവന സമിതി -9446495058, സന്തോഷ് കുമാര്‍ ടി.ആര്‍. 9995510722, കരുണ, കൂട്ടായ്മ, പകര. താനാളൂര്‍ പി.ഒ., മലപ്പുറം ജില്ല. ഫോണ്‍: 9895492764)
പ്രിയപ്പെട്ടവരേ...
ആദിയില്‍ ഭൂമിയുണ്ടായിരുന്നു... ഏറെ കാലം അത് തരിശായി കിടന്നു... ഒരിക്കല്‍ മഴ പെയ്തു, വിത്തു മുളച്ചു, പൊടുന്നനെ വന്ന വേനലില്‍ അത് വാടിക്കരിഞ്ഞു. പിന്നെ പെയ്ത ചാറ്റലില്‍ മുളച്ച വിത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നു, പതിയെ...